ബൈപ്പാസ് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്ന് നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രിയപ്പെട്ടവരുടെ പ്രാർഥന ഉണ്ടാവണമെന്ന് വീഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചു. സർജറിക്ക് വേണ്ട കാര്യങ്ങൾ ചെയ്തുതന്നത് രമേഷ് പിഷാരടിയാണ്. മിമിക്രി താരങ്ങളുടെ സംഘടനയായ 'മാ'യിലെ സഹപ്രവർത്തകരും തന്നെ സഹായിക്കാനായി ഓടിയെത്തിയെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

''ഞാനിപ്പോൾ ആലുവ രാജഗിരി ആശുപത്രിയിൽ അഡ്മിറ്റായിരിക്കുകയാണ്. എനിക്ക് സർജറി ആവശ്യമായിട്ടുണ്ട്. ആറാം തീയതിയാണ് ബൈപ്പാസ് ചെയ്യുന്നത്. അതിന് വേണ്ടിയാണ് അഡ്മിറ്റായത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അസുഖത്തെക്കുറിച്ചും, എന്റെ വയ്യായ്മയെക്കുറിച്ചും ഞാൻ പറഞ്ഞിരുന്നു. അതുകേട്ട് എന്ന സഹായിക്കാൻ എന്റെ പ്രിയപ്പെട്ട സംഘടന 'മാ'യിലെ ഏറ്റവും പ്രിയപ്പെട്ട സഹോദരങ്ങൾ അകമഴിഞ്ഞു സഹായിക്കാൻ ഓടിയെത്തി. അവരുടെയെല്ലാ അനുഗ്രഹവും എനിക്കുണ്ട്. കെ.എസ്. പ്രസാദ് ചേട്ടനും നിരന്തരം വിളിക്കുകയും, കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു.

ഈ സർജറിക്ക് വേണ്ട കാര്യങ്ങളെല്ലാം ഒരുക്കി തന്നത് രമേഷ് പിഷാരടി ചേട്ടനാണ്. സ്‌നേഹം കൊണ്ടും, സാമ്പത്തികം കൊണ്ടും, അന്വേഷണം കൊണ്ടും ഒരുപാട് സ്നേഹിക്കുന്ന പ്രിയപ്പെട്ട സഹോദരീ സഹോദരങ്ങളോട് പറഞ്ഞാൽ തീരാത്തത്ര നന്ദിയും, കടപ്പാടുണ്ട്. എനിക്കും കുടുംബത്തിനും വേണ്ടി എല്ലാവരും പ്രാർഥിക്കുക.”-കണ്ണൻ സാഗർ വീഡിയോയിൽ പറഞ്ഞു.

തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി സഹായം അഭ്യർഥിച്ച് കണ്ണൻ സാഗർ സോഷ്യൽ മീഡിയയിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഹൃദയത്തിൽ ബ്ലോക്കായിരുന്നു. തന്നെക്കൊണ്ട് ഇപ്പോൾ താങ്ങാൻ പറ്റാത്ത അത്രയും തുക ചികിത്സയ്ക്കാകും. സംഘടനയിലും ചില സഹപ്രവർത്തകരേയും വിളിച്ച് തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തിതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.