കഴിഞ്ഞ വർഷത്തെ വമ്പൻ ഹിറ്റായ ലോക: ചാപ്റ്റർ 1 എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരമായ കല്യാണി പ്രിയദർശന്റെ ബോളിവുഡ് പ്രവേശനമാണ് ഇപ്പോൾ സിനിമാലോകത്തെ പ്രധാന ചർച്ചാ വിഷയം. നേരത്തേ കൃഷ് 3 എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ച കല്യാണിക്ക് ബോളിവുഡ് അപരിചിതമായ ഇടമല്ല. എന്നാൽ അത് ക്യാമറയ്ക്ക് പിന്നിലായിരുന്നു. രൺവീർ സിങ്ങിന്റെ പ്രളയ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ കല്യാണി അരങ്ങേറ്റം കുറിക്കുന്നുവെന്ന അഭ്യൂഹം ശക്തമാണ്.

To advertise here,

അഭ്യൂഹങ്ങൾക്ക് സ്ഥിരീകരണമില്ലെങ്കിലും ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ തനിക്ക് ഇഷ്ടമാണെന്നാണ് കല്യാണി പറയുന്നത്. ഭാഷകൾക്കതീതമായി നല്ല കഥകൾ തന്നെ തേടിയെത്തുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. സിനിമയുടെ കാര്യത്തിൽ ഭാഷ തടസമല്ലെന്നും കല്യാണി പറയുന്നു.

'സ്‌ക്രിപ്റ്റിന്റെ കാര്യത്തിൽ ഞാൻ അത്യാഗ്രഹിയായ നടിയാണെന്ന് ഞാൻ എല്ലായ്‌പ്പോഴും പറയാറുണ്ട്. നല്ലൊരു കഥയുണ്ടെങ്കിൽ, അത് മറാത്തിയോ ഹിന്ദിയോ കന്നഡയോ തമിഴോ തെലുങ്കോ മലയാളമോ ഏത് ഭാഷയുമാകട്ടെ, എനിക്കത് വേണം. ഞാൻ ഒരു വ്യക്തിയാണ്. ഒരേസമയം പത്ത് ചിത്രങ്ങളിൽ അഭിനയിക്കാൻ എനിക്ക് കഴിയില്ല. നൂറുകണക്കിന് മികച്ച സ്‌ക്രിപ്റ്റുകളാണ് ഇവിടെയുള്ളത്. ഒരു സിനിമ ചെയ്യുമ്പോൾ പൂർണസമയം അതിനുവേണ്ടി ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.' -കല്യാണി പറഞ്ഞു.

ലോകാ യൂണിവേഴ്‌സിലെ അടുത്ത ചിത്രത്തിന്റെ തിരക്കഥാ രചന പുരോഗമിക്കുകയാണെന്നും കല്യാണി പറഞ്ഞു. എല്ലാ ആഴ്ചയും ഡൊമിനിക്കിനെ വിളിച്ച് എന്തായി എന്ന് ചോദിക്കാറുണ്ടെന്നും കല്യാണി കൂട്ടിച്ചേർത്തു.