സംഗീത സംവിധായകൻ ഇളയരാജയോട് മാപ്പുചോദിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കി കറുപ്പ് എന്ന ചിത്രത്തിന്റെ നിർമാതാക്കളായ ഡ്രീം വാര്യർ പിക്ചേഴ്സ്. ഇളയരാജയുടെ പകർപ്പവകാശ പോരാട്ടങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള ഒരു ഡയലോഗ് സിനിമയിൽ ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് കാരണമായത്. വിവാദരംഗം ചിത്രത്തിൽനിന്ന് നീക്കം ചെയ്യുമെന്നും അവർ അറിയിച്ചു. ആഗോളതലത്തിൽ 147 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷൻ നേടി ചിത്രം തിയേറ്ററുകളിൽ മുന്നേറുന്നതിനിടെയാണ് ഈ നടപടി.

To advertise here,

1985-ൽ പുറത്തിറങ്ങിയ 'അലൈ ഓസൈ' എന്ന ചിത്രത്തിലെ 'പോരാടാടാ' എന്ന ഗാനം സിനിമയിൽ ഉപയോഗിച്ചതിന് പിന്നാലെയാണ് വിവാദമായ ഡയലോഗ് വരുന്നത്. സിനിമകളിൽ തന്റെ അനുവാദമില്ലാതെ പാട്ടുകൾ ഉപയോഗിക്കുന്നതിനെതിരെ ഇളയരാജ സ്വീകരിക്കുന്ന നിയമനടപടികളെ പരിഹസിച്ചുകൊണ്ടുള്ള പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇളയരാജയുടെ ആരാധകരും സിനിമാ പ്രേമികളും ഈ രംഗത്തിനെതിരെ രംഗത്തെത്തിയതോടെയാണ് നിർമാതാക്കൾ ഔദ്യോഗിക പ്രതികരണവുമായി എത്തിയത്.

തങ്ങൾ ഇളയരാജയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ആ ഡയലോഗ് ഒരു ആക്ഷേപഹാസ്യത്തിന്റെ ഭാഗമായി മാത്രം ഉൾപ്പെടുത്തിയതാണെന്നും അണിയറപ്രവർത്തകർ വിശദീകരിച്ചു. കഴിഞ്ഞ 50 വർഷത്തിലേറെയായി സംഗീത ലോകം ഭരിക്കുന്ന രാജാവാണ് അദ്ദേഹമെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാൻ തങ്ങൾക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും നിർമ്മാണ കമ്പനി അറിയിച്ചു. ഈ രംഗം ഇളയരാജയെയോ അദ്ദേഹത്തിന്റെ ആരാധകരെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വിനയപൂർവം ക്ഷമാപണം നടത്തുന്നതായും അവർ പ്രസ്താവനയിൽ പറഞ്ഞു.

"ഇന്ത്യൻ സിനിമക്കും സംഗീതലോകത്തിനും അനുപമമായ സംഭാവനകൾ നൽകിയ മഹാനായ സംഗീത സംവിധായകൻ  ഇളയരാജാവിനോടുള്ള ആത്മാർത്ഥമായ ആദരവും ബഹുമാനവും ഡ്രീം വാര്യർ പിക്‌ചേഴ്സ് രേഖപ്പെടുത്തുന്നു. തലമുറകളെ പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ സംഗീതവും കലാപാരമ്പര്യവും ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങളിൽ പ്രത്യേക സ്ഥാനമാണ് നേടിയിട്ടുള്ളത്. ‘കറുപ്പ്’ സിനിമയിലെ ഒരു പ്രത്യേക ഡയലോഗ് അദ്ദേഹത്തെ വേദനിപ്പിക്കുകയും ആശങ്കയ്ക്ക് ഇടയാക്കുകയും ചെയ്തതായി ഞങ്ങൾ മനസ്സിലാക്കുന്നു. ആ ഡയലോഗ് ഇത്തരം വികാരങ്ങൾക്ക് കാരണമായതിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു.

ഇളയരാജയേയോ, അദ്ദേഹത്തിന്റെ സംഭാവനകളെയോ, അവകാശങ്ങളെയോ ഏതെങ്കിലും രീതിയിൽ അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാനുള്ള യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല. ആ പരാമർശം സിനിമയിലെ ഒരു വിശാലമായ ആക്ഷേപഹാസ്യ സാഹചര്യത്തിന്റെ ഭാഗമായിരുന്നു; വ്യക്തിപരമായ പരാമർശമായി അതിനെ ഉദ്ദേശിച്ചിരുന്നില്ല.

എന്നിരുന്നാലും, അദ്ദേഹത്തിന്റെ വികാരങ്ങളെ ഞങ്ങൾ അതിയായ ബഹുമാനത്തോടെയാണ് കാണുന്നത്. അതിനാൽ, അദ്ദേഹത്തോടുള്ള ആദരസൂചകമായി, ഭാവിയിലെ പതിപ്പുകളിലും സിനിമയുടെ തുടർ പ്രദർശനങ്ങളിലും പ്രസ്തുത ഭാഗം നീക്കം ചെയ്യുകയോ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയോ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. ഇളയരാജയോടുള്ള ഞങ്ങളുടെ ഹൃദയംഗമമായ ആദരവും ബഹുമാനവും വീണ്ടും രേഖപ്പെടുത്തുന്നു." ഡ്രീം വാര്യർ പിക്ചേഴ്സിന്റെ പ്രസ്താവന ഇങ്ങനെ.

സൂര്യയ്‌ക്കൊപ്പം തൃഷ, ഇന്ദ്രൻസ്, അനഘ മായ രവി, ആർജെ ബാലാജി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് 'കറുപ്പ്'. സായ് അഭ്യങ്കർ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.