ചെന്നൈ: ഭഗവാൻ മുരുകൻ ഉത്തരേന്ത്യയിലാണ് ജനിച്ചതെന്നു പറയുന്ന തെലുഗു സിനിമാ പരസ്യത്തിനെതിരേ തമിഴ്‌നാട്ടിൽ പ്രതിഷേധം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ തമിഴ്‌നാടിന്റെ വിശ്വാസപാരമ്പര്യത്തെ ചോദ്യംചെയ്യാൻ ആരേയും അനുവദിക്കില്ലെന്ന് നാം തമിഴർ കക്ഷി നേതാവ് സീമാൻ പറഞ്ഞു.

To advertise here,

തെലുഗു സൂപ്പർതാരം ജൂനിയർ എൻ.ടി.ആറും സംവിധായകൻ ത്രിവിക്രമും ഒന്നിക്കുന്ന പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത സിനിമയുടെ പോസ്റ്ററിനെച്ചൊല്ലിയാണ് വിവാദം.
 

മുരുകപുരാണവുമായും വേലുമായും ബന്ധപ്പെട്ടതാണ് സിനിമയെന്ന സൂചന പോസ്റ്ററിലുണ്ട്. വടക്കു ജനിച്ചു, തെക്ക് ആരാധിക്കപ്പെട്ടു, ഇപ്പോൾ പ്രപഞ്ചത്തിന്റേതാകാൻ പോകുന്നു എന്ന പരസ്യവാചകം നൽകിയിട്ടുമുണ്ട്. മുരുകൻ ജനിച്ചത് വടക്കാണെന്ന സൂചനയാണ് തമിഴ്‌നാട്ടുകാരെ ചൊടിപ്പിച്ചത്.

നൂറ്റാണ്ടുകളായി തമിഴ് വിശ്വാസവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഭഗവാൻ മുരുകനെന്നും അതിനെ ചോദ്യംചെയ്യാൻ അനുവദിക്കില്ലെന്നും സീമാൻ പറഞ്ഞു. തമിഴ് വികാരം വ്രണപ്പെടുത്തുന്ന ഈ ചിത്രം തമിഴ്‌നാട്ടിൽ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമായേക്കാമെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന് നിരോധനം ഏർപ്പെടുത്തണമെന്ന് സീമാൻ തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകൾ സംസ്ഥാനത്ത് പ്രദർശിപ്പിക്കാൻ അനുവദിക്കരുത് എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം

അതേസമയം, കാർത്തികേയനെന്ന പേരിലും സുബ്രഹ്മണ്യനെന്ന പേരിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മുരുകൻ ആരാധിക്കപ്പെടുന്നുണ്ടെന്ന് സിനിമയെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.