ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്റെ ബ്രഹ്‌മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജവാന്റെ തമിഴ്‌നാട്ടിലേയും കേരളത്തിലേയും വിതരണാവകാശം റെക്കോഡ് തുകയ്ക്ക് ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കി. തമിഴ് സംവിധായകന്‍ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ ഡിസ്ട്രിബ്യൂഷന്‍ പാർട്ണര്‍ റെഡ് ജയന്റ് മൂവീസാണ്. കേരള ഡിസ്ട്രിബ്യൂഷന്‍ പാർട്ണര്‍ ഡ്രീം ബിഗ് ഫിലിംസാണ്. 

To advertise here,

വൻ വിജയം നേടിയ പഠാന് ശേഷം ഷാരൂഖ് ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയാകുന്നത്. തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍. വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.

തിയേറ്ററുകളില്‍ വലിയ വിജയം നേടി തരംഗമായി മാറിയ രജനികാന്ത് ചിത്രം ജയിലര്‍ കേരളത്തില്‍ എത്തിച്ചത് ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലനായിരുന്നു. ഇതിന് പിന്നാലെയാണ് ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായി ജവാനും വിതരണം ചെയ്യുന്നത്. പി.ആർ.ഒ - ശബരി