വർഷം 2009. ഇതുപോലൊരു ഡിസംബറിലാണ് ചലച്ചിത്രപ്രേമികൾക്ക് ദൃശ്യവിസ്മയമൊരുക്കിക്കൊണ്ട് അവതാർ എന്ന ചിത്രം അവതരിച്ചത്. ടൈറ്റാനിക്കും ടെർമിനേറ്റർ ചിത്രങ്ങളുമെല്ലാമൊരുക്കി പ്രേക്ഷകരെ അമ്പരപ്പിച്ച ജെയിംസ് കാമറൂൺ എന്ന സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമായിരുന്നു അവതാർ. ത്രീഡി കണ്ണടയിലൂടെ പാൻഡോറ എന്ന അത്ഭുതലോകവും അവിടെ ജീവിക്കുന്ന നാവി എന്നറിയപ്പെടുന്ന മനുഷ്യരോട് സാദൃശ്യമുള്ള ജീവികളേയുമെല്ലാം കണ്ടവരെല്ലാം അന്ന് ഉറപ്പിച്ചുപറഞ്ഞു, ഇങ്ങനെയൊരു ചിത്രം അതിന് മുമ്പുണ്ടായിട്ടില്ല എന്ന്.

To advertise here,

കാലം മുന്നോട്ടുപോയി. 13 വർഷങ്ങൾ കഴിഞ്ഞ് 2022-ലെ ഡിസംബറിൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ അവതാർ: ദി വേ ഓഫ് വാട്ടർ പുറത്തിറങ്ങി. ആദ്യഭാഗത്തിന്റെ പുതുമ അവകാശപ്പെടാനില്ല എന്നതും ദൈർഘ്യം കൂടുതലാണെന്നതും ചിത്രത്തിന്റെ മാറ്റ് കുറച്ചെങ്കിലും കടലിനടിയിലെ വിസ്മയക്കാഴ്ചകളിലൂടെ ഈ കാമറൂൺ ചിത്രം ഭേദപ്പെട്ട അഭിപ്രായം തന്നെയാണ് നേടിയത്.

എന്നാൽ അവതാർ പരമ്പരയിലെ മൂന്നാം ചിത്രം വേ ഓഫ് വാട്ടറിന്റെ 'എക്സ്റ്റൻഡഡ്' പതിപ്പായി മാത്രമേ അനുഭവപ്പെടുന്നുള്ളൂ. അവതാർ: ഫയർ ആൻഡ് ആഷ് എന്നാണ് പേരെങ്കിലും ഒരിക്കൽ പോലും ആ അഗ്നി പ്രേക്ഷകമനസിൽ ആളിക്കത്താൻ ജെയിംസ് കാമറൂൺ ജ്വലിപ്പിച്ച അഗ്നിക്ക് സാധിക്കുന്നില്ല. ബിബിസി, ദി ഗാർഡിയൻ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തേ പുറത്തുവിട്ട റിവ്യൂകളെ ശരിവെക്കുന്നതാണ് ഫയർ ആൻഡ് ആഷ് കാഴ്ചാനുഭവം.

ദൈർഘ്യം തന്നെയാണ് പ്രധാന വില്ലനായിരിക്കുന്നത്. മൂന്നര മണിക്കൂർ, കൃത്യമായി പറഞ്ഞാൽ 197 മിനുറ്റാണ് ചിത്രത്തിന്റെ ആകെ ദൈർഘ്യം. മുൻചിത്രങ്ങളിൽ കണ്ട പോരാട്ടരംഗങ്ങളും വൈകാരിക രംഗങ്ങളുമെല്ലാം ചിത്രത്തിലുടനീളമുണ്ടെങ്കിലും അവയിലൊന്നുപോലും മനസിൽ തങ്ങുന്നില്ല. അവതാർ എന്ന പേര് കേൾക്കുമ്പോൾ തന്നെ പ്രേക്ഷകമനസുകളിലെത്തുന്നത് പ്രധാനകഥാപാത്രങ്ങളായ ജെയ്ക്ക് സള്ളിയും നെയ്തിരിയുമാണ്. തലമുറമാറ്റത്തിനുവേണ്ടിയാണോ എന്നറിയില്ല, മൂന്നാംചിത്രത്തിൽ ഇവരുടെ മക്കൾക്കാണ് ചിത്രത്തിൽ പ്രാധാന്യവും സ്‌ക്രീൻടൈമും കൂടുതൽ. എന്നാൽ അവരിൽ ആർക്കും പ്രേക്ഷകരുമായി 'കണക്ട്' ആകാൻ കഴിയുന്നില്ല.

Also Read: കടൽകാഴ്ചകളുടെ മാന്ത്രികത; അവതാർ ദി വേ ഓഫ് വാട്ടർ | Avatar the Way of Water Review

വേ ഓഫ് വാട്ടറിലേത് പോലെ കടൽ തന്നെയാണ് പ്രധാന പശ്ചാത്തലമെങ്കിലും ഇത്തവണ പുതിയൊരു 'ക്ലാനി'നെ കൂടി കാമറൂൺ അവതരിപ്പിക്കുന്നുണ്ട് - ആഷ് പീപ്പിൾ എന്ന് വിളിക്കപ്പെടുന്ന മാങ്ക്‌വാൻ വംശജർ. ആദ്യരണ്ട് ചിത്രങ്ങളിൽ നാവികളിലെ നല്ലവരെ കാണിച്ച സംവിധായകൻ അവർക്കിടയിലെ വില്ലൻമാരെയാണ് ഇക്കുറി കാണിക്കുന്നത്. അഗ്നിപർവതസ്‌ഫോടനത്തിൽ ഉറ്റവരേയും വാസസ്ഥലവും ഹോം ട്രീയുമെല്ലാം നഷ്ടപപെട്ട ഇവരിൽ ഇപ്പോഴുള്ളത് പ്രതികാരബുദ്ധിമാത്രമാണ്. പാൻഡോറയുടെ ദൈവം എന്ന് വിശേഷിപ്പിക്കാവുന്ന ഏയ്‌വയെ തള്ളിക്കളയുന്നവരാണ് ഇവർ. എന്നാൽ ഒമാറ്റികായ എന്ന പ്രധാനഗോത്രത്തിലുള്ളവരുമായി ശരീരത്തിന്റെ നിറത്തിൽ മാത്രമാണ് ഇവർക്ക് വ്യത്യാസമുള്ളത്. ഇവിടെ പുതുതായി ഒന്നും കൊണ്ടുവരാൻ ജെയിംസ് കാമറൂണിന് കഴിഞ്ഞിട്ടില്ല.

മുൻഗാമികളെ പോലെ സാങ്കേതികമായി ഏറെ മുന്നിട്ടുനിൽക്കുന്ന ചിത്രം തന്നെയാണ് അവതാർ 3. കണ്ടുമടുത്ത കാഴ്ചകളാണെങ്കിലും പാൻഡോറ ഗ്രഹവും അവിടത്തെ കാടും കടലും മനുഷ്യരുടെ കോളനിയും വിചിത്രജീവികളുമെല്ലാം ത്രീഡിയിൽ തികഞ്ഞ പെർഫെക്ഷനോടെയാണ് വെള്ളിത്തിരയിലെത്തുന്നത്. അതിനാൽ തന്നെ ലാഗടിപ്പിച്ചുകൊണ്ടാണെങ്കിലും മൂന്നരമണിക്കൂർ സമയം പ്രേക്ഷകരേയും പാൻഡോറയിലെത്തിക്കാൻ സംവിധായകന് സാധിച്ചു. പശ്ചാത്തലസംഗീതവും സിനിമയുമായി ചേർന്ന് പോകുന്നതാണ്. അഭിനേതാക്കളുടെ പ്രകടനത്തെ കുറിച്ച് പ്രത്യേകമായി പറയേണ്ടതില്ലെന്ന് തോന്നുന്നു. സാം വർത്തിങ്ടൺ, സോയ് സാൽഡാന, സ്റ്റീഫൻ ലാങ്, ഊന ചാപ്ലിൻ, കേറ്റ് വിൻസ്‌ലെറ്റ് തുടങ്ങി എല്ലാവരും മികച്ചപ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. കെട്ടുറപ്പുള്ള തിരക്കഥയുടെ അഭാവം മാത്രമാണ് ചിത്രത്തിന് തിരിച്ചടിയായത്.

ജെയിംസ് കാമറൂൺ എന്ന സംവിധായകനും അവതാർ എന്ന ആദ്യചിത്രവുമാണ് പുതിയ അവതാർ ചിത്രങ്ങൾ കാണാനായി പ്രേക്ഷകരെ ആകർഷിക്കുന്ന പ്രധാനഘടകങ്ങൾ. മൂന്നാം ഭാഗമായ ഫയർ ആൻഡ് ആഷ് സാമ്പത്തികമായി വിജയിച്ചില്ലെങ്കിൽ അവതാർ ഫ്രാഞ്ചൈസിൽ നിന്ന് താൻ മാറിനിൽക്കുമെന്നും പുസ്തകമെഴുതുമെന്നും പരമ്പരയിലെ ഇനിയുള്ള രണ്ട് ചിത്രങ്ങൾ മറ്റൊരു സംവിധായകനെ ഏൽപ്പിക്കുമെന്നും കാമറൂൺ നേരത്തേ പറഞ്ഞിരുന്നു. അങ്ങനെ സംഭവിക്കുമോ എന്ന ചോദ്യം മാത്രമാണ് മൂന്നരമണിക്കൂറിന് ശേഷം തിയേറ്ററിൽ നിന്ന് പുറത്തിറങ്ങുന്ന പ്രേക്ഷകരുടെ മനസിൽ ബാക്കിയാകുന്നത്.