സോഷ്യൽ മീഡിയയിൽ വൈറലായി വിജയ് നായകനായ പുതിയ തമിഴ് ചിത്രം 'ജനനായക'ന്റെ ടൈറ്റിൽ കാർഡ്. വിജയ്‌യുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി തിയേറ്ററുകളിലാണ് പുതിയ ടൈറ്റിൽ കാർഡ് പ്രദർശിപ്പിക്കുന്നത്. ചിത്രം തിയേറ്ററുകളിൽ ഉടൻ കാണാമെന്നും ടൈറ്റിൽ കാർഡിൽ പറയുന്നുണ്ട്.

To advertise here,

വലിയ ആരവത്തോടെ ടൈറ്റിൽ കാർഡിനെ വരവേൽക്കുന്ന ആരാധകരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം.

'ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്' എന്നാണ് ടൈറ്റിൽ കാർഡിൽ കുറിച്ചിരിക്കുന്നത്. പോലീസ് വേഷത്തിൽ സ്ലോ മോഷനിൽ നടന്നുവരുന്ന വിജയ്‌യുടെ ദൃശ്യവും പിന്നാലെ കാണാം.

'ഉടൻ തിയേറ്ററുകളിൽ ആഘോഷിക്കാം' എന്നും ഇതിന് ശേഷം സ്‌ക്രീനിൽ തെളിഞ്ഞു. ഇന്ത്യയിൽ ആദ്യമായി ഒരു നടന് ലഭിക്കുന്ന സിഎം ടൈറ്റിൽ കാർഡ് എന്നാണ് എക്‌സിൽ പങ്കുവെച്ച ഒരു വീഡിയോയുടെ ക്യാപ്ഷൻ.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 234 സീറ്റിൽ 108 സീറ്റ് നേടിയാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ഇതിൽ രണ്ടുസീറ്റുകൾ വിജയ് തന്നെ വിജയിച്ചതാണ്. പേരമ്പൂർ, തിരിച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിലാണ് വിജയ് മത്സരിച്ചത്. ഇവയിൽ ഒരു മണ്ഡലം വിജയ് ഉപേക്ഷിക്കുന്നതോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. കേവലഭൂരിപക്ഷത്തിന് 118 സീറ്റ് വേണ്ട സംസ്ഥാനത്ത് ഭരണത്തിലെത്താൻ 11 എംഎൽഎമാരുടെ പിന്തുണകൂടി ടിവികെയ്ക്ക് ആവശ്യമാണ്.