ഇന്ത്യയിലെ ആനിമേഷൻ-വിഎഫ്എക്‌സ്-ഗെയിമിങ് മേഖലയ്ക്ക് അന്താരാഷ്ട്ര വേദി ഒരുക്കുന്ന അനിമേള (AniMela) ഫെസ്റ്റിവലിന്റെ സൗത്ത് ഏഷ്യൻ മത്സരവിഭാഗത്തിലേക്ക് രാഹുൽ റിജി നായർ സംവിധാനം ചെയ്ത മലയാളം ആനിമേറ്റഡ് ഹ്രസ്വചിത്രമായ കിങ്കര കാവ്യം തിരഞ്ഞെടുക്കപ്പെട്ടു.സൗത്ത് ഏഷ്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എട്ട് ചിത്രങ്ങളിൽ ഒന്നാണ് കിങ്കരകാവ്യം.

To advertise here,

ആനിമേഷൻ, വിഎഫ്എക്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എവിജിസി-എക്‌സ്ആർ (AVGC-XR) മേഖലകളെ ഒരുമിപ്പിക്കുന്ന അന്താരാഷ്ട്ര വേദിയാണ് അനിമേള. പുതിയ സാങ്കേതികവിദ്യകളും സൃഷ്ടിപരമായ പരീക്ഷണങ്ങളും അവതരിപ്പിക്കുന്നതിനൊപ്പം വ്യവസായ ചർച്ചകൾക്കും ആഗോള നെറ്റ്‍വർക്കിങ്ങിനും വേദിയാണ് അനിമേള.

കോവിഡ് ലോക്ക്ഡൗൺ കാലഘട്ടത്തിലാണ് ആനിമേഷൻ സിനിമ നിർമ്മിക്കണമെന്ന് തോന്നിയതെന്ന് രാഹുൽ റിജി നായർ പറയുന്നു. എന്നാൽ ലൈവ്-ആക്ഷൻ സിനിമകളേക്കാൾ കൂടുതൽ സാമ്പത്തികവും സാങ്കേതികവുമായ വിഭവങ്ങൾ ആവശ്യമായ മേഖലയാണ് അനിമേഷൻ എന്ന് പെട്ടെന്ന് മനസ്സിലായി. രണ്ട് വർഷത്തിലേറെ നീണ്ട തയ്യാറെടുപ്പിനുശേഷമാണ് കൈ കൊണ്ട് വരച്ച ചിത്രങ്ങൾ ഉപയോഗിച്ച് 2ഡി ആനിമേഷൻ രീതിയിൽ നിർമ്മാണം ആരംഭിച്ചത്. പിന്നീട് പല കാരണങ്ങൾ കൊണ്ട് ചിത്രം പൂർത്തിയാകാൻ വീണ്ടും ഏകദേശം രണ്ടുവർഷം വേണ്ടിവന്നുവെന്ന് രാഹുൽ പറഞ്ഞു.

കാർമണ്ട് ഇൻഫിനിറ്റി പ്രൊഡക്ഷൻ ഹൗസാണ് കിങ്കര കാവ്യത്തിന്റെ പൈപ്പ്ലൈൻ മാനേജ്മെന്റ് ചെയ്തിരിക്കുന്നത്.

17-ാം നൂറ്റാണ്ടിലെ കൊച്ചിയുടെ ചരിത്ര പശ്ചാത്തലമാണ് കിങ്കരകാവ്യത്തിന്റെ അടിത്തറ. കേരളത്തിൽ നിലനിന്നിരുന്ന അടിമവ്യാപാരത്തിന്റെ ചരിത്രവും, ജാതി-വർഗ അസമത്വങ്ങളും സിനിമ പരിശോധിക്കുന്നു. ആഫ്രിക്കൻ അടിമയായ കാപ്പിരിയും സ്വദേശിനിയായ കുഞ്ഞാലയും തമ്മിലുള്ള സ്‌നേഹബന്ധമാണ് കഥയുടെ ഹൃദയം. സാമൂഹിക അടിച്ചമർത്തലുകൾക്കിടയിൽ വളരുന്ന അവരുടെ ബന്ധം സ്‌നേഹത്തിന്റെ പരിശുദ്ധിയുടെയും നിഷ്‌കളങ്കതയുടെയും അടയാളമായി മാറുന്നു.

കഥ പിന്നീട് ഇന്നത്തെ കൊച്ചിയിലേക്കുള്ള പരകായപ്രവേശം നടത്തുന്നു. പുനർജന്മത്തിന്റെ സൂചനകളോടെ കഥാപാത്രങ്ങൾ വീണ്ടും കണ്ടുമുട്ടുന്നു. ഈ ഘടകം സ്‌നേഹവും വിധിയും പ്രവചനങ്ങൾക്കതീതമായ ശക്തികളാണെന്ന ആശയം മുന്നോട്ടുവയ്ക്കുന്നു. മാജിക്കൽ റിയലിസം ശൈലിയാണ് സിനിമയുടെ ദൃശ്യഭാഷയുടെ സ്വഭാവം.

കാലഘട്ടത്തിന്റെ വസ്ത്രധാരണം, ജീവിതരീതികൾ, സാമൂഹിക പശ്ചാത്തലം എന്നിവ യാഥാർത്ഥ്യത്തോടെ അവതരിപ്പിക്കാൻ പ്രത്യേക ഗവേഷണം നടത്തിയതായി സംവിധായകൻ പറയുന്നു. കേരള മ്യൂറൽ ചിത്രകലയിൽ നിന്നുള്ള ദൃശ്യപ്രചോദനങ്ങൾ ഉൾപ്പെടുത്തി ഓരോ ഫ്രെയിമും ചരിത്രവും സ്വപ്നാത്മക ദൃശ്യസങ്കൽപ്പവും ചേർന്ന രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

സൗത്ത് ഇന്ത്യൻ അനിമേഷൻ ചിത്രങ്ങൾക്ക് അന്താരാഷ്ട്ര വേദികളിൽ ശ്രദ്ധ ലഭിക്കുന്ന സാഹചര്യത്തിൽ, കിങ്കര കാവ്യത്തിന് ലഭിച്ച ഈ അംഗീകാരം മലയാള ആനിമേഷൻ സിനിമയ്ക്ക് കൂടുതൽ ദൃശ്യപരവും ആഗോളവുമായ സാധ്യതകൾ തുറന്ന് കൊടുക്കുകയാണ്. ഭാവിയിൽ പൂർണ്ണദൈർഘ്യമുള്ള ആനിമേഷൻ സിനിമ നിർമ്മിക്കാനുള്ള പദ്ധതികളും തനിക്കുണ്ടെന്ന് രാഹുൽ റിജി നായർ പറഞ്ഞു.