താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുമായി മാലാ പാർവതി. ശ്വേതാ മേനോനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് അവർ ഉന്നയിച്ചത്. ശ്വേതാ മേനോൻ സംഘടനയിലേക്ക് തിരിച്ചുവരുന്നു എന്ന് കേട്ടപ്പോൾ ജോയ് മാത്യു അടക്കം രാജിവെച്ചിട്ട് പോയെന്ന് അവർ പറഞ്ഞു. ജനറൽ ബോഡിയിൽ കണക്കുകൾ ചോദിച്ചപ്പോൾ ശ്വേത ഇറങ്ങിയോടുകയായിരുന്നു. കണക്കുചോദിക്കുന്നവർ ശരിയല്ലെന്നാണ് ശ്വേത പറയുന്നത്. ഇത് ഒരു പ്രസിഡന്റിന് ചേർന്ന പെരുമാറ്റമല്ല. ധ്യാൻ ശ്രീനിവാസനെപ്പോലെയുള്ള യുവനടന്മാർ 'അമ്മ'യുടെ നേതൃസ്ഥാനത്തേക്ക് വരാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അവർ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

To advertise here,

"കോടതി വിധിയുമായി ഓഫീസിലേക്ക് വന്നാൽ ശ്വേതയെ എതിർക്കില്ല. കഴിഞ്ഞദിവസം വന്ന കോടതിവിധി രമേഷ് പിഷാരടി എംഎൽഎയെ മാത്രം മാറ്റിനിർത്തിക്കൊണ്ടുള്ളതാണ്. രമേഷ് പിഷാരടിക്ക് അഡ്ഹോക് കമ്മിറ്റിയുടെ കൺവീനർ സ്ഥാനത്ത് തുടരാനുള്ള അർഹതയില്ലെന്നാണ് വിധിയിലുള്ളത്. കൺവീനർക്ക് മാത്രമാണ് സ്റ്റേ. അദ്ദേഹം രാജിവെച്ചതോടെ ആ പ്രശ്നം കഴിഞ്ഞെന്നും മാലാ പാർവതി പറഞ്ഞു.

മിനുട്സ് ബുക്കുകളും വീഡിയോകളും ഓഫീസിൽ വെക്കാതെ വീട്ടിൽ കൊണ്ടുപോയി വെച്ചിരിക്കുകയാണെന്നും കാണുന്നില്ലെന്നുമൊക്കെയാണ് ജനറൽ സെക്രട്ടറി പറയുന്നത്. താക്കോൽ കാണുന്നില്ലെന്നും പറയുന്നു. ഇത് കുട്ടിക്കളിയല്ല. മിനുട്സ് ബുക്ക് തിരികെ നൽകാൻ തയ്യാറല്ലെന്നുള്ള ജനറൽ സെക്രട്ടറിയുടെ നിലപാട് ഒരു സംഘടനയുടെ സുതാര്യമായ പ്രവർത്തനത്തിന് തടസ്സമാണ്. ശ്വേതാ മേനോൻ തിരിച്ചുവരുന്നു എന്ന് കേട്ടപ്പോൾ ജോയ് മാത്യു അടക്കം രാജിവെച്ചിട്ട് പോയി. സംഘടനയുടെ പ്രവർത്തനം മുടങ്ങരുത്. എത്രയും പെട്ടന്ന് ചെറുപ്പക്കാരായവർ നേതൃസ്ഥാനത്തേക്ക് വരണം. ധ്യാൻ ശ്രീനിവാസനെപ്പോലുള്ളവർ മത്സരരംഗത്തിറങ്ങണം. അവർ തലപ്പത്തേക്ക് വരണം. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും രക്ഷാധികാരികളായിക്കൊണ്ട് സംഘടനയെ ഏറ്റെടുക്കണം. ധ്യാൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്.

ശ്വേതാ മേനോൻ ഓഫീസിൽ വരരുതെന്നോ, പ്രാഥമികാംഗത്വം രാജിവെയ്ക്കണമെന്നോ ഞങ്ങളാരും പറഞ്ഞിട്ടില്ല. ബിജെപിയിൽനിന്ന് ശ്വേതാ മേനോൻ രണ്ടുകോടി രൂപ വാങ്ങിയെന്ന് ഒരു ആരോപണമായിട്ടാണ് ബാബുരാജ് പറഞ്ഞത്. അത് കേട്ടതും ശ്വേത ഒറ്റയോട്ടമായിരുന്നു. അതെന്തിനാണ്? ഓടുന്നത് കണ്ടിട്ടാണ് എന്താ കാര്യമെന്ന് ഞങ്ങൾ ചോദിക്കുന്നത്. ശരിക്ക് ഞെട്ടിപ്പോയി. പിന്നെ ആരൊക്കെയോ അവരെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. എന്ത് ചോദിച്ചാലും ഇല്ല എന്നുള്ള ഉത്തരമാണ് ലഭിച്ചത്. ജോയ് മാത്യുവിന്റെ ഭാഷയിൽപ്പറഞ്ഞാൽ ഈ പിടിപ്പുകേട്, കഴിവില്ലായ്മ, ഈഗോ, തമ്മിൽക്കുത്ത്, പരസ്പരമുള്ള ചെളി വാരിയെറിയൽ തുടങ്ങിയതൊന്നിനമല്ലല്ലോ അവരെ ഒരു സ്ഥാനത്ത് പിടിച്ചിരുത്തിയത്? നമ്മൾ കണക്കുചോദിക്കുമ്പോൾ ഇവർ ശരിയല്ലെന്നാണ് ശ്വേത പറയുന്നത്. അങ്ങനെയൊന്നുമല്ല ഒരു പ്രസിഡന്റ് പെരുമാറേണ്ടത്." മാലാ പാർവതി പറഞ്ഞു.

അൻസിബ ഹസനെ വർഗീയവാദിയും ജിഹാദിയുമാക്കി ഓടിക്കാനുള്ള ശ്രമമാണ് 'അമ്മ'യിൽ നടന്നതെന്ന് മാലാ പാർവതി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി താഴെവീണതെന്ന് അൻസിബ അവകാശപ്പെട്ടു. ശ്വേതക്കെതിരെ ആരോപണങ്ങളുമായി ഉഷ ഹസീനയും രംഗത്തെത്തി. ഉഷ ഹസീന, അൻസിബ ഹസൻ, മാലാ പാർവതി, മായ വിശ്വനാഥ് എന്നിവർ സംയുക്തമായി കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്. കഴിഞ്ഞദിവസം പുറത്തുവന്ന ശ്വേതയും നടൻ രമേശ് പിഷാരടിയുമായുള്ള ഫോൺ സംഭാഷണത്തിലെ ആരോപണങ്ങൾക്ക് നടിമാർ അക്കമിട്ട് മറുപടി നൽകി.

അദാനി ഗ്രൂപ്പിൽനിന്ന് 'അമ്മ' സംഘടനയ്ക്ക് 15 കോടി സംഭാവനയായി ലഭിക്കുമെന്ന് ബിജെപി നേതാവ് പദ്മജ മേനോൻ ഒരു അഭിമുഖത്തിൽ പറയുന്നതിന്റെ വീഡിയോ വാർത്താസമ്മേളനത്തിൽ മാലാ പാർവതി പ്രദർശിപ്പിച്ചു. ഒരു മൾട്ടി നാഷണൽ കമ്പനിയിൽനിന്നും തങ്ങൾക്ക് 15 കോടി രൂപ വേണ്ടെന്ന് മാലാ പാർവതി വ്യക്തമാക്കി. 'ഒരു മൾട്ടി നാഷണൽ കമ്പനിയിൽനിന്ന് ശ്വേതയുടെ വിശ്വാസ്യതയിൽ 15 കോടി രൂപ കൊണ്ടുവരുമെന്ന് പറയുന്നത് ഒരു രാഷ്ട്രീയ നേതാവാണ്. ഞങ്ങളുടെ അറിവിൽ അവർ അമ്മ അംഗമല്ല. മൾട്ടി നാഷണൽ കമ്പനിയുടെ 15 കോടി രൂപ ആവശ്യമില്ല എന്നതാണ് ഞങ്ങളുടെ പ്രധാന കാര്യം.' വീഡിയോ പ്രദർശിപ്പിച്ച ശേഷം മാലാ പാർവതി പറഞ്ഞു.