പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ നടനാണ് ഹരീഷ് റായ്. യഷ് അവതരിപ്പിക്കുന്ന റോക്കിയുടെ വിശ്വസ്തനായ കാസിം എന്ന കഥാപാത്രത്തെയാണ് ഹരീഷ് അവതരിപ്പിച്ചത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു.

To advertise here,

താന്‍ തൊണ്ടയിലെ അര്‍ബുദത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹരീഷിപ്പോള്‍. ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞത്. അര്‍ബുദം നാലാം ഘട്ടത്തിലാണെന്നും തന്റെ അവസ്ഥ മോശമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെജിഎഫില്‍ താടിവച്ചത് പോലും രോഗത്തെ മറക്കാനായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. 

വിധിയെ തടുക്കാന്‍ സാധിക്കുകയില്ല. മൂന്ന് വര്‍ഷമായി അര്‍ബുദത്തോട് പോരാടുകയാണ്. കെ.ജി.എഫില്‍ അഭിനയിക്കുമ്പോള്‍ നീളമുള്ള താടി വച്ചത് പോലും എന്റെ കഴുത്തിലെ മുഴ മറക്കാനായിരുന്നു.  പണമില്ലാത്തതിനാല്‍ ശസ്ത്രക്രിയ മാറ്റി വയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. കെ.ജി.എഫ് റിലീസ് ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ അര്‍ബുദം നാലാം ഘട്ടത്തിലാണ്. സ്ഥിതി വഷളായികൊണ്ടിരിക്കുന്നു. 

ചികിത്സയ്ക്കുള്ള സഹായം അഭ്യര്‍ഥിച്ച് താന്‍ ഒരു വീഡിയോ റെക്കോഡ് ചെയ്തിരുന്നു. ആരാധകരിലും സിനിമാപ്രവര്‍ത്തകരിലും എത്തിക്കാന്‍. എന്നാല്‍ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല- ഹരീഷ് പറഞ്ഞു. 

കെ.ജി.എഫിന് പുറമേ ബാംഗ്ലൂര്‍ അണ്ടര്‍വേള്‍ഡ്, ധന്‍ ധന്‍ ധന്‍ തുടങ്ങിയ സിനിമകളില്‍ ഹരീഷ് അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷങ്ങളായി അദ്ദേഹം സിനിമയുടെ ഭാഗമാണ്.