ബോളിവുഡ് അരങ്ങേറ്റവാര്‍ത്തകള്‍ സ്ഥിരീകരിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം നിര്‍മിക്കുക ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് ഹന്‍സല്‍ മേത്തയായിരിക്കും. എ.ആര്‍. റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കും.

To advertise here,

ലിജോയും കരണ്‍ വ്യാസും ചേര്‍ന്നായിരിക്കും രചന. നിര്‍മാണത്തില്‍ ലിജോയും പങ്കാളിയായിരിക്കുമെന്നാണ് വിവരം. മേത്തയുടെ ട്രൂസ്റ്റോറി ഫിലിംസും ലിജോയുടെ ആമേന്‍ മൂവി മൊണാസ്ട്രിയുടേയും ബാനറിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാസ്റ്റിങ് നടന്നുവരികയാണ്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയുടെ മകന്‍ വീര്‍ ഹിരാനിയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി ലിജോ ജോസ് പെല്ലിശ്ശേരിയും എ.ആര്‍. റഹ്‌മാനും ഒന്നിക്കുന്നുവെന്ന് വാര്‍ത്തപുറത്തുവന്നിരുന്നു. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴാണ് ഉണ്ടാവുന്നത്.

വാര്‍ത്ത പങ്കുവെച്ച ലിജോ അത് ഔദ്യോഗികമാണെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തങ്ങളുടെ ആദ്യ റൊമാന്റിക് ഡ്രാമ ചിത്രമാണ് ഇതെന്ന് ഹന്‍സല്‍ മേത്തയും അറിയിച്ചു. 'നായകനി'ലൂടെ സംവിധായകനായ ലിജോ, ‘സിറ്റി ഓഫ് ഗോഡ്’, ‘ആമേന്‍’, ‘ഡബിള്‍ ബാരല്‍’, ‘അങ്കമാലി ഡയറീസ്', ഈ.മ.യൗ, ‘ജല്ലിക്കെട്ട്’, ‘ചുരുളി’, ‘നന്‍പകല്‍ നേരത്ത് മയക്കം’, 'മലൈക്കോട്ടെ വാലിബന്‍’ എന്നീ മലയാള ചിത്രങ്ങള്‍ക്ക് ശേഷമാണ് ബോളിവുഡിലേക്ക് ചേക്കേറുന്നത്.