ആമിർ ഖാനും കജോളും പ്രധാനവേഷങ്ങളിലെത്തി മികച്ച വിജയം സ്വന്തമാക്കിയ ചിത്രമാണ് 2006-ൽ പുറത്തിറങ്ങിയ ഫനാ. കുനാൽ കോഹ്ലി സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയിട്ട് 20 വർഷമാവുകയാണ്. ഈയവസരത്തിൽ ഒരു ഓർമക്കുറിപ്പുമായെത്തിയിരിക്കുകയാണ് കജോൾ. സിനിമയിൽനിന്നുള്ള ഒരു ചിത്രവും അവർ പങ്കുവെച്ചു.

To advertise here,

‘ഫനാ’യിലെ ഗാനരംഗം ചിത്രീകരിച്ചത് പോളണ്ടിലെ മൈനസ് 27 ഡിഗ്രി തണുപ്പിലായിരുന്നുവെന്നാണ് കജോൾ പറയുന്നത്. ചിത്രത്തിലെ നായകൻ ആമിർ ഖാൻ ഉൾപ്പടെ മറ്റെല്ലാവരും കോട്ടും സ്യൂട്ടും ധരിച്ച് നിൽക്കുമ്പോഴും തന്റെ വേഷം കട്ടി കുറഞ്ഞ സൽവാർ കമീസ് ആയിരുന്നുവെന്നാണ് കജോൾ കുറിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് തന്റെ മകൾക്ക് രണ്ടര വയസാണുണ്ടായിരുന്നതെന്നും കജോൾ കുറിച്ചു.

"ഫനയ്ക്ക് 20 വയസ്. എന്റെ മകൾക്ക് അന്ന് രണ്ടര വയസായിരുന്നു. പക്ഷേ ഞാൻ കൂടുതലും ഓർക്കുന്നത് പോളണ്ടിന്റെ മനോഹാരിതയാണ്. -27 ഡിഗ്രി സെൽഷ്യസായിരുന്നു. മനോഹരമായ വനങ്ങൾ, യാത്രയ്ക്കായി ഉപയോഗിക്കുന്ന സ്ലെഡ്ജുകൾ... പിന്നെ എല്ലാവരും അടിമുടി പുതച്ച നിൽക്കുമ്പോഴും ഞാൻ കട്ടി കുറഞ്ഞൊരു സൽവാർ കമീസ് മാത്രമായിരുന്നു ധരിച്ചിരുന്നതെന്നും ഓർക്കുന്നു" എന്നാണ് കജോൾ കുറിച്ചത്.

ആമിർ ഖാനും കജോളിനുമൊപ്പം തബു, ഋഷി കപൂർ, കിരൺ ഖേർ, ശരത് സക്‌സേന തുടങ്ങിയ വൻ താരനിരയാണ് അണിനിരന്നത്. ഒരിടവേളയ്ക്ക് ശേഷമുള്ള കജോളിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം.