തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇന്ന്  (തിങ്കളാഴ്ച) ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയിൽ സമർപ്പിച്ച തടസ ഹർജി ഹൈക്കോടതി തള്ളിയതിനുപിന്നാലെയാണിത്. ചൊവ്വാഴ്ച അവധിയായതിനാൽകൂടിയാണ് റിപ്പോർട്ട് ഇന്ന് പുറത്തുവിടുന്നത്.

To advertise here,

വിവരാവകാശനിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെയാണ് റിപ്പോർട്ട് കൈമാറുന്നത്. 233 പേജുള്ള റിപ്പോർട്ടിലെ ചില ഭാ​ഗങ്ങൾ ഒഴിവാക്കിയാണ് പുറത്തുവരുന്നത്. അതിൽ ആളുകളുടെ സ്വകാര്യതയെ ‌ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ പൂർണമായി ഒഴിവാക്കും. 49–ാം പേജിലെ 96–ാം പാരഗ്രാഫ് ഉണ്ടാകില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കും. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ വെളിപ്പെടുത്തില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിടില്ല.

എങ്കിലും സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ പുറത്തുവരുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിനു കൈമാറിയത്.

അതേസമയം സിം​ഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെ ഇന്ന് തന്നെ സിം​ഗിൾ ബെഞ്ചിനെ സമീപിക്കുമെന്ന് രഞ്ജിനിയുടെ അഭിഭാഷകൻ പറഞ്ഞു. ചൊവ്വാഴ്ചവരെയാണ് റിപ്പോർട്ട് പുറത്തുവിടാൻ കോടതി സമയം അനുവദിച്ചിരിക്കുന്നത്.