നാഗ് അശ്വിൻ സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് കൽക്കി 2898 എ.ഡി. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപികാ പദുക്കോൺ തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രത്തിൽ പക്ഷേ ഏറ്റവും ശ്രദ്ധനേടിയത് അൽപ്പനേരം മാത്രം പ്രത്യക്ഷപ്പെട്ട ഒരു കഥാപാത്രമായിരുന്നു. കമൽഹാസൻ അവതരിപ്പിച്ച സുപ്രീം യാസ്‌കിൻ എന്ന പ്രതിനായകനായിരുന്നു അത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്നതിനിടെ ഇപ്പോഴിതാ കൽക്കിയിലെ കമലിന്റെ പ്രതിഫലം വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനും നിർമാതാവുമായ യുഗി സേതു.

To advertise here,

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ എന്നാണ് യുഗി സേതു, കമൽഹാസനെ വിശേഷിപ്പിച്ചത്. കൽക്കിയുടെ 10 ദിവസത്തെ ചിത്രീകരണത്തിനായി 150 കോടി രൂപയാണ് കമൽ വാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ കമലിന്റെ പ്രതിഫലത്തെ കുറിച്ച് പല അഭ്യൂഹങ്ങളും നേരത്തേ പ്രചരിച്ചിരുന്നു. 20 കോടിയാണ് അദ്ദേഹം വാങ്ങിയതെന്നും അല്ല 100 കോടിയാണെന്നുമെല്ലാം റിപ്പോർട്ടുകളുണ്ടായി. ഇപ്പോൾ കൽക്കിയുടെ നിർമാതാവിനെ ഉദ്ധരിച്ചാണ് യുഗി സേതു 150 കോടിയാണ് കമൽഹാസൻ വാങ്ങിയതെന്ന് പറയുന്നത്. ഇന്ത്യാഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

'കമൽ സാർ അത്ര വലിയ ഒരാളാണ്. കൽക്കി 2898 എ.ഡിയുടെ 20 ദിവസത്തെ കോൾഷീറ്റിനായി 150 കോടി രൂപയാണ് അദ്ദേഹം വാങ്ങിയത്. ദിവസം 10 ലക്ഷം ഡോളർ വാങ്ങുന്ന താങ്കളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാവെന്ന് അദ്ദേഹത്തിന്റെ പിറന്നാൾദിനത്തിൽ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. കാരണം, 20 ദിവസത്തേക്ക് അദ്ദേഹത്തിന് 150 കോടിയാണ് നൽകിയത്.' -യുഗി സേതു പറഞ്ഞു.

'കമൽ സാറാണ് കൽക്കി 2898 എ.ഡിയുടെ നിർമാതാവ് അശ്വനി ദത്തിനെ എനിക്ക് പരിചയപ്പെടുത്തി തന്നത്. എന്റെ സുഹൃത്തിനെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനാക്കിയതിന് ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞു. 20 ദിവസത്തെ ഷൂട്ടിങ്ങിന് 150 കോടിയെന്ന കണക്ക് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം എന്നെ തിരുത്തി. കമൽഹാസൻ 10 ദിവസം മാത്രമാണ് തന്നതെന്ന് അദ്ദേഹം പറഞ്ഞു. അതായത് പ്രതിദിനം 20 ലക്ഷം ഡോളർ (18 കോടിയിലേറെ രൂപ).' -യുഗി സേതു പറഞ്ഞു.