മധുരം വെപ്പ് എന്ന ചടങ്ങിൻ്റെ പശ്ചാലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് മധുരം വെപ്പ്. സന്തോഷ് ഇടുക്കിയാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. കൂടോത്രം എന്ന ചിത്രത്തിൻ്റെ തിരക്കഥ രചിച്ച് ശ്രദ്ധേയനായ സന്തോഷ് ഇടുക്കി സംവിധാനം ചെയ്യുന്ന ഈ ചിത്രം ആക്റ്റേഴ്സ് ഫാക്ടറിയുടെ ബാനറിൽ ലിബിയ സെബാസ്റ്റ്യനാണ് നിർമിക്കുന്നത്.

To advertise here,

ചിത്രത്തിൻ്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമവും ജൂൺ എട്ട് തിങ്കളാഴ്ച്ച പ്രശസ്ത സംവിധായകൻ സിബി മലയിൽ ആദ്യ ഭദ്ര ദീപം തെളിയിച്ചുകൊണ്ട് ആരംഭംകുറിച്ചു. ലിസ്റ്റിൻ സ്‌റ്റീഫൻ ടൈറ്റിൽ ലോഞ്ചും സന്തോഷ് കീഴാറ്റൂർ സ്വിച്ചോൺ കർമവും നിർവഹിച്ചു. അനിൽ മാത്യു ഫസ്റ്റ് ക്ലാപ്പും നൽകി. സംവിധായകൻ എം. പത്മകുമാർ, ഫിലിം ചേംബർ പ്രസിഡൻ്റ് അനിൽ തോമസ്, മേജർ രവി, ബൈജു എഴുപുന്ന, സെവൻ ആർട്ട്സ് മോഹൻ, മെറീനാമൈക്കിൾ, ലതാ ദാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൊച്ചി വൈറ്റിലയിലെ ആർട്ടിക്ക് ഗോൾഡ് ഹോട്ടലിലായിരുന്നു ചടങ്ങ്.

വിവാഹത്തിൻ്റെ തലേന്ന് നടക്കുന്ന ഒരു ആലോഷച്ചടങ്ങിലേക്ക് ബന്ധുമിത്രാദികളുൾപ്പെടെ സമൂഹത്തിൻ്റെ വിവിധ രംഗങ്ങളിൽ നിന്നുള്ള ധാരാളം പേർ എത്തിച്ചേർന്നിരിക്കുന്നു. വരൻ്റെ അറുപിശുക്കനായ അച്ഛൻ്റെ സ്വത്ത് വീതംവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ നടക്കുന്നു. ആ കല്യാണ വീട്ടിലെ ചില നിഗൂഢ സത്യങ്ങൾ തെളിയിക്കുന്നതിനുള്ള കാരണമായി ഈ മധുരം വെപ്പ് ചടങ്ങ് മാറുന്നു. പൂർണ്ണമായും ഹ്യൂമർ ത്രില്ലർ ജോണറിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ബൈജു എഴുപുന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി, ഭീമൻ രഘു , ജോജി ജോൺ, മേജർ രവി, നന്ദു പൊതുവാൾ, ശ്രുതി ജയൻ, മെറീനാ മൈക്കിൾ, ലതാ ദാസ് , ലിബിയാ സെബാസ്റ്റ്യൻ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ആർട്ടിസ്റ്റ് വർക്ക് ഷോപ്പിൽ നിന്നും തെരഞ്ഞെടുത്തഅറുപതോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ഗാനങ്ങൾ -വിനായക് ശശികുമാർ. സംഗീതം -ജയ്സൺ ജോൺ. ഛായാഗ്രഹണം -ജിസ്മിൻ സെബാസ്റ്റ്യൻ. എഡിറ്റിംഗ് -ജ്യോതിഷ് കുമാർ. കലാസംവിധാനം -രാജീവ് കോവിലകം. മേക്കപ്പ് -ജയൻ പൂങ്കുളം. കോസ്റ്റ്യൂം ഡിസൈൻ -കുമാർ എടപ്പാൾ. സ്റ്റിൽസ് -രാജീവ് അഴിയൂർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ചാക്കോ കാഞ്ഞൂപ്പറമ്പിൽ. പ്രൊജക്റ്റ് ഡിസൈൻ -സേതു അടൂർ. പ്രൊഡക്ഷൻ കൺട്രോളർ -എ.ഡി ശ്രീകുമാർ.

ജൂൺ പന്ത്രണ്ടു മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം കൊരട്ടി, അങ്കമാലി ഭാഗങ്ങളിലായി പൂർത്തിയാകും. സഞ്ചോ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. PRO -വാഴൂർ ജോസ്