ന്യൂഡൽഹി: മ്യൂസിക് ലേബലായ സരിഗമ ഇന്ത്യ ലിമിറ്റഡുമായുള്ള പകർപ്പവകാശ തർക്കത്തിൽ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് തിരിച്ചടി. 134 ചിത്രങ്ങളിലെ ഗാനങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഇളയരാജയ്ക്ക് ഏർപ്പെടുത്തിയ താത്കാലിക വിലക്ക് നീക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.
സരിഗമയ്ക്ക് അനുകൂലമായി നേരത്തെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന ഇളയരാജയുടെ ആവശ്യം ജസ്റ്റിസ് തുഷാർ റാവു ഗെഡേലയുടെ ബെഞ്ച് നിരസിച്ചു. സരിഗമയ്ക്ക് പകർപ്പവകാശമുള്ള സൃഷ്ടികൾ ഉപയോഗിക്കുന്നതിനോ, ലൈസൻസ് നൽകുന്നതിനോ, അവയുടെ ഉടമസ്ഥാവകാശം ഉന്നയിക്കുന്നതിനോ ഇളയരാജയെ വിലക്കിക്കൊണ്ടുള്ളതാണ് ഉത്തരവ്.
'അന്നക്കിളി', '16 വയതിനിലേ', 'കവിക്കുയിൽ', 'ഭാരതി', 'പല്ലവി അനു പല്ലവി', 'മുള്ളും മലരും', 'രാജ പാർവൈ', 'നെട്രിക്കൺ', 'കല്യാണരാമൻ' ഉൾപ്പെടെയുള്ള 134 ചിത്രങ്ങളിലെ പാട്ടുകളുമായി ബന്ധപ്പെട്ടതാണ് കേസ്. തങ്ങൾക്ക് പകർപ്പവകാശമുള്ള സൃഷ്ടികൾ ഇളയരാജ ദുരുപയോഗം ചെയ്യുകയും ലൈസൻസ് നൽകുകയും ചെയ്തുവെന്ന് ആരോപിച്ച് സരിഗമ ഫയൽ ചെയ്ത ഹർജിയിലാണ് നടപടി. ഫെബ്രുവരി 13-ന് കേസ് പരിഗണിച്ച ജസ്റ്റിസ് തുഷാർ റാവു ഗെഡേല, സരിഗമയ്ക്ക് അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
1901-ൽ സ്ഥാപിതമായ തങ്ങളുടെ കമ്പനി നേരത്തെ ദ ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യ എന്നായിരുന്നു അറിയപ്പെട്ടത്. 1976-നും 2001-നും ഇടയിൽ വിവിധ ചിത്രങ്ങളുടെ നിർമാതാക്കളുമായി കമ്പനി കരാറിലെത്തി. ഇതുപ്രകാരം ചിത്രങ്ങളിലെ ഗാനങ്ങളുടെ പകർപ്പവകാശം തങ്ങളിൽ നിക്ഷിപ്തമാണ്. തമിഴ്, ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായി വലിയൊരു സംഗീതശേഖരം തങ്ങൾക്കുണ്ട്. ഇവ മൂന്നാംകക്ഷികൾക്ക് ലൈസൻസ് ചെയ്യാറുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു.
2026 ഫെബ്രുവരിയിൽ ആമസോൺ മ്യൂസിക്, ഐ ട്യൂൺസ്, ജിയോസാവൻ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ തങ്ങളുടെ കൈവശമുള്ള ഗാനങ്ങൾ നിയമവിരുദ്ധമായി അപ്ലോഡ് ചെയ്യപ്പെട്ടതായി കണ്ടെത്തി. ഈ ഗാനങ്ങളിൽ ഇളയരാജ ഉടമസ്ഥാവകാശം ഉന്നയിച്ചിരുന്നു. വിവിധ ചിത്രങ്ങൾക്കായി താൻ സംഗീതം നൽകിയ പാട്ടുകളിൽ അവകാശമുണ്ടെന്ന് കാണിച്ച് ജനുവരിയിൽ ഇളയരാജ വക്കീൽ നോട്ടീസ് അയച്ചതായും കോടതിയെ അറിയിച്ചു.
സരിഗമയുടെ ഹർജി പരിഗണിച്ച കോടതി അവർക്ക് അനുകൂലമായി വിധി പറഞ്ഞു. സരിഗമയ്ക്ക് പകർപ്പവകാശമുള്ള സൃഷ്ടികൾ ഉപയോഗിക്കുന്നതും മൂന്നാംകക്ഷികൾക്ക് ലൈസൻസ് നൽകുന്നതിനും ഇളയരാജയ്ക്ക് കോടതി വിലക്കേർപ്പെടുത്തി. ഈ ഇടക്കാല ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഇളയരാജ വീണ്ടും കോടതിയെ സമീപിച്ചത്.
Content Highlights: Music composer Ilayaraja faced a major setback as the Delhi High Court refused to lift the interim stay regarding the copyright dispute over songs from 134 films. Justice Tushar Rao Gedela's bench rejected Ilayaraja's plea to dismiss the previous interim order that favored the music label Saregama India Limited. Under the current court order, Ilayaraja is barred from utilizing, licensing, or claiming ownership over the works copyrighted by Saregama. Saregama claimed absolute copyright over these classic movie tracks based on agreements made with various film producers between 1976 and 2001. The legal battle intensified after Saregama discovered that Ilayaraja had illegally uploaded these copyrighted tracks to streaming platforms like Amazon Music, iTunes, and JioSaavn
Published: 01 Jul 2026, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented