തെലങ്കാനയിലെ സർക്കാർ സ്കൂളുകളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്ത് നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും. തെലങ്കാനയിലെ അച്ചംപേട്ട് മണ്ഡലിലെ തുമ്മൻപേട്ട് ഗ്രാമത്തിൽ നടന്ന ചടങ്ങിലാണ് ഇരുവരും ചേർന്ന് സ്കോളർഷിപ്പുകൾ കൈമാറിയത്. ഒൻപത്, പത്ത് ക്ലാസുകളിലെ തിരഞ്ഞെടുത്ത 180 വിദ്യാർത്ഥികൾക്കാണ് ദി ദേവരകൊണ്ട ഫൗണ്ടേഷൻ വഴി ധനസഹായം നൽകുന്നത്.

To advertise here,

അച്ഛന്റെ ജന്മനാടായ തുമ്മൻപേട്ടിലെ കുട്ടികൾക്ക് പിന്തുണയേകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് വിജയ് ദേവരകൊണ്ട എക്സിലൂടെ പങ്കുവെച്ചു. സ്നേഹവും പിന്തുണയും നൽകുന്ന സമൂഹത്തിന് തിരികെ നൽകാൻ ആഗ്രഹിച്ച ഒരു ചെറിയ സ്വപ്നത്തിന്റെ തുടക്കമാണിതെന്നും, തുമ്മൻപേട്ടിൽ നിന്ന് ആരംഭിച്ച് ഭാവിയിൽ ഈ പദ്ധതി തെലങ്കാനയിലുടനീളം വ്യാപിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും വിജയ് ചടങ്ങിൽ പറഞ്ഞു.

വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നുകൊണ്ട് രശ്മിക മന്ദാനയും ചടങ്ങിൽ സംസാരിച്ചു. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയും രശ്മികയും വിവാഹിതരായത്. വിവാഹശേഷം ഇരുവരും തുമ്മൻപേട്ടിലെ തങ്ങളുടെ പുതിയ വീട്ടിൽ ഗൃഹപ്രവേശ ചടങ്ങുകൾക്കായി എത്തിയപ്പോഴാണ് വിദ്യാർത്ഥികൾക്കായി ഇങ്ങനെയൊരു പദ്ധതി പ്രഖ്യാപിച്ചത്.

ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയും രശ്മികയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് രണബാലി. രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 11-ന് തീയേറ്ററുകളിൽ എത്തും. വിവാഹശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.