രാജ്യത്ത് ട്വിറ്റര്‍ അടച്ചു പൂട്ടണമെന്നും സോഷ്യല്‍മീഡിയയില്‍ സര്‍ക്കാര്‍ മറ്റൊരു ബദല്‍ സംവിധാനം കാണണമെന്നും നടി കങ്കണ റണൗത്ത്. നടിയുടെ സഹോദരി രംഗോലി ചന്ദേലിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കങ്കണ ഇന്‍സ്റ്റാഗ്രാമിലൂടെ തന്നെ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണമറിയിച്ചത്.

To advertise here,

വീഡിയോയില്‍ കങ്കണ സൂസന്‍ ഖാന്റെ സഹോദരി, ജ്വല്ലറി ഡിസൈനര്‍ ഫറ ഖാന്‍ അലി, റീമ കഗ്ട്ടി എന്നിവരെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. താനും തന്റെ സഹോദരിയും ഇന്ത്യയില്‍ വര്‍ഗീയത സൃഷ്ടിക്കുന്നുവെന്ന പേരില്‍ വ്യാജ പ്രചരണങ്ങളുണ്ടാക്കിയത് ഇവരാണെന്നും കങ്കണ ആരോപിക്കുന്നു. മൊറാദാബാദില്‍ അന്ന് ഡോക്ടര്‍മാരെയും പോലീസുകാരെയും ആക്രമിച്ചവരെ കൊല്ലണമെന്നാണ് രംഗോലി ട്വീറ്റ് ചെയ്തതെന്നും അതല്ലാതെ പ്രത്യേക സമുദായത്തെ മുഴുവന്‍ ഇല്ലാതാക്കണമെന്നൊന്നും പറഞ്ഞില്ലെന്നും കങ്കണ വീഡിയോയില്‍ പറയുന്നു. രാജ്യത്ത് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അടച്ചു പൂട്ടണമെന്നും സോഷ്യല്‍മീഡിയയില്‍ സര്‍ക്കാര്‍ മറ്റൊരു ബദല്‍ സംവിധാനം കാണണമെന്നും കങ്കണ പറയുന്നു.

ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ കഴിഞ്ഞ ദിവസം കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരകളായ സംഭവത്തില്‍ വിദ്വേഷവും വൈരാഗ്യവും കലര്‍ത്തുന്ന ട്വീറ്റുകള്‍ പ്രചരിപ്പിച്ചതിന് രംഗോലി ചന്ദേലിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തിരുന്നു. വ്യാഴാഴ്ച്ചയാണ് നടിയുടെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത്. 

ഇതിനു മുമ്പും സിനിമയില്‍ നിന്നടക്കം നിരവധി പേര്‍ രംഗോലിയുടെ ട്വീറ്റുകള്‍ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. വര്‍ഗീയ വിഷം പടര്‍ത്തുന്ന മറ്റൊരു വൈറസ് ഇവിടെയുണ്ടെന്നും കങ്കണ റണൗത്തിന്റെ സഹോദരിയാണതെന്നും അവരെ ക്വാറന്റൈനിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബോളിവുഡ് താരം സുമിത് കശ്യപ് മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് സന്ദേശമയച്ചിരുന്നു.

കങ്കണയ്ക്ക് ട്വിറ്ററില്‍ ഔദ്യോഗിക അക്കൗണ്ട് ഇല്ല. രംഗോലി ആണ് കങ്കണയുടെ സോഷ്യല്‍മീഡിയ മാനേജറായി പ്രവര്‍ത്തിച്ചിരുന്നത്.

Content Highlights : kangana ranaut tells government should abolish twitter and start an own social media platform