തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ് മമ്മൂട്ടി, വിനായകൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ജിതിൻ കെ. ജോസ് ചിത്രമായ കളങ്കാവൽ. ചിത്രത്തിലെ ഒരു രംഗത്തിന്റെ പിന്നണിയിലെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ജിതിൻ. മമ്മൂട്ടിയും താനും തമ്മിലുള്ള രസകരമായ സംഭാഷണമെന്നോണമാണ് ചിത്രത്തിനൊപ്പം അദ്ദേഹം നൽകിയിരിക്കുന്ന കുറിപ്പ്. സിനിമയിലെ ഒരു പ്രധാനപ്പെട്ട രംഗത്തെയാണ് ഈ ചിത്രവും കുറിപ്പും സൂചിപ്പിക്കുന്നത്.

To advertise here,

"ഞാൻ: സാർ വരുന്നതിന് മുമ്പ് ആദ്യം പുക വരണം

മമ്മൂക്ക: അത് വേണോ.. logically പ്രശ്നം ഇല്ലേ..

ഞാൻ: അത് നോക്കണ്ട സാർ.. എന്തായാലും പുക വരണം ആദ്യം..

മമ്മൂക്ക: ഉറപ്പാണോ...

ഞാൻ: അതേ..

മമ്മൂക്ക: എന്നാൽ ഞാൻ മറ്റേ വട്ടം വിടട്ടെ ..

ഞാൻ (ആത്മഗതം): അടിച്ചു മോനെ." ഇതായിരുന്നു ജിതിൻ കെ. ജോസിന്റെ പോസ്റ്റ്.

നിറഞ്ഞ സദസ്സുകളിൽ വമ്പൻ ജനപിന്തുണയോടെയാണ്‌ ചിത്രം പ്രദർശനം തുടരുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച 'കളങ്കാവൽ', മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. വേഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. റിലീസ് ചെയ്ത ആദ്യ വാരത്തിൽ തന്നെ 50 കോടി ക്ലബിൽ എത്തിയ ചിത്രം, ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കി. 'ഭീഷ്മപർവം', 'കണ്ണൂർ സ്‌ക്വാഡ്', 'ഭ്രമയുഗം', 'ടർബോ' എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് 'കളങ്കാവൽ'.

വിനായകൻ നായകനും മമ്മൂട്ടി പ്രതിനായകനുമായെത്തിയ ചിത്രത്തിലെ സംഗീതവും ഉയർന്ന സാങ്കേതിക നിലവാരവും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.