കോഴിക്കോട്: ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് അപ്സര തിയേറ്ററിൽ വീണ്ടും തിരശ്ശീല ഉയരുന്നു. 52 വർഷക്കാലം മലബാറിലെ സിനിമാ ആസ്വാദകർക്കിടയിൽ പ്രഥമ സ്ഥാനം ഉണ്ടായിരുന്ന അപ്സര തിയേറ്ററിന് കഴിഞ്ഞ വർഷം മെയിലാണ് പൂട്ടുവീണത്. 1000ത്തിലധികം പ്രേക്ഷകർക്ക് ഒരേ സമയം സിനിമ ആസ്വദിക്കാൻ കഴിയുമായിരുന്ന കേരളത്തിലെ അപൂർവം തീയേറ്ററുകളിൽ ഒന്നായിരുന്ന അപ്സര അടച്ചുപൂട്ടിയത് കോഴിക്കോട്ടെ ചലച്ചിത്ര പ്രേമികളേയും നിരാശരാക്കിയിരുന്നു. 

To advertise here,

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ഏറ്റെടുത്തതോടെയാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേത്ത് അപ്സര തിയേറ്റർ തിരിച്ചുവരുന്നത്. മാജിക് ഫ്രെയിംസ് അപ്സര എന്ന പേരിൽ ശബ്ദ സംവിധാനങ്ങളിൽ ഉൾപ്പടെ പുതുമയുമായാണ് അപ്സരയുടെ തിരിച്ചുവരവ്. 1000 പേർക്ക് ഇരിക്കാവുന്ന തിയേറ്റർ എന്ന പ്രത്യേക നിലനിർത്തിക്കൊണ് തീയേറ്റർ മുഖം മിനുക്കി തിരിച്ചുവരുന്നത്.

മാജിക് ഫ്രെയിംസുമായി ദീർഘകാല കരാറാണ് ഉള്ളതെന്നും അറ്റകുറ്റപ്പണികളും മറ്റ് നടപടി ക്രമങ്ങളും പൂർത്തിയാക്കി ഏപ്രിൽ-മെയ് മാസം മാജിക് ഫ്രെയിംസ് അപ്സരയിൽ സിനിമാ പ്രദർശനം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിയേറ്റർ അധികൃതർ പറഞ്ഞു.  മമ്മൂട്ടി ചിത്രം ടർബോ, ലിസ്റ്റിൻ സ്റ്റീഫൻ ചിത്രമായ മലയാളി ഫ്രം അമേരിക്ക തുടങ്ങിയ ചിത്രങ്ങൾ മാജിക് ഫ്രെയിംസ് അപ്സരയിലൂടെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.