ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത 'ഗംഗുഭായി കത്തിയവാഡി'ക്കെതിരേ യഥാർത്ഥ ഗംഗുഭായിയുടെ കുടുംബം രം​ഗത്ത്. 

To advertise here,

മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ​ഗം​ഗുഭായിയുടെ വളർത്തു മകൻ ബാബു റാവോജിയും കൊച്ചുമകൾ ഭാരതിയുമാണ് ചിത്രത്തിനെതിരേ രം​ഗത്തെത്തിയിരിക്കുന്നത്. 

തങ്ങളുടെ അമ്മയെ മോശമായി ചിത്രീകരിച്ചുവെന്നാണ് ഇവരുടെ ആരോപണം. അമ്മയെ ഒരു ലൈം​ഗിക തൊഴിലാളിയായി ചിത്രീകരിച്ചുവെന്നും ജനങ്ങൾ അമ്മയെക്കുറിച്ച് പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയുന്നുവെന്നും ഇവർ ആജ് തകിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

പണത്തിനായി തങ്ങളുടെ കുടുംബത്തെ അപകീർത്തിപ്പെടുത്തിയത് സമ്മതിച്ചുകൊടുക്കാനാവില്ലെന്നും പ്രോജക്ടുമായി മുന്നോട്ട് പോവുന്നതിന് മുമ്പ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ കുടുംബത്തെ കണ്ട് അനുവാദം വാങ്ങിയിരുന്നില്ലെന്നും ഭാരതി പറയുന്നു. 

"എന്റെ അമ്മൂമ്മ കാമാത്തിപുരയിലാണ് ജീവിച്ചിരുന്നത്. അവിടെ താമസിക്കുന്ന എല്ലാ സ്ത്രീകളും ലൈം​ഗിക തൊഴിലാളികളാണോ? രണ്ട് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയും അമ്മൂമ്മ ദത്തെടുത്തിരുന്നു. ഈ കുടുംബത്തിൽ നിന്നുള്ളവരാണ് ഞങ്ങൾ. അന്ന് ദത്തെടുക്കലിന് കടുത്ത നിയമങ്ങളൊന്നും ഇല്ലായിരുന്നു. അമ്മൂമ്മയെക്കുറിച്ചുള്ള കഥകൾ അഭിമാനത്തോടെയാണ് ഞങ്ങൾ പറഞ്ഞിരുന്നത്. പക്ഷേ  ഈ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങിയതിന് ശേഷം അമ്മൂമ്മയെ ലൈം​ഗിക തൊഴിലാളിയായി ചിത്രീകരിച്ചതിനെക്കുറിച്ച് പറയാനായാണ് ആളുകൾ ഞങ്ങളെ സമീപിക്കുന്നത്. ലൈംഗികത്തൊഴിലാളികളുടെ ഉന്നമനത്തിനായാണ് അമ്മൂമ്മ പ്രവർത്തിച്ചത്. പക്ഷേ എന്നിട്ട് ഇവർ അമ്മൂമ്മയെ എന്താക്കി മാറ്റിയെന്ന് നോക്കൂ..." ഭാരതി പറയുന്നു.

ട്രെയ്‌ലർ റിലീസ് ചെയ്തത് മുതൽ കുടുംബം വല്ലാത്ത ഞെട്ടലിലാണെന്ന് ഇവരുടെ അഭിഭാഷകൻ നരേന്ദ്ര ദുബെയും വ്യക്തമാക്കുന്നു. "ഗംഗുഭായിയെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്ന രീതി തീർത്തും തെറ്റാണ്, അതിലൊരു അടിസ്ഥാനവുമില്ല. ഒരു സാമൂഹ്യപ്രവർത്തകയെ ആണ് ഒരു  ലൈം​ഗികത്തൊഴിലാളിയായി ചിത്രീകരിച്ചിരിക്കുന്നത്. അത് കുടുംബത്തിനാണ് ഇത് ഇഷ്ടപ്പെടുക?"നരേന്ദ്ര ചോദിക്കുന്നു. ചിത്രത്തിന്റെ റിലീസ് തടയണമെന്നും ഇവർ ആവശ്യപ്പെടുന്നു. 

2020ൽ ഇങ്ങനെയൊരു ചിത്രം ആരംഭിക്കുന്നുണ്ടെന്ന് അറിഞ്ഞ സമയത്ത് തന്നെ കുടുംബം ഇതിനെതിരേ രം​ഗത്ത് വന്നിരുന്നുവെന്നും അതിന് ശേഷം കുടുംബത്തിന് ഒളിച്ച് താമസിക്കേണ്ടതായി വന്നുവെന്നും പല വീടുകളും മാറേണ്ടി വന്നുവെന്നും നരേന്ദ്ര പറയുന്നു.  പല ബന്ധുക്കളുടെയും അടുത്ത് നിന്ന് ​ഗം​ഗുഭായ് ശരിക്കും  ലൈം​ഗികത്തൊഴിലാളി തന്നെയാണോ എന്ന ചോ​ദ്യം മകനും മറ്റും നേരിടേണ്ടി വന്നുവെന്നും അതവരുടെ മാനസിക നില തകരാറിലാക്കിയെന്നും സമാധാനത്തോടെ ജീവിക്കാൻ അവർക്ക് സാധിക്കുന്നില്ലെന്നും നരേന്ദ്ര പറയുന്നു. 

2021ൽ ചിത്രത്തിനെതിരെ കുടുംബം ഹർജി സമർപ്പിച്ചിരുന്നു. പിന്നാലെ മുംബൈ കോടതി സംവിധായകൻ സഞ്ജയ് ലീല ബൻസാലി, ആലിയ ഭട്ട് എന്നിവർക്കെതിരെ സമൻസ് അയച്ചു. ശേഷം ബോംബെ ഹൈക്കോടതി സിനിമയ്‌ക്കെതിരേയുള്ള നടപടികൾക്ക് ഇടക്കാല സ്റ്റേ നൽകുക ആയിരുന്നു.

ഈ മാസം 25നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. മാഫിയ ക്വീൻ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ശന്തനു മഹേശ്വരി, അജയ് ദേവ്ഗൺ, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാൻ ഹഷ്മി, രോഹിത് സുഖ്വാനി എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. 

മാഫിയ ക്വീൻസ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമൺ ഫ്രം ദ ഗ്യാങ്ലാൻഡ്സ് എന്ന പേരിൽ ഹുസൈൻ സെയ്ദി, ജെയിൻ ബോർഗസ് എന്നിവർ രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്. ബോംബെ നഗരത്തെ വിറപ്പിച്ച 13 വനിതകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. ഈ പുസ്തകത്തിലെ ഒരധ്യായമാണ്  സഞ്ജയ് ലീല ബൻസാലിയുടെ സിനിമയ്ക്ക് പ്രചോദനമായത്. സഞ്ജയ് ലീല ബൻസാലിതന്നെയാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നതും. ബൻസാലി പ്രൊഡക്ഷനാണ് ചിത്രം നിർമിക്കുന്നത്. 

Content Highlights : Gangubai's family Against Alia Bhatt Sanjay Bhansali film