തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ വേദിയായ നിശാഗന്ധിയിൽ ഞായറാഴ്ച കണ്ടത് ആരാധകരുടെയും പ്രേക്ഷകരുടെയും വൻ ആവേശം. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങുന്നതു കാണാൻ ഉച്ച മുതൽ തന്നെ ജനം ഒഴുകിയെത്തിത്തുടങ്ങിയിരുന്നു. ആറരയ്ക്ക് നിശ്ചയിച്ചിരുന്ന ചടങ്ങിൽ അഞ്ചുമണിയായപ്പോഴേക്കും നിശാഗന്ധി നിറഞ്ഞുകവിഞ്ഞു. ഈ സമയം മുതൽ തന്നെ വിശിഷ്ടാതിഥികളും എത്തിത്തുടങ്ങിയിരുന്നു. മന്ത്രി വി.ശിവൻകുട്ടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ആദ്യമെത്തിയത്.

To advertise here,

ഓരോ അവാർഡ് ജേതാവിനെയും ആവേശത്തോടെയാണ് കാണികൾ സ്വീകരിച്ചത്. പ്രത്യേക ജൂറി പരാമർശം നേടിയ നടന്മാരായ ടൊവിനോ തോമസ്, ആസിഫ് അലി, മികച്ച ഗാനരചയിതാവ് വേടൻ എന്നിവരെത്തിയപ്പോൾ ആവേശം ഉച്ചസ്ഥായിയിലായി. ജയ് വിളിച്ചും മൊബൈലിൽ ഫോട്ടോയെടത്തും അവർ ആവേശം പ്രകടിപ്പിച്ചു. അപ്പോഴും പക്ഷേ, എല്ലാ കണ്ണുകളും തിരഞ്ഞത് ഒരാളെയായിരുന്നു- മലയാളത്തിന്റെ മെഗാസ്റ്റാറിനെ. ഇതിനിടയ്ക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്.

മുഖ്യമന്ത്രി എത്തിയയുടനെ ചടങ്ങ് ഔദ്യോഗികമായി ആരംഭിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് സ്വാഗതം പറയുന്നതിനിടെയാണ് തൂവെള്ള മുണ്ടും ജുബ്ബയുമണിഞ്ഞ് ട്രിം ചെയ്ത താടിയുമായി മമ്മൂട്ടി എത്തിയത്. ഇതോടെ നിശാഗന്ധി ആർപ്പുവിളികളിൽ മുങ്ങി. തുടർന്ന് മുഖ്യമന്ത്രിയുടെയുൾപ്പെടെ പ്രസംഗവും അവാർഡ് വിതരണവും.

ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ശാരദ, മമ്മൂട്ടിയെ ആശ്ലേഷിച്ച് പഴയ ഓർമ്മകൾ പങ്കിട്ടു. ഒടുവിലായിരുന്നു മമ്മൂട്ടിക്കുള്ള അവാർഡ് ദാനം. ഇതിനു ശേഷം ഹ്രസ്വമായതും ആഴത്തിലുള്ളതുമായ മമ്മൂട്ടിയുടെ പ്രസംഗം. അവാർഡ് ജേതാക്കൾ ഓരോരുത്തരും തങ്ങളുടെ മറുപടിപ്രസംഗം നടത്തി. വേദിയിൽ അരങ്ങേറിയ കലാപരിപാടികളും വീക്ഷിച്ച ശേഷം മനോഹരമായ ഒരു സായാഹനത്തോടും നിശാഗന്ധിയോടും ജനം വിടചൊല്ലി.

അമ്മ മനസ്സ് തങ്ക മനസ്സ് ആലപിച്ച് ശാരദ

തിരുവനന്തപുരം: ജെ.സി.ഡാനിയേൽ അവാർഡ് ഏറ്റുവാങ്ങിയശേഷം മമ്മൂട്ടിയെ സാക്ഷിനിർത്തി അമ്മ മനസ്സ് തങ്ക മനസ്സ് പാട്ടിന്റെ ആദ്യ വരികൾ ആലപിച്ച് നടി ശാരദ. മമ്മൂട്ടിയും ശാരദയും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത്‌ കമൽ സംവിധാനം ചെയ്ത ‘രാപകൽ’ എന്ന സിനിമയിലെ ഗാനമാണിത്. ശാരീരിക അവശതകൾമൂലം വീൽച്ചെയറിലാണ് ശാരദ എത്തിയത്. അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നു ശാരദ പറഞ്ഞു.

ഒരുപാട് കാര്യങ്ങൾ പറയണമെന്ന് കരുതിയാണ് ഇവിടെ വന്നത്. പക്ഷേ സന്തോഷത്താൽ വാക്കുകൾ ലഭിക്കുന്നില്ല. അവാർഡ് വേദിയിൽ എത്തിച്ചത് പ്രേക്ഷകരാണ്. അവരില്ലെങ്കിൽ ഇവിടെ വരാനാകില്ല. അവാർഡ് നൽകിയ സർക്കാറിനും പ്രേക്ഷകർക്കും ഒരുപാട് നന്ദി. തന്റെ അമ്മ കോഴിക്കോട്ടുകാരിയായ മേനോൻ കുടുംബാംഗമാണ്. അതിനാൽ താൻ മലയാളിയല്ലെന്നു പറയുന്നത് ശരിയല്ലെന്നും പാതി മലയാളിയാണെന്നും ശാരദ പറഞ്ഞു. പ്രിയപ്പെട്ട മമ്മൂക്കക്കും സ്‌നേഹമെന്നും സദസ്സിൽ നിന്നുയർന്ന ചിരികൾക്കിടെ ശാരദ പറഞ്ഞു.

അഭിമാനത്തോടെയാണ് അവാർഡ് ഏറ്റുവാങ്ങുന്നതെന്ന് മികച്ച നടിയായ ഷംല ഹംസ പറഞ്ഞു. സാധാരണക്കാരിയായ തനിക്ക് സിനിമയിലേക്കുള്ള വാതിൽ തുറന്നത് ഫെമിനിച്ചി ഫാത്തിമയാണ്. പൂർണ പിന്തുണയുമായി കൂടെനിന്ന കുടുംബത്തിനും, സിനിമയുടെ അണിയറ പ്രവർത്തകർക്കും ജൂറിക്കും സർക്കാറിനും നന്ദിയെന്നും അവർ പറഞ്ഞു.

കലാമൂല്യമുള്ള സിനിമകൾ കൂടുതൽ മലയാളത്തിൽ-മമ്മൂട്ടി

തിരുവനന്തപുരം: മലയാളത്തിലാണ് കലാമൂല്യമുള്ള സിനിമകൾ കൂടുതലുണ്ടാകുന്നതെന്ന് നടൻ മമ്മൂട്ടി. മലയാളത്തിൽനിന്ന് ലഭിക്കുന്ന ഓരോ പുരസ്‌കാരവും കൂടുതൽ പ്രോത്സാഹനം നൽകുന്നതാണെന്നും മമ്മൂട്ടി പറഞ്ഞു. 2024-ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024-ൽ ഒരുപിടി മികച്ച സിനിമകളാണ് മലയാളത്തിൽ നിന്നുണ്ടായത്. ഇതിന് ഉദാഹരണമാണ് ഫെമിനിച്ചി ഫാത്തിമ പോലുള്ളവ. നമുക്കു മാത്രമേ ഇത്തരം സിനിമകൾ ഉൾക്കൊള്ളാനാകൂ. ഇതെന്തുകൊണ്ടാണെന്ന് മറ്റ് ഭാഷകളിലെ സിനിമാക്കാർ ചോദിക്കാറുണ്ട്. ഉത്തരം ഒന്നു മാത്രമാണ്. നമ്മൾ എല്ലാം ഉൾക്കൊള്ളുന്നവരാണ്-മമ്മൂട്ടി പറഞ്ഞു. നമ്മുടെ സിനിമകളിലെ നായികാ നായകൻമാരെല്ലാം സാധാരണ മനുഷ്യരാണ്, അമാനുഷികരല്ല. ആഗ്രഹിച്ച കഥാപാത്രങ്ങളാണ് അടുത്തകാലത്ത് ചെയ്തതിൽ പലതും. എന്നാൽ സമാനമായ കഥാപാത്രങ്ങൾ മുൻപും ചെയ്തിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു. മലയാള സിനിമ കഴിവുകളുടെ ഖനിയാണ്. ഇതിൽനിന്നും ഇനിയും ധാരാളം രത്നങ്ങൾ കോരിയെടുക്കാനുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. പത്മഭൂഷൻ ബഹുമതി ലഭിച്ചത് അറിഞ്ഞശേഷമുള്ള ആദ്യ പൊതു ചടങ്ങായിട്ടും മമ്മൂട്ടി പ്രസംഗത്തിൽ ഇതേക്കുറിച്ച് പരാമർശിച്ചില്ല.