ബോളിവുഡ് താരമായ ധർമ്മേന്ദ്രയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ആദ്യ ഭാര്യ പ്രകാശ് കൗറിന്റെയും രണ്ടാം ഭാര്യ ഹേമമാലിനിയുടെയും കുടുംബങ്ങൾ പ്രത്യേകം പ്രാർഥനകൾ സംഘടിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കുടുംബത്തിൽ ഭിന്നതകളുണ്ടെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ പുറത്തുവരുന്നത്. എന്നാൽ, ഇത്തരം പ്രചരണങ്ങൾ അതിരുകടന്നതോടെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ധർമ്മേന്ദ്രയുടെ ഭാര്യയും നടിയുമായ ഹേമ മാലിനി.

To advertise here,

ഇത് ഞങ്ങളുടെ കുടുംബകാര്യമാണെന്നും അത് ഞങ്ങൾ സംസാരിച്ച് തീർത്തിട്ടുണ്ടെന്നുമാണ് ഹേമ മാലിനി പ്രതികരിച്ചിരിക്കുന്നത്. പ്രകാശ് കൗറിന്റെ കുടുംബത്തിൽ അവരുടെ ബന്ധുക്കളും സുഹൃത്തുകളുമെല്ലാം ഉള്ളത് കൊണ്ടാണ് അവർ പ്രത്യേകം പ്രാർഥന സംഘടിപ്പിച്ചത്. എനിക്കൊപ്പമുള്ള ആളുകളും വ്യത്യസ്തമാണ്. അവർക്കായാണ് ഞാൻ വേറെയൊരു പ്രാർഥന സംഘടിപ്പിച്ചതെന്നുമാണ് ഹേമമാലിനി ടൈംസിന് നൽകിയ പ്രതികരണത്തിൽ അറിയിച്ചിരിക്കുന്നത്.

ഈ പ്രാർഥനകൾക്ക് പുറമെ, ഞാൻ ഡൽഹിയിൽ വെച്ചും ഒന്ന് സംഘടിപ്പിച്ചിരുന്നു. കാരണം ഞാൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്. അവിടെയുള്ള സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കുമായി ഒരു പ്രാർഥന സംഘടിപ്പിക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. മധുര എന്റെ മണ്ഡലമാണ്. അവിടുത്തെ ആളുകൾക്ക് അദ്ദേഹത്തെ വലിയ കാര്യമാണ്. അതുകൊണ്ടുതന്നെ അവിടെ വെച്ചും ഒരു പ്രാർഥന നടത്തി. എന്റെ ഈ തീരുമാനങ്ങളിൽ ഞാൻ സന്തുഷ്ടയാണെന്നും അവർ അറിയിച്ചു.

ധർമ്മേന്ദ്രയുടെ ലോണാവാലയിലുള്ള ഫാംഹൗസ് ഒരു മ്യൂസിയമാക്കി മാറ്റാൻ സണ്ണി ഡിയോൺ പദ്ധതിയിടുന്നുണ്ടെന്ന് ഹേമമാലിനി പറഞ്ഞു. ഞങ്ങൾ രണ്ട് കുടുംബങ്ങളും തമ്മിൽ യാതൊരു പ്രശ്‌നങ്ങളുമില്ല. എല്ലാം നല്ല നിലയിലാണ് മുന്നോട്ട് പോകുന്നത്. ഇത് രണ്ടും പ്രത്യേകം കുടുംബങ്ങളാണ്. ഭാവിയിൽ എന്തെല്ലാം സംഭവിക്കുമെന്നത് സംബന്ധിച്ച് ആശങ്കകളുടെ ആവശ്യമില്ലെന്നും എല്ലാം നന്നായി തന്നെ മുന്നോട്ട് പോകുമെന്നും ഹേമമാലിനി ആവർത്തിച്ചു.

ധർമ്മേന്ദ്രയുടെ മരണത്തിനുശേഷം ആദ്യ ഭാര്യയായ പ്രകാശ് കൗറും അവരുടെ മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, അജിത ഡിയോൾ, വിജയത ഡിയോൾ എന്നിവർ ചേർന്ന് ഒരു പ്രാർഥന സംഘടിപ്പിച്ചിരുന്നു. എന്നാൽ, ഹേമ മാലിനിയും മക്കളും അതിൽ പങ്കെടുത്തിരുന്നില്ല. അതേസമയം, ഹേമമാലിനിയും മക്കളായ ഇഷാ ഡിയോളും അഹാന ഡിയോളും ചേർന്ന് മുംബൈയിലും ഡൽഹിയിലും മധുരയിലും പ്രത്യേകം പ്രാർഥനകളും സംഘടിപ്പിച്ചു.