തിയേറ്ററിൽനിന്ന് സിനിമ പകർത്തും, അപ്‌ലോഡ് ചെയ്യുന്നത് 65 വെബ്സൈറ്റുകളിൽ, മുഖ്യകണ്ണി തെലങ്കാന പോലീസിന്റെ പിടിയിൽ, കയ്യടിച്ച് സിനിമാലോകം

ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ വി.സി. സജ്ജനാർ നടത്തിയ വാർത്താസമ്മേളനത്തിൽനിന്ന് | സ്ക്രീൻഗ്രാബ്
ആന്ധ്രയിലെയും തെലങ്കാനയിലേയും സിനിമാ പൈറസി വെബ്സൈറ്റുകളെ നിയന്ത്രിച്ചിരുന്ന സംഘത്തിലെ മുഖ്യകണ്ണി ഇമ്മധി രവിയെ അറസ്റ്റ് ചെയ്തു. പൈറസി സൈറ്റായ ഐബൊമ്മയുടെ സ്ഥാപകനാണ് രവി. അറസ്റ്റിനുപിന്നാലെ ഹൈദരാബാദ് പോലീസിന് സിനിമാമേഖലയിൽനിന്നും പൊതുജനങ്ങളിൽനിന്നും അഭിനന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ സോഷ്യൽ മീഡിയയിലൂടെ സിറ്റി പോലീസ് കമ്മീഷണർ സി.സി. സജ്ജനാറിനെ അഭിനന്ദിച്ചു. നടന്മാരായ ചിരഞ്ജീവി, നാഗാർജുന അക്കിനേനി, സംവിധായകൻ എസ്.എസ്. രാജമൗലി എന്നിവർ സജ്ജനാറിനെ നേരിട്ടുകണ്ട് അഭിനന്ദനം അറിയിച്ചു.
നവംബർ 14-ന് ഹൈദരാബാദിൽ വെച്ചാണ് ഇമ്മധി രവിയെ സജ്ജനാറിന്റെ നേതൃത്വത്തിലുള്ള ഹൈദരാബാദ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ഐബൊമ്മ, ബപ്പം എന്നിവ കൂടാതെ ഏകദേശം 65 മിറർ വെബ്സൈറ്റുകളും നടത്തിയിരുന്നതായും ഇവയ്ക്കെല്ലാംകൂടി പ്രതിമാസം 37 ലക്ഷത്തിലധികം കാഴ്ചക്കാർ ഉണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തെലുങ്ക്, തമിഴ്, ഹിന്ദി, മറ്റ് പ്രാദേശിക ഭാഷാ സിനിമകളുടെ വ്യാജ പതിപ്പുകൾ ഈ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്തിരുന്നു. ഇത് ചലച്ചിത്ര നിർമ്മാതാക്കൾക്ക് വലിയ നഷ്ടമുണ്ടാക്കിയെന്നും പോലീസ് അറിയിച്ചു.
"സിനിമാ പൈറസി സംഘത്തെ അറസ്റ്റ് ചെയ്ത ഹൈദരാബാദ് പോലീസിനും സിറ്റി കമ്മീഷണർ വി.സി. സജ്ജനാറിനും അഭിനന്ദനങ്ങൾ. പൈറസി സംഘങ്ങൾ പോലീസിനെ വെല്ലുവിളിക്കുന്ന തലത്തിലേക്ക് എത്തിയ സാഹചര്യത്തിൽ, ഹൈദരാബാദ് സൈബർ ക്രൈം ടീം വിജയകരമായി പ്രവർത്തിച്ചിരിക്കുന്നു. ഈ ദൗത്യത്തിൽ പങ്കാളികളായ എല്ലാവർക്കും ഞാൻ എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. റിലീസ് ദിവസം തന്നെ സിനിമകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്ന സംഘങ്ങൾ കാരണം സിനിമാ വ്യവസായത്തിന് കനത്ത നഷ്ടം സംഭവിക്കുന്നു. ഐബൊമ്മ, ബപ്പം തുടങ്ങിയ പ്രധാന പൈറസി വെബ്സൈറ്റുകളുടെ നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്യുകയും അവ അടച്ചുപൂട്ടുകയും ചെയ്തത് സ്വാഗതാർഹമായ ഒരു കാര്യമാണ്. ബെറ്റിംഗ് ആപ്പുകളെ നിയന്ത്രിക്കാൻ സജ്ജനാറുടെ ഇടപെടല്‍ വിവിധ സംസ്ഥാനങ്ങളിൽ നടപടികൾക്ക് കാരണമായിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ച നടപടികൾ തെലുങ്ക് സിനിമയ്ക്ക് മാത്രമല്ല, ഇന്ത്യൻ സിനിമാ വ്യവസായത്തിന് മൊത്തത്തിൽ പ്രയോജനം ചെയ്യും" പവൻ കല്യാൺ എക്സിൽ പോസ്റ്റ് ചെയ്തതിങ്ങനെ.
ചിരഞ്ജീവി, നാഗാർജുന, എസ്.എസ്. രാജമൗലി എന്നിവർ മുതിർന്ന നിർമ്മാതാക്കൾക്കൊപ്പം നവംബർ 17-ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി. സജ്ജനാറുമായി കൂടിക്കാഴ്ച നടത്തി വകുപ്പിന്റെ ശ്രമങ്ങൾക്ക് നേരിട്ട് നന്ദി അറിയിച്ചു.
പ്രമുഖരുടെ പ്രതികരണങ്ങൾ
1. ചിരഞ്ജീവി
പൈറസി സിനിമാ വ്യവസായത്തിൽ നിന്ന് വലിയ വരുമാനം കവർന്നെടുക്കുകയാണ്. തന്നെ അറസ്റ്റ് ചെയ്യാൻ ഇമ്മധി രവി പോലീസിനെ പരസ്യമായി വെല്ലുവിളിച്ചു. ആ അഹങ്കാരം അസഹനീയമായിരുന്നു. ഒടുവിൽ അയാൾ അഴിക്കുള്ളിലായി. ഈ നേട്ടത്തിന് കമ്മീഷണർക്കും അദ്ദേഹത്തിൻ്റെ ടീമിനും എൻ്റെ നന്ദി. ‘ഗെയിം ചേഞ്ചർ’, ‘തണ്ടേൽ’, ‘കിംഗ്ഡം’ തുടങ്ങിയ നിരവധി വലിയ സിനിമകൾക്ക് പൈറസി കാരണം കനത്ത നഷ്ടം സംഭവിച്ചു. ബീഹാറിൽ നിന്നുള്ള 22 വയസ്സുകാരൻ പൈറസിയിലൂടെ വലിയ പണം സമ്പാദിക്കുന്നതായി ഞാൻ കേട്ടു, ഇത് സഹിക്കാനാവില്ല.
2. നാഗാർജുന അക്കിനേനി
തെലങ്കാന, ഹൈദരാബാദ് പോലീസിൻ്റെ മികച്ച പ്രവർത്തനത്തിന് ഞങ്ങൾ നന്ദി പറയുന്നു. ഇത് തെലുങ്ക് സംസ്ഥാനങ്ങളിൽ മാത്രമല്ല, ഹിന്ദി, തമിഴ് തുടങ്ങി മറ്റ് പല വ്യവസായങ്ങളെയും ഇത് ബാധിക്കുന്നുണ്ട്. ഇത് വെറും 20 കോടി രൂപയുടെ കാര്യമല്ല, അവരുടെ വരുമാനം ആയിരക്കണക്കിന് കോടികളായിരിക്കും. സൗജന്യമായി സിനിമ കാണിക്കുന്നത് ഒരു കെണിയാണ്. ആറ് മാസം മുൻപ് ഞങ്ങളുടെ കുടുംബാംഗങ്ങളിൽ ഒരാൾ ഒരു ഡിജിറ്റൽ അറസ്റ്റിന് ഇരയായിരുന്നു. സൗജന്യമായി സിനിമ കാണാമെന്ന് കരുതി നമ്മൾ ഒരു വെബ്സൈറ്റ് തുറക്കുമ്പോൾ, നമ്മുടെ എല്ലാ വിവരങ്ങളും അവർക്ക് ലഭിക്കുന്നു. പൈറസി നിയമവിരുദ്ധമാണ്.
3. എസ്.എസ്. രാജമൗലി
ഹൈദരാബാദ്, തെലങ്കാന പോലീസ് വകുപ്പിന് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. നമ്മൾ സിനിമകളിൽ കാണുന്ന ഒരു സാധാരണ രംഗം പോലെയായിരുന്നു ഇത് - ഒരു വില്ലൻ തന്നെ പിടിക്കാൻ നായകനെ വെല്ലുവിളിക്കുന്നു. തെലങ്കാന പോലീസ് രണ്ട് മാസത്തിനുള്ളിൽ അവനെ പിടികൂടി അവരുടെ ശക്തി തെളിയിച്ചു. സജ്ജനാറിനും അദ്ദേഹത്തിൻ്റെ ടീമിനും പൂർണ്ണമായ അഭിനന്ദനം അർഹിക്കുന്നു. ആ ഡൊമെയ്‌നുകൾ പ്രവർത്തിപ്പിക്കുന്നത് ചെലവേറിയ കാര്യമാണ്. അവർ ഞങ്ങളുടെ സിനിമകൾ ചോർത്തുന്നു, ഞങ്ങൾക്ക് പണം നഷ്ടപ്പെടുന്നു. എന്നാൽ അവരുടെ വരുമാന സ്രോതസ്സ് പ്രേക്ഷകരാണ്. നിങ്ങളാണ് അവർക്ക് പണം നൽകുന്നത്. അവർ നിങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങൾ വിറ്റ് പണമുണ്ടാക്കുന്നു. നിങ്ങളുടെ പേര്, നമ്പർ അല്ലെങ്കിൽ ഇമെയിൽ പോലുള്ള വിവരങ്ങൾ സൈബർ കുറ്റവാളികളുടെ കൈകളിൽ എത്തിയേക്കാം. പൈറേറ്റഡ് സിനിമകൾ കാണുന്നത് നിരുപദ്രവകരമാണെന്ന് ആളുകൾ കരുതുന്നു. എന്നാൽ ഇത് നടത്തുന്നവർ വലിയ സംഖ്യയാണ് കൊയ്യുന്നത്. ഇത് സാമ്പത്തിക തട്ടിപ്പുകളിലേക്ക് നയിച്ചേക്കാം. എല്ലാവർക്കും തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. നിങ്ങൾക്ക് ഒടിടി സബ്സ്ക്രിപ്ഷനുകൾ എടുത്ത് നിയമപരമായി സിനിമകൾ കാണാം, അല്ലെങ്കിൽ നിയമവിരുദ്ധമായ വഴി തിരഞ്ഞെടുക്കാം. തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്.
Content Highlights: Hyderabad Police lauded for arresting iBomma founder Immadi Ravi. Celebs like Pawan Kalyan, Chiranjeevi, Nagarjuna hail crackdown on movie piracy.
Published: 17 Nov 2025, 07:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented