തിരുവനന്തപുരം: മുംബൈ നഗരത്തിലേക്കുള്ള തീവണ്ടിയിൽ ഒഴിവാക്കപ്പെട്ട രണ്ടു കുഞ്ഞുങ്ങൾ. ആറും മൂന്നും വയസ്സുള്ള ഒരു ചേട്ടനും അനുജത്തിയും. അവളെ ചേർത്തുപിടിച്ച് അവൻ താണ്ടിയ ഭീതിദമായ ദുരനുഭവത്തിന്റെ കഥയാണ് ‘ഉയിർ’ സിനിമയ്ക്കു ബീജമായത്. ഒരു ദുർമരണത്തിന്റെ പിന്നാലെ സഞ്ചരിക്കുന്ന പോലീസുകാരനും അതിന്റെ അന്വേഷണവുമാണ് പദ്മകുമാർ സംവിധാനം ചെയ്ത ‘ഉയിർ’. മാതൃഭൂമിയിൽ ബിജു പരവത്ത് തയ്യാറാക്കിയ വാർത്താ ഫീച്ചറാണ് ഈ സിനിമയുടെ വഴിയിലേക്കുപോകാൻ പ്രേരണയായതെന്ന് പദ്‌മകുമാർ പറഞ്ഞു.

To advertise here,

സിനിമയുടെ പ്രദർശനത്തിനുശേഷം സംസാരിക്കുകയായിരുന്നു പദ്മകുമാർ. ഈ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനും ഇപ്പോൾ താനൂർ സർക്കിൾ ഇൻസ്‌പെക്ടറുമായ എസ്. അൻഷാദിനൊപ്പമാണ് സിനിമയുടെ അണിയറപ്രവർത്തകർ സംസാരിച്ചത്. ‘ആ കുഞ്ഞുങ്ങൾ എവിടെ?’ എന്നാണ്‌ സിനിമ കണ്ടിറങ്ങിയ ഓരോരുത്തർക്കും ചോദിക്കാനുണ്ടായിരുന്നതെന്ന് ഇവർ പറഞ്ഞു. ‘അവർ നല്ലരീതിയിൽ വളരുന്നു. നല്ല വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. ഞങ്ങളായി ഒന്നും പറയുന്നില്ല. അവർക്കു പറയണമെന്ന് തോന്നുമ്പോൾ അവർതന്നെ എല്ലാം പറയട്ടേ’- ഇതാണ് ഈ ചോദ്യത്തിനായി അൻഷാദ് നൽകിയ മറുപടി.

മാതൃഭൂമിയിലെ ഫീച്ചർ വല്ലാത്തൊരു വികാരമാണ് ഉണ്ടാക്കിയതെന്ന് സംവിധായകൻ പദ്‌മകുമാർ പറഞ്ഞു. അതിന്റെ എല്ലാ വൈകാരികതയും നിലനിർത്തി നിഖിൽ കെ. മേനോന് തിരക്കഥയുണ്ടാക്കാനായി. അനുഭവത്തിനോടു നീതിപുലർത്തിയുള്ള സിനിമയാണ് ചെയ്തതെന്നും പദ്‌മകുമാർ പറഞ്ഞു.
 

കുട്ടികളുടെ പിന്നാലെ പോകണമെന്നുള്ള തീരുമാനം ദൃഢനിശ്ചയം മൂലമുണ്ടായതാണ്. തനിക്കും ആ പ്രായത്തിലുള്ള കുട്ടി അപ്പോൾ ഉണ്ടായിരുന്നതിനാൽ വെറുതേയിരിക്കാൻ കഴിഞ്ഞില്ലെന്ന് എസ്. അൻഷാദ് പറയുന്നു. കേസിന്റെ അന്വേഷണത്തിന് എല്ലാവിധ പിന്തുണയും നൽകിയത് മേലുദ്യോഗസ്ഥരായിരുന്നു. ട്രെയിനിങ്ങിലായതിനാൽ സമയവും ലഭിച്ചിരുന്നു. കഠിനപ്രയത്‌നത്തിനു ഫലമെന്നോണം കുട്ടികളെ കണ്ടെത്താനും കഴിഞ്ഞു.

ആ കുട്ടികളെക്കുറിച്ചുള്ള ഫീച്ചർ തയ്യാറാക്കുന്നതിലേക്കു നയിച്ച കാര്യങ്ങൾ സിനിമയുടെ അണിയറപ്രവർത്തകരുടെ ആവശ്യപ്രകാരം ബിജു പരവത്ത് വിവരിച്ചു. ഉള്ളുലയ്ക്കുന്ന ജീവിതകഥ വാർത്തയ്ക്കും സിനിമയ്ക്കും അപ്പുറം ബാക്കിയാണെന്ന് ആ വാക്കുകളിലും നിഴലിച്ചുനിന്നു. നിർമാതാവ് സന്തോഷ് ത്രിവിക്രമൻ, നടൻ ഹരീഷ് എന്നിവരും മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു.