ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മുക്തരായിട്ടില്ല ആരാധകരും സിനിമാ ലോകവും. കഴിഞ്ഞ കുറേ നാളുകളായി താരം വിഷാദത്തിന് അടിമയായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

To advertise here,

ഇതിന് പിന്നാലെ സംവിധായകന്‍ ആഷിക്ക് അബു പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.  മധു.സി.നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ സൗബിന്‍ ഷാഹിറിന്റെ ഒരു രംഗമാണ് ആഷിഖ് പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിച്ച സജി എന്ന കഥാപാത്രം സുഹൃത്തിന്റെ അപ്രതീക്ഷിത മരണത്തോടെ മനസ് കൈവിട്ട് പോകുന്ന വേളയില്‍ ഡോക്ടറെ കാണണമെന്ന് സഹോദരനോട് ആവശ്യപ്പെടുന്നുണ്ട്. ഡോക്ടറുടെ അടുത്തെത്തിയ സജി തന്റെ ഉള്ളിലുള്ള സങ്കടങ്ങളെല്ലാം കരഞ്ഞു തീര്‍ക്കുന്നുണ്ട്. ഡോക്ടര്‍ അവനെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുന്നുമുണ്ട്. ഈ മീം ആണ് ആഷിഖ് പങ്കുവച്ചിരിക്കുന്നത്.

'സജിയെപ്പോലെ ആകൂ (BE LIKE SAJI ) എന്ന ക്യാപ്ഷനോടെ പങ്കുവച്ചിരിക്കുന്ന ഈ മീം ഏറെ പ്രസക്തമായി വരികയാണ്. വിഷാദ രോഗം പിടിപെടുന്നതോടെ എല്ലാം അവസാനിച്ചുവെന്ന് കരുതുന്നത് തെറ്റാണ്. സജി വിഷാദ രോഗിയായിരുന്നു. എന്നാല്‍ തിരിച്ചു വരാന്‍ അവന്‍ ആഗ്രഹിച്ചു.അതിന് സഹായം തേടി. അവന്‍ ജീവിതത്തിലേക്ക് തിരികെയെത്തി. ഈ മനോഭാവമാണ് അഭിനന്ദിക്കപ്പെടേണ്ടത്. വിഷാദരോഗിയാണെന്നു തിരിച്ചറിഞ്ഞാല്‍ മറ്റുള്ളവര്‍ എന്തു കരുതുമെന്നു പോലും ചിന്തിക്കാതെ സഹായം തേടിയെ സജിയെപ്പോലെ ആകൂ എന്ന ഓര്‍മപ്പെടുത്തലാണ് ഈ കുറിപ്പ് നല്‍കുന്നത്.

Content Highlights : Kumbalangi Nights Soubin shahir character, Be like saji Meme, Depression, Sushanth sing Rajput