ബോളിവുഡിലെ സ്റ്റൈലിഷ് നടന്മാരില്‍ ഒരാളാണ് ഹൃത്വിക് റോഷന്‍. ഒരു നടനെന്ന നിലയില്‍ തന്റെ കരിയറില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ അദ്ദേഹം നേരിട്ടിട്ടുണ്ട്. അടുത്തിടെയാണ് അദ്ദേഹത്തിന്റെ വാര്‍ 2 എന്ന ചിത്രം പുറത്തിറങ്ങിയത്. 2019 ല്‍ പുറത്തിറങ്ങിയ വാര്‍ ആദ്യ ഭാഗം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരുന്നു. ജൂനിയര്‍ എന്‍ടിആറിനും, കിയാര അദ്വാനിക്കുമൊപ്പം വാര്‍ 2 വരുന്നുവെന്ന് കേട്ടപ്പോള്‍ ഹൃത്വികിന്റെ ആരാധകര്‍ മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 2025 ലെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ മൂന്നാമത്തെ ഹിന്ദി ചിത്രമായിരുന്നിട്ടും ചിത്രത്തിന്റെ നിര്‍മാണ ചെലവ് തിരിച്ചുപിടിക്കാന്‍ വാര്‍ 2 ന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഹൃത്വിക് തന്നെ ബോക്‌സോഫീസിലെ ചിത്രത്തിന്റെ പരാജയം തുറന്നു സമ്മതിച്ചിരിക്കുകയാണ്.

To advertise here,

അടുത്തിടെ ദുബായില്‍ നടന്ന ഒരു പരിപാടിയില്‍ ഹൃത്വിക് പങ്കെടുത്തിരുന്നു. ഈ പരിപാടിയുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. വേദിയിലേക്ക് ഒരു മാസ് എന്‍ട്രി തന്നെയാണ് ഹൃത്വിക് നടത്തിയത്. കഹോ നാ പ്യാര്‍ ഹേ എന്ന ഹൃത്വിക്കിന്റെ ജനപ്രിയ ചിത്രത്തിലെ എക് പല്‍ കാ ജീനാ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്നവര്‍ക്കിടയിലേക്ക് ചുവടുവെച്ചുകൊണ്ടാണ് അദ്ദേഹം കയറിവന്നത്.

മറ്റൊരു വീഡിയോയിലാണ് തന്റെ പുതിയ ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചത്. 'ചങ്ങാതിമാരെ എന്തൊരു നിമിഷമാണിത് ! നമുക്കൊപ്പമുള്ള സൂപ്പര്‍ സ്റ്റാറിന് കയ്യടികള്‍ നല്‍കാം ! എന്ന് പറഞ്ഞുകൊണ്ട് അവതാരകന്‍ ഹൃത്വികിനെ സ്വാഗതം ചെയ്തതിന് പിന്നാലെ അദ്ദേഹം മറുപടി നല്‍കിയതിങ്ങനെയാണ്.

'താങ്കളുടെ നല്ല മനസിന് നന്ദി, എന്റെ സിനിമ ബോക്‌സോഫീസില്‍ ഇപ്പോള്‍ തകര്‍ന്നതേയുള്ളൂ. അതുകൊണ്ട് നിങ്ങളുടെ സ്‌നേഹമെല്ലാം ലഭിക്കുമ്പോള്‍ എനിക്ക് ശരിക്കും സന്തോഷമാണ്.' ഹൃത്വിക് പറഞ്ഞു.

തമാശകലര്‍ന്ന അദ്ദേഹത്തിന്റെ ഈ മറുപടിക്ക് ആരാധകരുടെ വലിയ പിന്തുണ ലഭിച്ചു. അത് നല്ല തമാശയായിരുന്നു, അദ്ദേഹം അത് തുറന്നു സമ്മതിച്ചതില്‍ എനിക്ക് സന്തോഷമുണ്ടെന്നായിരുന്നു ഒരാളുടെ പ്രതികരണം.

ക്രിഷ് 4 ആണ് ഹൃത്വികിന്റെ വരാനിരിക്കുന്ന ചിത്രം. അതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. കൂടാതെ ആല്‍ഫ എന്ന ചിത്രത്തില്‍ ആലിയ ഭട്ടിനും ഷര്‍വാരിക്കുമൊപ്പം അദ്ദേഹം എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.