ഡ്രാഗൺ എന്ന പുതിയ ചിത്രത്തിനുവേണ്ടി നടൻ ജൂനിയർ എൻടിആർ ശാരീരികമായി നടത്തിയ മാറ്റം സിനിമാലോകത്ത് ചർച്ചയായിരിക്കുകയാണ്. അദ്ദേഹത്തിന്റെ അവിശ്വസനീയമായ ബോഡി ട്രാൻസ്ഫർമേഷനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ പ്രശാന്ത് നീൽ. വെറും നാലുമാസംകൊണ്ട് 15 കിലോ ഭാരമാണ് എൻടിആർ കുറച്ചതെന്ന് സംവിധായകൻ പറഞ്ഞു. അദ്ദേഹത്തിന്റെ രൂപമാറ്റം കണ്ട് കുടുംബാംഗങ്ങൾപോലും ഭയന്നുവെന്നും പ്രശാന്ത് നീൽ ഓർത്തെടുത്തു.

To advertise here,

ചിത്രത്തിലെ 'ലൂഗർ' എന്ന കൊലയാളിയുടെ വേഷത്തിന് വേണ്ടിയാണ് ഇത്തരമൊരു മാറ്റം ആവശ്യമായി വന്നതെന്ന് പ്രശാന്ത് നീൽ പറഞ്ഞു. ഒന്നര വർഷം മുൻപാണ് ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഒരു സാധാരണ ആക്ഷൻ ഹീറോയുടെ മസിലുള്ള രൂപത്തേക്കാൾ, മെലിഞ്ഞ ശരീരപ്രകൃതിയാണ് ഈ കഥാപാത്രത്തിന് കൂടുതൽ അനുയോജ്യമെന്ന് കരുതിയിരുന്നു. ഒരു ലുക്ക് ടെസ്റ്റിനിടെ ഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ തന്നെ ജൂനിയർ എൻടിആർ അത് വെല്ലുവിളിയായി ഏറ്റെടുക്കുകയും തന്റെ ഫിറ്റ്നസ് കോച്ചിനൊപ്പം ചേർന്ന് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തെന്ന് പ്രശാന്ത് പറഞ്ഞു.

രൂപം മാറ്റുന്നതിന്റെ ഭാഗമായി ജൂനിയർ എൻടിആർ തന്റെ സിനിമകളുടെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് നാല് മാസത്തെ ഇടവേള എടുത്തു. കർശനമായ ഭക്ഷണക്രമം, തീവ്രമായ വ്യായാമമുറകൾ, കൃത്യമായ മെഡിക്കൽ മേൽനോട്ടം എന്നിവയിലൂടെയാണ് അദ്ദേഹം ഈ മാറ്റം കൈവരിച്ചത്. താൻ മെലിഞ്ഞ് വിളറിയ രൂപത്തിലായപ്പോഴും, ടീം അംഗങ്ങളുടെ അഭ്യർത്ഥന മാനിക്കാതെ കഠിനാധ്വാനം തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. എൻടിആറിന്റെ ഈ പെട്ടെന്നുള്ള മാറ്റം കണ്ട അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഏറെ ആശങ്കാകുലരായിരുന്നു. താരം മെലിഞ്ഞ് വിളറിയ രൂപത്തിലായത് പലരിലും പേടിയുണ്ടാക്കിയെന്നും ഒരു വർഷത്തിലേറെയായി ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ താരം തുടങ്ങിയിരുന്നുവെന്നും പ്രശാന്ത് നീൽ കൂട്ടിച്ചേർത്തു.

‘ഡ്രാഗൺ’ സിനിമയുടെ ലുക്കിലുള്ള എൻടിആറിന്റെ ചില ചിത്രങ്ങൾ നേരത്തേ പുറത്തുവന്നപ്പോൾ അദ്ദേഹം ഭാരം കുറയ്ക്കാൻ മരുന്നുകളുപയോഗിച്ചെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ താരത്തിന്റെ ട്രെയിനർ കുമാർ മന്നവ ഈ വാർത്തകൾ നിഷേധിക്കുകയും, കൃത്യമായ പരിശീലനത്തിലൂടെയും പോഷകാഹാരത്തിലൂടെയുമാണ് ഈ മാറ്റം സാധ്യമാക്കിയതെന്ന് വ്യക്തമാക്കുകയും ചെയ്തു.

അനിൽ കപൂർ, അശുതോഷ് റാണ, രുക്മിണി വസന്ത്, ബിജു മേനോൻ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന 'ഡ്രാഗൺ' 2027 ജൂണിലാണ് പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ ടീസറിന് വലിയ വരവേല്പാണ് ലഭിച്ചത്.