സഹസംവിധായികയായും അഭിനേതാവായും മലയാള സിനിമയിൽ ഏറെ നാളായി പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ് അംബികാ റാവു. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ബേബി മോളുടെ അമ്മയായി മലയാളികൾക്ക് ഈ മുഖം സുപരിചിതവുമാണ്. വർഷങ്ങളായി സിനിമയുടെ അണിയറയിലും അരങ്ങത്തും പ്രവർത്തിച്ചു വരുന്ന അംബിക ഇന്ന് തന്റെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ്. ദീർഘനാളായി വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അംബികയ്ക്ക് ആഴ്ച്ചയിൽ രണ്ടു തവണ ഡയാലിസിസിന് വിധേയയാകേണ്ടതുണ്ട്. എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരൻ അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടർചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് അംബിക.

To advertise here,

"രണ്ട് രണ്ടര വർഷത്തോളമായി അസുഖം തുടങ്ങിയിട്ട്. എട്ട് മാസത്തോളമായി ഡയാലിസിസ് ചെയ്യേണ്ടി വരുന്നു. ആകെ സഹായത്തിനുണ്ടായിരുന്നത് സഹോദരൻ അജിയാണ്. കഴിഞ്ഞ പത്ത് ദിവസമായി അജി ഐസിയുവിലാണ്. സ്ട്രോക്ക് വന്നതാണ്. വളരെ അധികം ബുദ്ധിമുട്ടിലാണ്. എനിക്കിനി ഏറെ നാൾ ഡയാലിസിസുമായി ചികിത്സ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. അജിക്കും ചികിത്സ തുടരണം. ഫെഫ്കയും സിനിമാ രം​ഗത്തു നിന്നുള്ളവരും പലരും സഹായങ്ങൾ ചെയ്തു തന്നിരുന്നു. ആ സഹായങ്ങൾ കൊണ്ട് തന്നെയാണ് മുന്നോട്ട്  പോയിരുന്നതും. പക്ഷേ അതിനും പരിമിതികളില്ലേ "- അംബിക പറയുന്നു.

കലാരം​ഗത്ത് തന്നെയുള്ള വ്യക്തിയാണ് അംബികയുടെ സഹോദരൻ അജി. തൃശ്ശൂരുകാർ അജി മാഷ് എന്ന് വിളിക്കുന്ന അജിത്ത് പ്രസാ​ദ്.  ഏതാണ്ട് പത്ത് പതിനഞ്ച് വർഷത്തോളമായി ​ഗാനമേളകളിൽ തബല , മൃദംഗം ആർട്ടിസ്റ്റായി പ്രവർത്തിച്ചു വരികയായിരുന്നു.

സൗഹൃദങ്ങളുടെയും ബന്ധുക്കളുടെയും പിന്തുണയിലാണ് ഇപ്പോൾ അംബികയുടെ മുന്നോട്ടുളള ജീവിതം പോകുന്നത്. തൃശൂർ നിന്നുള്ള സൗഹൃദ കൂട്ടായ്മയാണ് അംബികയുടെയും സഹോദരന്റെയും ചികിത്സയ്ക്ക് എല്ലാ സഹായവുമായി മുന്നിൽ തന്നെയുളളത്. സംവിധായകരായ ലാൽജോസ്, അനൂപ് കണ്ണൻ, നടന്മാരായ സാദിഖ്, ഇർഷാദ് എന്നിവരും ഈ കൂട്ടായ്മയിൽ ഉൾപ്പെടുന്നുണ്ട്.

Ambika Rao, SB A/c 10626756268
Poonkunnam Branch Trissur
IFSC -code SBIN0016080

Content Highlights :Actress Director Aambika Rao seeks Financial help for her dialysis Kumbalangi Nights Fame Ambika Rao