പാപ്പരാസികള്‍ക്കെതിരെ എപ്പോഴും നിലപാടെടുക്കുന്ന വ്യക്തിയാണ് ജയ ബച്ചന്‍. അടുത്തിടെ ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തില്‍ അവര്‍ പാപ്പരാസി സംസ്‌കാരത്തിനെ രൂക്ഷമായി വിമര്‍ശിച്ച് സംസാരിച്ചു. ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആരുടേയും സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ കഴിയുന്ന 'എലികളാണ്' പാപ്പരാസികളെന്ന് ജയ ബച്ചന്‍ പറഞ്ഞു. മനഃപൂര്‍വം ഫോട്ടോ എടുപ്പിക്കുന്നതിനായി താരങ്ങള്‍ പാപ്പരാസികളെ വിമാനത്താവളത്തിലേക്ക് വളിച്ചുവരുത്തുന്ന പ്രവണതയേയും അവര്‍ വിമര്‍ശിച്ചു.

To advertise here,

'മാധ്യമങ്ങളുമായുള്ള എന്റെ ബന്ധം മികച്ചതാണ്. എന്നാല്‍ പാപ്പരാസികളുമായുള്ള എന്റെ ബന്ധം അത്ര നല്ലതല്ല. ആരാണിവര്‍? ഈ രാജ്യത്തെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ പരിശീലനം ലഭിച്ചവരാണോ ഇവര്‍? ഇവരെയാണോ നിങ്ങള്‍ മാധ്യമങ്ങള്‍ എന്ന് വിളിക്കുന്നത്? എന്റെ അച്ഛന്‍ ഒരു പത്രപ്രവര്‍ത്തകനായിരുന്നു. അങ്ങനെയുള്ളവരോട് എനിക്ക് ബഹുമാനമുണ്ട്.'-ജയ ബച്ചന്‍ പറയുന്നു.

'എന്നാല്‍ പുറത്ത് വൃത്തികെട്ട, ഇറുകിയ പാന്റ് ധരിച്ച്, കയ്യില്‍ മൊബൈലുമായി നില്‍ക്കുന്ന ഇവര്‍ കയ്യിലൊരു മൊബൈല്‍ ഉള്ളതുകൊണ്ട് ആരുടെയും ചിത്രം പകര്‍ത്താമെന്നും എന്തും പറയാമെന്നും കരുതുന്നു. അവര്‍ പറയുന്ന കമന്റുകള്‍! എങ്ങനെയുള്ള മനുഷ്യരാണിവര്‍? എവിടെ നിന്നാണ് ഇവര്‍ വരുന്നത്, എന്ത് വിദ്യാഭ്യാസമാണ് ഇവര്‍ക്കുള്ളത്, എന്താണ് ഇവരുടെ പശ്ചാത്തലം?'-ജയ ബച്ചന്‍ ചോദിക്കുന്നു,

സോഷ്യല്‍ മീഡിയയില്‍ തനിക്ക് ലഭിക്കുന്ന വിദ്വേഷത്തെക്കുറിച്ച് ഡല്‍ഹിയിലെ തന്റെയൊരു ജീവനക്കാരി തന്നോട് പറഞ്ഞതിനെക്കുറിച്ച് ജയ ബച്ചന്‍ ഓര്‍ത്തെടുത്തു. 'അതൊരു രസകരമായ കാര്യമാണ്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വെറുക്കപ്പെടുന്ന വ്യക്തി ഞാനായതുകൊണ്ട് താന്‍ സോഷ്യല്‍ മീഡിയ ഒന്നും ഉപയോഗിക്കാറില്ലെന്ന് ഡല്‍ഹിയിലെ എന്റെ ഒരു സ്റ്റാഫ് പറഞ്ഞു. 'എനിക്കത് പ്രശ്‌നമല്ല, ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല' എന്നായിരുന്നു ഞാന്‍ അവര്‍ക്ക് മറുപടി നല്‍കിയത്.

ഇന്നത്തെ പല യുവതാരങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുണ്ട്. പാപ്പരാസി വീഡിയോകളില്‍ അവരെ സ്ഥിരമായി കാണാറുമുണ്ട്. എന്നാല്‍, ഫോട്ടോ എടുപ്പിക്കുന്നതിനായി താരങ്ങള്‍ അവരെ വിമാനത്താവളത്തിലേക്ക് വിളിച്ചുവരുത്തുന്ന രീതിയെ താന്‍ അംഗീകരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ''എന്റെ ചെറുമകനും (അഗസ്ത്യ ബച്ചന്‍) ചെറുപ്പമാണ്. പക്ഷേ അവന്‍ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിലും ഇല്ല. വിമാനത്താവളത്തില്‍ നിങ്ങളുടെ ഫോട്ടോ എടുക്കാന്‍ ആളുകളെ വിളിച്ചുവരുത്തേണ്ടി വന്നാല്‍, നിങ്ങള്‍ എങ്ങനെയുള്ള താരമാണ്?''-ജയ ബച്ചന്‍ ചോദിക്കുന്നു.