മുന്‍ഭാര്യ റിത ഭട്ടാചാര്യക്കെതിരെ നിയമപരമായി നീങ്ങാനൊരുങ്ങി ബോളിവുഡ് ഗായകന്‍ കുമാര്‍ സാനു. ഗര്‍ഭിണിയായിരുന്നപ്പോള്‍ കുമാര്‍ സാനുവും കുടുംബവും തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നവെന്നാണ് കഴിഞ്ഞദിവസം റിത ഫിലിം വിന്‍ഡോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചത്. ആഷിഖി എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്നതിന് ശേഷം കുമാര്‍സാനുവിന് തന്നോടുള്ള സമീപനം പൂര്‍ണമായി മാറിയെന്നും റിത പറഞ്ഞിരുന്നു.

To advertise here,

അറുപത്തിയേഴ് വയസ്സുള്ള കുമാര്‍ സാനു തന്റെ അഭിഭാഷക സന റയീസ് ഖാന്‍ മുഖാന്തരമാണ് റിതയ്ക്ക് നോട്ടീസ് അയച്ചത്. ' നാല്‍പത് വര്‍ഷത്തോളമായി കുമാര്‍ സാനു സംഗീതത്തിന് വേണ്ടി തന്റെ ആത്മാവ് സമര്‍പ്പിച്ചിട്ട്. അദ്ദേഹത്തിന്റെ സംഗീതം ലക്ഷക്കണക്കിന് ആളുകളുടെ സ്‌നേഹവും ആദരവും സമ്പാദിച്ചു. ചില കളവുകള്‍ ഇപ്പോള്‍ ശബ്ദമുണ്ടാക്കിയേക്കാം, എന്നാല്‍, ജീവിതകാലം മുഴുവന്‍ സംഗീതത്തിന് വേണ്ടി സമര്‍പ്പിച്ച കലാകാരന്റെ പാരമ്പര്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ല.' അഭിഭാഷക പ്രസ്താവിച്ചു.

സാനുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള ശ്രമങ്ങള്‍ നിയമത്തിന്റെ സഹായത്തോടെ ചെറുക്കും. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പാരമ്പര്യം, അന്തസ്സ്, പൈതൃകം സംരക്ഷിക്കുമെന്നും അഭിഭാഷക കൂട്ടിച്ചേര്‍ത്തു.

ബോളീവുഡിലെ മികച്ച ഗായകരിലൊരാളാവുന്നതിന് മുന്‍പ്, 1980-ലാണ് കുമാര്‍ സാനു റിതയെ വിവാഹം കഴിക്കുന്നത്. 1994-ല്‍ വിവാഹമോചനം നേടുകയും ചെയ്തു. ആ സമയത്ത് നടി കുനീക്ക സദാനന്ദുമായി സാനു അടുപ്പത്തിലായിരുന്നു. പിന്നീട് 2001-ല്‍ സലോണി ഭട്ടാചാര്യയെ വിവാഹം കഴിച്ചു.