
കൊട്ടാരക്കര :മണികണ്ഠനാൽത്തറയിൽ മൂന്നുവിളക്കിനുസമീപം സ്ഥാപിച്ചു വിവാദത്തിലായ കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതിമ നീക്കം ചെയ്യാൻ ഹൈക്കോടതി ദേവസ്വം െബഞ്ച് ഉത്തരവിട്ടു. പ്രതിമ സ്ഥാപിക്കുന്നതിൽനിന്നു പിന്മാറുന്നതായി നഗരസഭയും കോടതിയെ അറിയിച്ചിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡും ഹിന്ദു ഐക്യവേദിയും നൽകിയ ഹർജിയിലാണ് നടപടി. മണികണ്ഠനാൽത്തറയും പരിസരവും ദേവസ്വം ഭൂമിയാണെന്നും അനുമതിയില്ലാതെ സ്ഥാപിച്ച പ്രതിമ നീക്കം ചെയ്യണമെന്നുമായിരുന്നു ദേവസ്വം ബോർഡിന്റെ ആവശ്യം. കേസിൽ ഹിന്ദു ഐക്യവേദിയും കക്ഷി ചേരുകയായിരുന്നു.
ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് ഇപ്പോൾ തീർപ്പു കല്പിക്കുന്നില്ലെന്നും പൊതു ഇടങ്ങളിലും വഴിയരികിലും പ്രതിമകൾ സ്ഥാപിക്കരുതെന്ന മുൻ ഉത്തരവുകൾക്കു വിരുദ്ധമാണ് നഗരസഭയുടെ നടപടിയെന്നും കോടതി ചൂണ്ടിക്കാട്ടി.
ചലച്ചിത്രനടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ സ്മാരകമായാണ് നഗരസഭ പ്രതിമ നിർമിച്ചത്. കൂടിയാലോചനകളില്ലാതെ ഒരുരാത്രിയിൽ മണികണ്ഠനാൽത്തറയിൽ മൂന്നുവിളക്കിനു സമീപം പ്രതിമ സ്ഥാപിക്കുകയായിരുന്നു. ഹിന്ദു ഐക്യവേദിയും ദേവസ്വം ബോർഡും പ്രതിഷേധമുയർത്തിയതോടെ പ്രതിമയുടെ അനാവരണം നടന്നില്ല.
ആറുമാസത്തിലധികമായി മൂടിപ്പൊതിഞ്ഞു വെച്ചിരിക്കുന്ന പ്രതിമ മറ്റെവിടെയെങ്കിലും മാറ്റിസ്ഥാപിക്കണമെന്ന ആവശ്യത്തിന് നഗരസഭ ചെവികൊടുത്തതുമില്ല.
ഹൈക്കോടതി വിധി നഗരസഭയ്ക്ക് വലിയ തിരിച്ചടിയായി. കൊട്ടാരക്കരത്തമ്പുരാന്റെ പ്രതിമ നിർമിക്കാനുള്ള നീക്കവും വിവാദത്തിലായതോടെ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
Content Highlights: Kottarakkara Sreedharan Nair statue, Manikandan Aalthara devaswam, Kottarakkara actor, sculpture
Published: 08 Jun 2023, 06:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented