സോഷ്യൽ മീഡിയയിലെ പരിഹാസത്തിന് കൃത്യമായ മറുപടി നൽകി നടി ജ്യോതിക. ഡിഎംകെയുമായി ബന്ധപ്പെടുത്തി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റിനാണ് ജ്യോതിക മറുപടി നൽകിയത്. ഡിഎംകെയ്ക്ക് അധികാരം നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ ഇനി ജ്യോതികയും കുടുംബവും എല്ലാ കാര്യങ്ങളിലും പ്രതികരിച്ചുകൊണ്ട് പണം സമ്പാദിക്കാൻ ഇറങ്ങുമെന്നായിരുന്നു പരിഹാസ കമന്റ്.

To advertise here,

മാതൃദിനത്തോട് അനുബന്ധിച്ച് ജ്യോതിക പങ്കുവെച്ച വീഡിയോയ്ക്ക് താഴെയായിരുന്നു ഈ കമന്റ്. 'ഇന്റലിജന്റ് ഫൂൾ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് കമന്റ് വന്നത്. 'അക്കാ, ഇനി നിങ്ങൾ ആക്ടിവിസത്തിന് തയ്യാറെടുക്കണം. ഡിഎംകെ അധികാരത്തിൽ നിന്ന് പുറത്തായിരിക്കുന്നു. ഇനി എല്ലാ വിഷയങ്ങളിലും കരഞ്ഞുകൊണ്ട് നിങ്ങൾക്കും കുടുംബത്തിനും പണമുണ്ടാക്കാം. ഡി.എം.കെ ഭരണകാലത്ത് നിങ്ങൾ ഇതെല്ലാം മറന്നിരിക്കുകയായിരുന്നു' എന്നായിരുന്നു കമന്റ്.

'ഇന്റലിജന്റ് ഫൂൾ എന്നത് നിങ്ങൾക്ക് അനുയോജ്യമായ പേര് തന്നെയാണ്' എന്നാണ് ജ്യോതിക ഇതിന് മറുപടി നൽകിയത്. ഇത് വൈറലായതോടെ ഒട്ടേറെപ്പേർ നടിയെ പിന്തുണച്ച് രംഗത്തെത്തി. അനാവശ്യമായ കാര്യങ്ങളിലേക്ക് വലിച്ചിഴക്കുന്നതിന് ഇതിലും മികച്ച മറുപടി നൽകാനില്ലെന്ന് ചിലർ കുറിച്ചു. ഇതോടെ ഇയാൾ ജ്യോതികയുടെ പോസ്റ്റിന് താഴെ നിന്ന് ഈ കമന്റ് കളയുകയം ചെയ്തു.