ലോസ് ആഞ്ജലിസിലെ 'രാമായണ' പ്രീമിയറിൽ ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ച് വാചാലനായി നടനും ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളുമായ യഷ്. 'രാമായണ' കേവലം ഇന്ത്യൻ സമൂഹത്തിനുവേണ്ടി മാത്രമുള്ള ചിത്രമല്ലെന്ന് യഷ് പറഞ്ഞു. ഇന്ത്യൻ സംസ്‌കാരത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ചിത്രത്തിന്റെ ലക്ഷ്യമെന്നും നടൻ കൂട്ടിച്ചേർത്തു.

To advertise here,

'കഥകൾ വെറുതേ പറയുക മാത്രമല്ല, അത് ഓർമിക്കുകയും വരുംതലമുറകളിലേക്ക് കൈമാറുകയും ചെയ്യുന്ന പാരമ്പര്യമാണ് ഞങ്ങളുടേത്. അതിൽനിന്ന് ഞങ്ങൾ പഠിക്കുകയും മാതൃകയായി സ്വീകരിക്കുകയും ചെയ്യുന്നു. അതാണ് ഇന്ത്യൻ സംസ്‌കാരം', വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് യഷ് പറഞ്ഞു.

'ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത് ഒരു കഥ പറഞ്ഞുപോകാനല്ല. മറിച്ച് ഒരു സംസ്‌കാരത്തെയും യുഗങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട അറിവുകളെയും ലോകത്തിന് മുന്നിലെത്തിക്കാനാണ്. ഇത് ഇന്ത്യൻ സമൂഹത്തിന് വേണ്ടി മാത്രം നിർമിച്ച ചിത്രമല്ല, ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് വേണ്ടിയുള്ളതാണ്', യഷ് അഭിപ്രായപ്പെട്ടു.

'ആത്യന്തികമായി നമ്മളെല്ലാം മനുഷ്യരാണ്. വേരുകളിൽ നമ്മൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രപഞ്ചം ഒന്നാണ് (വസുധൈവ കുടുംബകം) എന്ന് വിശ്വസിക്കുന്ന സംസ്‌കാരത്തിൽനിന്നാണ് ഞാൻ വരുന്നത്', നടൻ പറഞ്ഞു.

എവിടെനിന്ന് വരുന്നു എന്നതല്ല, എത്രത്തോളം മുന്നിലേക്ക് വളരാൻ സാധിക്കും എന്നതാണ് ജീവിതം തന്നെ പഠിപ്പിച്ച പാഠമെന്ന് യഷ് ഓർത്തെടുത്തു. ഒരു ഇന്ത്യക്കാരൻ എന്ന നിലയിലും കന്നഡ സിനിമായുടെ ഭാഗമായ വ്യക്തി എന്ന നിലയിലും ഈ ദൗത്യത്തിൽ വലിയ അഭിമാനമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ലോസ് ആഞ്ജലിസിലെ അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്‌ചേഴ്‌സിലെ ഗെഫൻ തിയേറ്ററിലാണ് ചിത്രത്തിന്റെ പ്രത്യേക പ്രീമിയർ നടന്നത്. ചിത്രത്തിൽ രാമനെ അവതരിപ്പിച്ച രൺബീർ കപൂർ, സീതയായെത്തിയ സായ് പല്ലവി, സംവിധായകൻ നിതേഷ് തിവാരി, നിർമാതാവ് നമിത് മൽഹോത്ര എന്നിവർ പങ്കെടുത്തു. ഭാര്യ രാധിക പണ്ഡിറ്റിനൊപ്പമാണ് യഷ് റെഡ് കാർപ്പറ്റിൽ എത്തിയത്.