തമിഴ് നടൻ രവി മോഹനും ഭാര്യയായിരുന്ന ആരതി രവിയും തമ്മിലുള്ള കുടുംബ തർക്കമാണ് തമിഴ്സിനിമാലോകത്തെ വലിയ ചർച്ച. ഇപ്പോൾ ആരതിക്ക് പരസ്യ പിന്തുണയുമായി നടി ഖുശ്ബു സുന്ദർ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ കുടുംബപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ രവി മോഹൻ ഒരു നടിയെ ഇഡ്ഡലി നടിയെന്ന് വിശേഷിപ്പിച്ചിരുന്നു. ഇത് ഖുശ്ബുവാണെന്ന് വ്യാപകമായ വിലയിരുത്തലുണ്ടായി. ഇതിനിടയിലാണ് ഖുശ്ബുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വന്നത്.

To advertise here,

ആരതിയേയും മക്കളെയും തന്റെ കുടുംബമെന്നാണ് ഖുശ്ബു വിശേഷിപ്പിച്ചത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരതിക്കും മക്കൾക്കുമൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഖുശ്ബു തന്റെ നിലപാട് വ്യക്തമാക്കിയത്. "എന്റെ കുടുംബം" എന്ന ഹാഷ്‌ടാഗോടു കൂടി പങ്കുവെച്ച ചിത്രത്തിൽ ഖുശ്ബുവിന്റെ മക്കളായ അവന്തിക, ആനന്ദിത എന്നിവർക്കൊപ്പം ആരതിയും ഉണ്ടായിരുന്നു. ആരതിയുടെ അമ്മയും നിർമാതാവുമായ സുജാത വിജയകുമാർ, രവി-ആരതി ദമ്പതികളുടെ മക്കളായ ആരവ്, അയാൻ എന്നിവരും ഈ ചിത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

തന്റെ മക്കളുടെ സുരക്ഷയെയും അന്തസ്സിനെയും കുറിച്ച് ആരതി പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം കുറിപ്പിന് താഴെ ഖുശ്ബു നൽകിയ കമന്റ് ശ്രദ്ധേയമായിരുന്നു. "ഒരു അമ്മയോട് ഒരിക്കലും കളിക്കരുത്. നീ നിന്റെ കുഞ്ഞുങ്ങളോടൊപ്പമുള്ള ഒരു പെൺസിംഹമാണ്. എന്റെ മോളെ, നിനക്ക് കൂടുതൽ കരുത്ത് ലഭിക്കട്ടെ," എന്നാണ് ഖുശ്ബു മുൻപ് കുറിച്ചത്. എന്നാൽ ഖുശ്ബുവിന്റെ ഈ പരസ്യമായ പിന്തുണ രവിയുടെ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ആരെയെങ്കിലും മനഃപൂർവം പ്രകോപിപ്പിക്കാനാണ് ഖുശ്ബു ഇത്തരം ചിത്രങ്ങൾ പങ്കുവെക്കുന്നതെന്നാണ് അവരുടെ ആരോപണം.

വിവാഹമോചനം നേടുന്നത് വരെ താൻ സിനിമകളിൽ അഭിനയിക്കില്ലെന്നാണ് അടുത്തിടെ ചെന്നൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രവി പ്രഖ്യാപിച്ചത്. കുട്ടികളെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നും താൻ പീഡനങ്ങൾ നേരിടുന്നുണ്ടെന്നും രവി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

2009-ൽ വിവാഹിതരായ രവിയും ആരതിയും 2024-ലാണ് തങ്ങൾ വേർപിരിയുന്ന വിവരം അറിയിച്ചത്. പിന്നീട് ഗായികയായ കെനിഷ ഫ്രാൻസിസുമായുള്ള രവിയുടെ ബന്ധം വലിയ ചർച്ചയാവുകയും ചെയ്തു. അടുത്തിടെ കെനിഷയും രവി മോഹനും വേർപിരിഞ്ഞു. ഇതിനുപിന്നാലെയാണ് രവി മോഹൻ വൈകാരികമായ പത്രസമ്മേളനം നടത്തിയത്.