
തിരുവനന്തപുരം: കേരള ഫിലിം പോളിസി കോണ്‍ക്ലേവ് ഓഗസ്റ്റ് രണ്ട്, മൂന്ന് തിയതികളില്‍ തിരുവനന്തപുരത്ത് നടക്കും. കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ വച്ച് നടത്തുന്ന കോണ്‍ക്ലേവിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
പരിപാടിയുടെ ലോഗോ സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇന്ന് പ്രകാശനം ചെയ്തു. ഹോട്ടല്‍ ഹൊറൈസണില്‍ നടത്തിയ ചടങ്ങില്‍ സാംസ്‌കാരിക കാര്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ ഐ എ എസ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഐ എ എസ്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. ചലച്ചിത്ര പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ. മധുപാല്‍, കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടര്‍ പ്രിയദര്‍ശനന്‍ പി. എസ്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരും പങ്കെടുത്തു.
സിനിമയുടെ വിവിധ വശങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവില്‍ ഇന്ത്യയില്‍ ഇതിനോടകം സിനിമാനയം രൂപീകരിച്ച വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍, നാഷണല്‍ ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, സാംസ്‌കാരിക-ടൂറിസം മന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികള്‍, ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍, അന്താരാഷ്ട്ര സിനിമയിലെ പ്രമുഖര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിവിധ സിനിമാ സംഘടനകള്‍, തൊഴില്‍-നിയമ രംഗങ്ങളിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോണ്‍ക്ലേവില്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവിധ സെഷനുകളില്‍ സമഗ്രമായ ചര്‍ച്ചകള്‍ നടക്കും. ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ ക്രോഡീകരിച്ചാവും സിനിമാ നയത്തില്‍ ഉള്‍പ്പെടുത്തുക.
സിനിമയെ സംബന്ധിച്ച് കേരള സര്‍ക്കാരിന്റെ സമഗ്രവും വികസനോന്മുഖവുമായ കാഴ്ച്ചപ്പാടിനെ പിന്‍പറ്റിയാണ് സിനിമാനയ രൂപീകരണം എന്ന ആശയം ഉടലെടുത്തത്. ഇതിനായി 2023 ജൂണില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ആയിരുന്ന, ഷാജി എന്‍ കരുണിന്റെ നേതൃത്വത്തില്‍ സിനിമാ സംഘടനകളുമായി ഏകോപനം നടത്തിയും ഇരുപതോളം കൂടിക്കാഴ്ചകളിലൂടെ സമവായം രൂപീകരിച്ചുമാണ് സിനിമാ നയ രൂപീകരണത്തിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നത്.
സിനിമയുടെ സമസ്ത മേഖലകളേയും പരിഗണിച്ചു കൊണ്ടും എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുമുള്ള സമഗ്രമായ ഒരു സിനിമാനയത്തിലേക്കാണ് കേരളം എത്തിച്ചേരാന്‍ പോകുന്നത്. സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുക, കള്‍ച്ചറല്‍ ക്രിയേറ്റിവ് ഇന്‍ഡസ്ട്രിയുടെ സാധ്യത പരിശോധിക്കുക. തൊഴില്‍ നിയമങ്ങള്‍ ബാധകമാക്കുക. സ്ത്രീ സുരക്ഷയ്ക്കായുള്ള നടപടികള്‍ ശക്തമാക്കുക തുടങ്ങി കാലങ്ങളായുള്ള ആവശ്യങ്ങള്‍ക്കു പരിഹാരമായാണ് സിനിമാനയം രൂപീകരിക്കുക എന്ന ആശയത്തിലേക്ക് കേരളം എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിലായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് 2025 ഓഗസ്റ്റ് 2, 3 തിയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള ഫിലിം പോളിസി കോണ്‍ക്ലേവ്,
കോണ്‍ക്ലേവിന്റെ പൊതുഘടന
സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവിധ സെഷനുകളില്‍ സമഗ്രമായ ചര്‍ച്ചകള്‍ നടക്കും. രണ്ടു ദിവസങ്ങളിലുമായി ഒമ്പതു സെഷനുകളാണ് കോണ്‍ക്ലേവില്‍ ഉണ്ടാവുക. ആദ്യ ദിവസം രാവിലെ നടക്കുന്ന ഉദ്ഘാടന സെഷന് ശേഷം അഞ്ചു സെഷനുകള്‍ നടക്കും. ഈ സെഷനുകളെല്ലാം അഞ്ചു വ്യത്യസ്ത വേദികളില്‍ ഒരേ സമയമാണ് നടക്കുക.
ഉച്ചയ്ക്കു ശേഷം പ്ലീനറി സെഷനുണ്ടാകും. പ്ലീനറി സെഷനില്‍ ഓരോ ചര്‍ച്ചാവേദികളില്‍ നിന്നുമുള്ള മോഡറേറ്റര്‍മാര്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിന് ശേഷം നാലരയ്ക്ക് ഓപ്പണ്‍ ഫോറമുണ്ടാകും. ആ സമയത്ത് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടിട്ടുള്ള ചോദ്യങ്ങള്‍ പ്രതിനിധികള്‍ക്ക് ഉന്നയിക്കാം. ഈ ചര്‍ച്ചയ്ക്കു ശേഷം ഉരുത്തിരിഞ്ഞു വരുന്ന അടിസ്ഥാനത്തിലായിരിക്കും നിഗമനത്തിന്റെ കൂടി നയരൂപീകരണമുണ്ടാകുന്നത്.
ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ ക്രോഡീകരിച്ചാവും സിനിമാ നയത്തില്‍ ഉള്‍പ്പെടുത്തുക. ചര്‍ച്ചാവിഷയങ്ങള്‍, പാനലിസ്റ്റുകള്‍, മോഡറേറ്റര്‍മാര്‍, ഉദ്ഘാടന-സമാപന സമ്മേളനങ്ങള്‍ തുടങ്ങിയവ അടങ്ങുന്ന വിശദമായ ഷെഡ്യൂള്‍ തുടര്‍ദിനങ്ങളില്‍ ലഭ്യമാക്കുന്നതാണ്.
Content Highlights: Kerala Film Policy Conclave to be held in Thiruvananthapuram on August 2nd & 3rd.
Published: 16 Jul 2025, 08:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented