മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോൻ. 'അമ്മ' പ്രസിഡന്റ് സ്ഥാനം രാജിവെക്കരുതെന്നും നിലപാടിൽ ഉറച്ചുനിൽക്കണമെന്നും അവർ തന്നോട് പറഞ്ഞതായി ശ്വേത അവകാശപ്പെട്ടു. ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കേണ്ടതെന്നും ഭൂരിപക്ഷം അംഗങ്ങളാണെന്നും അവർ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. സത്യമേവ ജയതേ എന്ന തലവാചകത്തോടെയാണ് പ്രസ്താവന.

To advertise here,

'അമ്മയിലെ ചില തർക്കങ്ങൾ മുതലെടുത്ത് സംഘടനയെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. രാജിവെക്കരുതെന്നും എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും പോരാടണമെന്നും എന്നോട് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും ഈ പോരാട്ടത്തിൽ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ അമ്മ മെമ്പർമാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി', ശ്വേത പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നു.

'ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്. 'അമ്മ'യുടെ ഭൂരിപക്ഷം അംഗങ്ങളാണ് അത് തീരുമാനിക്കേണ്ടത്. ശരിക്കും അമ്മയുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിളക്കിയോ അല്ല', അവർ കൂട്ടിച്ചേർത്തു.

ശ്വേതാമേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെച്ചതിനേത്തുടർന്ന് സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ചുമതല ഏറ്റെടുത്ത അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം തുടരുന്നതിൽ കോടതി താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവർത്തനം തുടരാനും എറണാകുളം മുൻസിഫ് കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. ഇതിനുപിന്നാലെ അഡ്‌ഹോക് കമ്മിറ്റിയിൽനിന്ന് രമേഷ് പിഷാരടി രാജിവെച്ചു.

അഡ്ഹോക് കമ്മിറ്റി നിയമസാധുതയില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി ശ്വേതാമേനോൻ നൽകിയ ഹർജിയാണ് പരിഗണിച്ചത്. മുൻപ് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രാജിവെച്ചപ്പോൾ ഭരണസമിതി തുടരുകയായിരുന്നു. പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തൊട്ടുമുൻപുള്ള കമ്മിറ്റിക്കാണ് ബൈലോപ്രകാരം ചുമതല നിർവഹിക്കാൻ അധികാരമുള്ളതെന്നും ഹർജിയിൽ പറയുന്നു.