ന്ത്യയിലെ സിനിമാ തിയേറ്ററുകളെ പുകഴ്ത്തി യുക്രൈനിയൻ യുവതി. കണ്ടന്റ് ക്രിയേറ്ററായ സാന്ദ്രയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇന്ത്യയിലെ തിയേറ്ററുകൾ അക്ഷരാർഥത്തിൽ തന്നെ അതിശയിപ്പിച്ചുവെന്ന് സാന്ദ്ര പറയുന്നു. പല ഘടകങ്ങളും പരിശോധിക്കുമ്പോൾ യൂറോപ്പിലെ തിയേറ്ററുകൾ ഇന്ത്യയിലേതിനേക്കാൾ ബഹുദൂരം പിന്നിലാണെന്നും സാന്ദ്ര കൂട്ടിച്ചേർത്തു. സാന്ദ്രയുടെ പോസ്റ്റും റീലും സോഷ്യൽ മീഡിയയിൽ വൈറലായി.

To advertise here,

ഇന്ത്യൻ തിയേറ്ററുകളിലെ ഭക്ഷണസേവനമാണ് തന്നെ ഏറെ ആകർഷിച്ചതെന്ന് സാന്ദ്ര പറയുന്നു. സീറ്റിലിരുന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയുമെന്ന് മാത്രമല്ല, ഓർഡർ ചെയ്ത ഭക്ഷണം സീറ്റിൽ എത്തിച്ച് തരുമെന്നത് തന്നെ അതിശയിപ്പിച്ചു. യൂറോപ്പിലെ തിയേറ്ററുകളിൽ പോപ്പ്‌കോണും ചിപ്‌സും കോളയും മാത്രമേ ലഭിക്കൂ. എന്നാൽ ഇന്ത്യയിലെ തിയേറ്ററികളിൽ റെസ്റ്ററന്റുകൾക്ക് സമാനമായ മെനുവാണുള്ളത്. അടിസ്ഥാനസൗകര്യങ്ങളുടേയും ആതിഥേയത്വത്തിന്റേയും കാര്യം പറയേണ്ടതില്ല എന്നും സാന്ദ്ര പറയുന്നു.

വിമാനത്താവളങ്ങളിലേതിന് സമാനമായ സുരക്ഷാപരിശോധനയാണ് ഇന്ത്യൻ തിയേറ്ററുകളിൽ സാന്ദ്ര കണ്ട മറ്റൊരു പ്രത്യേകത. ബാഗുകളും ദേഹവുമെല്ലാം മെറ്റൽ ഡിറ്റക്ടർ കൊണ്ട് പരിശോധിക്കും. യൂറോപ്പിൽ ഇതുപോലുള്ള പരിശോധനയൊന്നുമില്ല. ആ നാട് സുരക്ഷിതമായതിനാലാകാം. എന്നാലും വ്യത്യാസം വലുതാണെന്നും സാന്ദ്ര പറയുന്നു.

സിനിമയ്ക്കിടയിലെ ഇടവേളയാണ് അടുത്തത്. ഇന്ത്യയിൽ ഓരോ സിനിമയുടേയും നടുവിൽ 15 മിനിറ്റ് സമയം ബ്രേക്ക് ലഭിക്കുന്നതും സാന്ദ്രയെ ആകർഷിച്ച കാര്യമാണ്. ഇന്ത്യയിൽ ഹോളിവുഡ് സിനിമകൾക്ക് യഥാർഥ ഇംഗ്ലീഷ് ഓഡിയോയും ഇംഗ്ലീഷ് സബ്‌ടൈറ്റിലുമാണെങ്കിൽ പോളണ്ടിൽ ഇംഗ്ലീഷ് ഓഡിയോയ്‌ക്കൊപ്പം പോളിഷ് സബ്‌ടൈറ്റിലാണുണ്ടാകുക. യുക്രൈനിലാകട്ടെ സബ്‌ടൈറ്റിൽ ഉണ്ടാകില്ല. പകരം പ്രാദേശികഭാഷയിലേക്ക് ഡബ്ബ് ചെയ്ത ഓഡിയോയാണ് ഉണ്ടാകുകയെന്നും സാന്ദ്ര പറുന്നു.

നിരവധി പേരാണ് സാന്ദ്രയുടെ പോസ്റ്റിൽ കമന്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിന്റെ അൽഗരിതം ഈ റീലിന് റീച്ച് കൊടുക്കില്ല എന്നാണ് ഒരാൾ കുറിച്ചത്. സിനിമയ്ക്കിടയിലെ ഇടവേള അപ്രതീക്ഷിതമായി കണ്ടപ്പോൾ താനും അത്ഭുതപ്പെട്ടുവെന്ന് വിദേശിയായ ഒരാൾ പറഞ്ഞു. സീറ്റിലേക്കുള്ള ഭക്ഷണവിതരണം ശല്യമാണെന്നായിരുന്നു ഇനിയൊരാളുടെ അഭിപ്രായം. അത് സിനിമയുടെ ആസ്വാദനത്തെ ബാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.