ടി തൃഷയ്‌ക്കെതിരായ ദ്വയാർഥപ്രയോഗത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്ത വിജയ് സർക്കാരിന്റെ നടപടിയെ പിന്തുണച്ച് നടിയും ബി.ജെ.പി. എം.പിയുമായ കങ്കണ റണൗട്ട്. ഉദയനിധിയുടെ അറസ്റ്റ് ഭാവിയിലേക്ക് നല്ല മുന്നറിയിപ്പാണെന്ന് കങ്കണ അഭിപ്രായപ്പെട്ടു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് കങ്കണയുടെ പ്രതികരണം.

To advertise here,

'പൊതുവേദിയിൽ അശ്ലീല അധിക്ഷേപങ്ങളും ദ്വയാർഥ പ്രയോഗങ്ങളും നടത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. മിസ്റ്റർ സ്റ്റാലിനെ ജയിലിലടച്ചു. അദ്ദേഹം ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ടാവാം, എങ്കിലും അറസ്റ്റ് നല്ലൊരു കീഴ്‌വഴക്കമാണ്', എന്നായിരുന്നു കങ്കണയുടെ കുറിപ്പ്.

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ ഡി.എം.കെ. പ്രതിഷേധത്തിനിടെയായിരുന്നു വിവാദ പരാമർശം. തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയിയെ വിമർശിച്ച് സംസാരിക്കുന്നതിനിടെ സദസ്സിൽ നിന്ന് ചിലർ തൃഷയുടെ പേര് വിളിച്ചു പറഞ്ഞു. തുടർന്ന് ഉദയനിധി നടത്തിയ പരാമർശം നടി തൃഷയെ അധിക്ഷേപിക്കുന്നതും അശ്ലീല ചുവയുള്ളതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയരുകയായിരുന്നു.

സംഭവം രാഷ്ട്രീയ വിവാദമായതോടെ ഉദയനിധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ കഴിഞ്ഞ ദിവസം ചെന്നൈയിലെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഉദയനിധിക്ക് ജാമ്യം ലഭിച്ചു.

ഉദയനിധിയുടെ പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് നടിയും ബി.ജെ.പി. നേതാവുമായ ഖുഷ്ബു സുന്ദറും രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ അന്തസ്സിനെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും തൃഷയോട് അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നും ഖുഷ്ബു ആവശ്യപ്പെട്ടു.