
സൂര്യ നായകനായ ബിഗ് ബജറ്റ് ചിത്രം കങ്കുവാ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാൽ റിലീസായി മണിക്കൂറുകൾക്കകം ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങി എന്ന വാർത്ത ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഒന്നിലേറെ ഡൗൺലോഡ് ക്വാളിറ്റിയിലാണ് വ്യാജൻ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ലീക്ക് ചെയ്തവർക്കെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ.
തമിൾറോക്കേഴ്സ്, ടെലിഗ്രാം പോലുള്ള ടോറന്റ് പ്ലാറ്റ്ഫോമുകളിൽ കങ്കുവയുടെ വ്യാജ പ്രിന്റ് പ്രചരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. 1080p മുതൽ 240p വരെ ക്വാളിറ്റിയിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നത്. ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർക്ക് എളുപ്പം തിരഞ്ഞ് ഫയൽ ഡൗൺലോഡ് ചെയ്യാവുന്ന വിധത്തിലാണ് ഇതുമായി ബന്ധപ്പെട്ട സേർച്ച് വേഡുകളും തയ്യാറാക്കിയിരിക്കുന്നത്. ഇതിന് പുറമേ ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കങ്കുവായുടെ വ്യാജപതിപ്പ് പ്രദർശിപ്പിക്കുന്നുമുണ്ട്.
ചിത്രം തിയേറ്ററുകളിൽനിന്ന് ചോർത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ വ്യക്തമാക്കി. ആന്റി പൈറസി ടീം സജ്ജരായിക്കഴിഞ്ഞു. വ്യാജപതിപ്പ് പ്രചരിപ്പിക്കരുതെന്നും അത്തരക്കാർ നിയമനടപടിക്ക് വിധേയരാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലന്‍ വേഷം ചെയ്യുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ദിശ പട്ടാണി. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രം, 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് പറയുന്നത്. ആഗോളവ്യാപകമായി 38 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.
Content Highlights: Pirated Version of Kanguva Surfaced Online, Studio Green Issues Warning
Published: 15 Nov 2024, 08:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented