അവതാറിലെ നാവികളുടെ രൂപത്തിലുള്ള ഗോവിന്ദയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്

ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂണിന്റെ അവതാർ പരമ്പരയിലെ മൂന്നാം ചിത്രമായ ഫയർ ആൻഡ് ആഷ് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തിയേറ്ററുകളിലെത്തിയത്. മുൻ ഭാഗങ്ങളെ അപേക്ഷിച്ച് മോശം ചിത്രമെന്ന അഭിപ്രായമാണ് പൊതുവേ ഉയർന്നതെങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ അവതാർ വൈറലാണ്.
ബോളിവുഡ് നടൻ ഗോവിന്ദ ചിത്രത്തിൽ അതിഥി താരമായി എത്തിയാൽ എങ്ങനെയുണ്ടാകും? അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. അവതാറിലെ നാവികളുടെ രൂപത്തിലുള്ള ഗോവിന്ദയുടെ ചിത്രങ്ങളും തിയേറ്ററിൽ നിന്നുള്ള വീഡിയോകളും പ്രചരിച്ചതോടെ ഇത് സത്യമാണെന്നാണ് പലരും വിശ്വസിച്ചിരിക്കുന്നത്.
Also Read: ആളിക്കത്താത്ത അഗ്നി അഥവാ വേ ഓഫ് വാട്ടർ ‘പ്രോ മാക്സ്’ | അവതാർ: ഫയർ ആൻഡ് ആഷ് റിവ്യൂ
പ്രധാനമായും എക്‌സിലാണ് ഗോവിന്ദയുടെ അവതാർ ദൃശ്യങ്ങൾ കുത്തൊഴുക്കായി പ്രചരിച്ചത്. പാൻഡോറയിലെ നാവി വേഷത്തിലുള്ള ഗോവിന്ദയെ സൃഷ്ടിച്ചത് എഐ ആണെന്ന് ഒറ്റനോട്ടത്തിൽ മനസിലാകില്ല. അവതാറിലെ നായക കഥാപാത്രത്തോട് നാവിയായ ഗോവിന്ദ സംസാരിക്കുന്ന, തിയേറ്ററിൽ നിന്ന് ചിത്രീകരിച്ചതുപോലുള്ള വീഡിയോയും എഐ നിർമിതമാണെങ്കിലും വലിയ ഒറിജിനാലിറ്റിയാണുള്ളത്! നല്ല 'പച്ച ഹിന്ദി'യിൽ ഗോവിന്ദ പറയുന്ന ഡയലോഗുകൾ കേട്ട് അന്തംവിട്ട് നിൽക്കുന്ന നാവികളെ വീഡിയോയിൽ കാണാം.
എഐയുടെ സൃഷ്ടിയാണ് ഇതെന്ന് മനസിലായവരും മനസിലാകാത്തവരുമെല്ലാം വീഡിയോ ചറപറ പങ്കുവെച്ചതോടെയാണ് അവതാറിലെ ഗോവിന്ദ വൈറലായത്. രസകരമായ അടിക്കുറിപ്പുകളോടെയാണ് ഈ വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നത്.
അവതാർ 3-ൽ അതിഥി വേഷത്തിൽ അഭിനയിക്കാൻ ജെയിംസ് കാമറൂൺ ഗോവിന്ദയെ എങ്ങനെ 'കൺവിൻസ്' ചെയ്തുവെന്നാണ് ഒരാൾ കുറിച്ചത്. മുഴുവൻ സിനിമ എവിടെ കാണാൻ കിട്ടുമെന്നാണ് മറ്റൊരാൾ ചോദിച്ചത്.
അതേസമയം ഗോവിന്ദയുടെ പഴയൊരു അഭിമുഖവും ആരോ ഇപ്പോൾ കുത്തിപ്പൊക്കിയിട്ടുണ്ട്. ജെയിംസ് കാമറൂൺ തനിക്ക് അവതാറിൽ ഒരു വേഷം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ താൻ അത് നിരസിച്ചുവെന്നുമാണ് ഗോവിന്ദ, മുകേഷ് ഖന്നയുമായുള്ള അഭിമുഖത്തിൽ പറഞ്ഞത്. 21.5 കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും താൻ പോയില്ലെന്നും ഗോവിന്ദ പറഞ്ഞിരുന്നു.
Content Highlights: Viral Videos of Govinda's Avatar Fire And Ash 'Cameo' Flood Internet, Fans Ask "Where We Get Full Movie"
Published: 23 Dec 2025, 08:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented