നെയ്യാറ്റിന്‍കര: മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയലിന്റെ പ്രതിമ സ്ഥാപിക്കാനായി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളില്ല. മൂന്നുവര്‍ഷത്തെ അലച്ചിലിനൊടുവില്‍ നെയ്യാറ്റിന്‍കര നഗരസഭയുടെ മൈതാനിയില്‍ 'ഇരിപ്പിടമായി'. പ്രതിമ സ്ഥാപിക്കുന്നതിനൊപ്പം പാര്‍ക്കും ഓപ്പണ്‍ തിയേറ്ററും മൈതാനിയില്‍ നഗരസഭ നിര്‍മിക്കും.

To advertise here,

ജെ.സി.ഡാനിയല്‍ ഫൗണ്ടേഷനാണ് പ്രതിമ നിര്‍മിച്ചത്. കോട്ടയം ആസ്ഥാനമായ ഫൗണ്ടേഷന്‍ പ്രതിമ നിര്‍മിച്ചിട്ട് മൂന്നുവര്‍ഷമായി.

ജെ.സി.ഡാനിയല്‍ ഇരുന്നുകൊണ്ട് ഫിലിം റോള്‍ നോക്കുന്നതായുള്ള പ്രതിമയാണ് നിര്‍മിച്ചത്.

സിമെന്റില്‍ നിര്‍മിച്ച പ്രതിമയ്ക്ക് രണ്ടരലക്ഷത്തിലേറെ രൂപ ചെലവായി. ഷാജി വാസന്‍ എന്ന ശില്പിയാണ് പ്രതിമ നിര്‍മിച്ചത്. പ്രതിമ നിര്‍മിച്ചെങ്കിലും ഇത് സ്ഥാപിക്കാനായി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ മുട്ടാത്ത സര്‍ക്കാര്‍ ഓഫീസുകളില്ല. നഗരസഭാ ഓഫീസുകള്‍ പഞ്ചായത്ത്, സാംസ്‌കാരിക വകുപ്പ് ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം കയറിയിറങ്ങി.

എട്ട് അടി ഉയരത്തിലുള്ള പ്രതിമയ്ക്ക് 800 കിലോ ഭാരവുമുണ്ട്. പ്രതിമ സ്ഥാപിക്കാന്‍ ഇടമില്ലാതായതോടെ കോട്ടയത്തെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ താത്കാലികമായി കൊണ്ടുവെച്ചു.

പ്രതിമ സ്ഥാപിക്കാന്‍ ഇടമില്ലാതെ വിഷമിക്കുന്നതിനിടെയാണ് നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാന്‍ പി.കെ.രാജമോഹനന്‍ പ്രതിമ നെയ്യാറ്റിന്‍കരയില്‍ സ്ഥാപിക്കാന്‍ സന്നദ്ധത അറിയിച്ചത്.

തുടര്‍ന്ന് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ സോന എസ്.നായര്‍ പ്രതിമ നെയ്യാറ്റിന്‍കരയിലെത്തിച്ചു. പ്രതിമ നഗരസഭാ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. നഗരസഭാ മൈതാനിയില്‍ സ്വകാര്യവ്യക്തികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് പാര്‍ക്ക് നിര്‍മിക്കുന്നത്.

ഇവിടെ ഓപ്പണ്‍ തിയേറ്ററും നിര്‍മിക്കും. ഇവിടത്തെ പാര്‍ക്കിലാണ് പ്രതിമ സ്ഥാപിക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ പി.കെ.രാജമോഹനന്‍ വ്യക്തമാക്കി.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി പ്രതിമ സ്ഥാപിക്കല്‍ വൈകാതെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: JC Daniel statue to be installed in neyyattinkara, Father of Malayalam Cinema