കഥാപാത്രങ്ങൾക്കുവേണ്ടി പൊടുന്നനെ വണ്ണംകുറയ്ക്കുന്നതും കൂട്ടുന്നതുമൊക്കെ സിനിമാതാരങ്ങൾക്കിടയിൽ സാധാരണമാണ്. നടൻ രാജ്കുമാർ റാവു പുതിയ കഥാപാത്രത്തിനുവേണ്ടി ഏകദേശം പതിമൂന്നുകിലോയോളം കൂട്ടിയിരുന്നു. എന്നാൽ സീരീസ് പൂർത്തിയായുടൻ മറ്റൊരു കഥാപാത്രത്തിനുവേണ്ടി ഒരുമാസത്തിനിടെ പത്തുകിലോയോളം കുറച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇതിനുപിന്നാലെ നിരവധിപേർ ഇത്തരത്തിൽ വണ്ണംകുറയ്ക്കുന്നത് ആരോഗ്യകരമാണോ എന്ന ആശങ്ക പങ്കുവെച്ചിരുന്നു. യഥാർഥത്തിൽ ഒരുമാസത്തിൽ വെറും രണ്ടുകിലോ മാത്രം കുറയ്ക്കുന്നതാണ് ആരോഗ്യകരമെന്നാണ് ഐ.സി.എം.ആർ.(Indian Council of Medical Research ) പറയുന്നത്.
ഇതുപ്രകാരം ആഴ്ചയിൽ അരക്കിലോ വച്ചുമാത്രമാണ് കുറയ്ക്കേണ്ടത്. ഭക്ഷണരീതികളിലും തീവ്രമായ നിയന്തണങ്ങൾ വരുത്തരുതെന്നും ഐ.സി.എം.ആർ. പറയുന്നുണ്ട്. ദിവസവും കഴിക്കുന്ന കലോറിയുടെ അളവ് 1,000 kcal-ൽ കുറയരുത്. ശരീരത്തിനാവശ്യമായ പോഷകങ്ങൾ നഷ്ടമാകുന്നില്ലെന്ന് ഉറപ്പുവരുത്താനാണിത്.
വണ്ണംകുറയ്ക്കാനുള്ള എളുപ്പവഴിക്കായി അശാസ്ത്രീയമായ ഡയറ്റിങ് രീതികളിലോ, മരുന്നുകളിലോ അഭയം തേടരുതെന്നും ഇവ പേശീശോഷണത്തിനും പോഷകക്കുറവിനും മെറ്റബോളിസം തകരാറിലാവാനും കാരണമാകുമെന്നും ഐ.സി.എം.ആർ. പറയുന്നു. പച്ചക്കറികളും മുഴുധാന്യങ്ങളും നാരുകളുമൊക്കെ അടങ്ങിയ സമീകൃതാഹാരം ശീലമാക്കുകയും ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ഇതിനൊപ്പം ശാരീരികപ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ വ്യായാമം ചെയ്യുകയും യോഗ പോലുള്ളവയിൽ ഏർപ്പെടുകയും ചെയ്യുന്നത് ഗുണംചെയ്യുമെന്നും ഐ.സി.എം.ആർ. നിർദേശിക്കുന്നു.
അടിവയറിലെ കൊഴുപ്പും അമിതവണ്ണവുമൊക്കെ തടയാൻ ആരോഗ്യകരമായ ജീവിതരീതി തുടരണമെന്നാണ് ഐ.സി.എം.ആറിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നത്. മധുരം, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, പഴച്ചാറുകൾ എന്നിവ കുറയ്ക്കുകയും വേണം.
വണ്ണം കുറയ്ക്കാൻ ഐ.സി.എം.ആർ. നിർദേശിക്കുന്ന ആരോഗ്യകരമായ രീതി
സമീകൃതാഹാരം
നാരുകളും പോഷകവും ധാരളമുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ഇത് വിശപ്പ് കുറയ്ക്കുകയും കൂടുതൽ ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുകയും ചെയ്യും. ഇതുവഴി ശരീരത്തിൽ കൂടുതൽ കലോറി എത്തുന്നത് കുറയ്ക്കും.
പച്ചക്കറികൾ
കലോറി കുറഞ്ഞതും വിറ്റാമിനുകൾ, മിനറലുകൾ, ഫൈബർ തുടങ്ങിയതുമായ ഭക്ഷണങ്ങൾ വണ്ണംകുറയ്ക്കൽ എളുപ്പമാക്കും.
അളവിൽ നിയന്ത്രണം
ഭക്ഷണം കഴിക്കുന്നതിന്റെ അളവിൽ നിയന്ത്രണം വരുത്തുകയും അമിതമായി കഴിക്കുന്നത് തടയുകയും ചെയ്യുക.
സ്നാക്സിലും മാറ്റം വേണം
സ്നാക്സ് തിരഞ്ഞെടുക്കുമ്പോൾ അവ പോഷകസമ്പന്നമാണെന്ന് ഉറപ്പുവരുത്തുക. നട്സ്, പ്ലെയിൻ യോഗർട്ട്, പച്ചക്കറികൾ തുടങ്ങിയവ തിരഞ്ഞെടുക്കാം.
ആരോഗ്യകരമായ പാചകരീതി
പാചകരീതി ആരോഗ്യകരമാവാൻ ശ്രദ്ധിക്കുക. ഗ്രില്ലിങ്, ബേക്കിങ്, സ്റ്റീമിങ് തുടങ്ങിയവയ്ക്കെല്ലാം മറ്റു പാചകരീതിയെ അപേക്ഷിച്ച് കുറവ് എണ്ണ മതി. ഇത് വണ്ണംവെക്കാതിരിക്കാൻ സഹായിക്കും.
മധുര പാനീയങ്ങൾ കുറയ്ക്കാം
സോഡ, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവും മധുരപാനീയങ്ങളും കുറയ്ക്കാം. വെള്ളം, ഹെർബൽ ടീ, മധുരമില്ലാത്ത പാനീയങ്ങൾ തുടങ്ങിയവ തിരഞ്ഞെടുക്കാം.
ഫുഡ് ലേബലുകളിലും വേണം ശ്രദ്ധ
കലോറി, കൃത്രിമ മധുരം, ഉപ്പ് തുടങ്ങിയവയുടെ അളവ്, സാച്ചുറേറ്റഡ് ഫാറ്റ് ഉണ്ടോ തുടങ്ങിയവ ഫുഡ് ലേബലിൽ പരിശോധിക്കണം. ആരോഗ്യകരമായ ചേരുവകളടങ്ങിയവ പരമാവധി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം.
ആരോഗ്യകരമായ ജീവിതത്തിന് ഐ.സി.എം.ആർ ആഹാരക്രമത്തിൽ നിർദേശിക്കുന്ന 17 മാറ്റങ്ങൾ
- സമീകൃതാഹാരം ഉറപ്പിക്കാൻ വ്യത്യസ്തമായ ഭക്ഷണങ്ങൾ കഴിക്കുക.
- ഗർഭിണികൾ, പുതിയ അമ്മമാർ എന്നിവർക്ക് ഭക്ഷണവും കരുതലും കൂടുതൽ ലഭ്യമാക്കണം.
- പ്രസവശേഷമുള്ള ആദ്യ ആറുമാസക്കാലത്തെ മുലയൂട്ടലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഉറപ്പാക്കുക, രണ്ടുവയസ്സുവരെ മുലയൂട്ടൽ തുടരുക.
- ആറുമാസം കഴിഞ്ഞാൽ വീട്ടിൽ തയ്യാറാക്കിയ അർധ ഖരരൂപത്തിലുള്ള പൂരകാഹാരങ്ങൾ നൽകാം.
- ആരോഗ്യം കാക്കാൻ പ്രാപ്തമായ ആഹാരക്രമം കുട്ടികൾക്കും കൗമാരക്കാർക്കും ഉറപ്പാക്കുക.
- ധാരാളം പച്ചക്കറികളും പയർവർഗങ്ങളും കഴിക്കുക.
- എണ്ണയും കൊഴുപ്പം മിതമാക്കുക, ദിവസവും ലഭിക്കേണ്ട കൊഴുപ്പ്, ഫാറ്റി ആസിഡുകൾ എന്നിവ നേടുന്നതിനായി നട്സും മറ്റും ശീലമാക്കുക.
- നല്ല പ്രോട്ടീനുകളും അവശ്യ അമിനോ ആസിഡുകളും ലഭ്യമാക്കുകയും പേശികളുടെ കരുത്ത് വർധിപ്പിക്കാനായി പ്രോട്ടീൻ സപ്ലിമെന്റുകളും ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.
- അടിവയറിലെ വണ്ണവും അമിതവണ്ണവുമെല്ലാം പ്രതിരോധിക്കാൻ ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുക.
- ശാരീരിക പ്രവർത്തനങ്ങളിൽ സജീവമാവുക, ദിനവും വ്യായാമം ചെയ്യുക.
- ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തുക.
- സുരക്ഷിതവും ശുചിത്വവുമാർന്ന ഭക്ഷണം ശീലമാക്കുക.
- ഉചിതമായ പാചകരീതികൾ ഉറപ്പാക്കുക.
- ധാരാളം വെള്ളം കുടിക്കുക.
- സംസ്കരിച്ച ഭക്ഷണങ്ങൾ, അമിതമായി കൊഴുപ്പും മധുരവും ഉപ്പുമുള്ള ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുക.
- പ്രായമായവരുടെ ആഹാരശീലങ്ങളിൽ പോഷകസമ്പന്നമായവക്ക് പ്രാധാന്യം നൽകുക.
- ഭക്ഷണങ്ങളുടെ ലേബലുകളും അതുസംബന്ധിച്ച വിവരങ്ങളും വായിച്ച് മനസിലാക്കി പ്രവർത്തിക്കുക
Content Highlights: Actor Rajkummar Rao reportedly lost 10 kg in a month for a role, sparking health debates., ICMR advises a safe weight loss of only 2 kg per month (about half a kg per week).
Published: 01 Sept 2026, 02:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented