
നൂറ് കോടി ക്ലബില്‍ ഇടം നേടിയ ഗംഗുഭായ് കാഠിയവാഡി എന്ന ബയോപികിനൊപ്പം സഞ്ജയ് ലീല ഭന്‍സാലിയും ആലിയ ഭട്ട് ഉള്‍പ്പെടെയുള്ള താരനിരയും സിനിമയുടെ മറ്റ് പിന്നണിപ്രവര്‍ത്തകരും ഏറെ പ്രശംസയാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, യൂട്യൂബ് തുടങ്ങി ഒട്ടുമിക്ക സാമൂഹികമാധ്യമങ്ങളിലും സിനിമയുടെ റിലീസിന് മുമ്പ് തന്നെ ആരംഭിച്ച ഗംഗുഭായ് തരംഗം ഇപ്പോഴും തുടരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ക്കൊപ്പം നൃത്തരംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്‍സ്റ്റഗ്രാം റീല്‍സിലും യുട്യൂബ് ഷോട്ട്‌സിലും ഇടതലവില്ലാതെ 'ധോലീഡാ'യും 'ഝൂം രേ ഗോരി'യും അപ്‌ലോഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു.
വിസ്മയിപ്പിക്കുന്ന നൃത്തസംവിധാനമാണ് ഈ ഗാനങ്ങള്‍ക്കായി കൃതി മഹേഷ് ഒരുക്കിയിരിക്കുന്നത്. സഞ്ജയ് ലീല ഭന്‍സാലിയുടെ തന്നെ സംവിധാനത്തിലൊരുങ്ങിയ പദ്മാവതിലെ 'ഘൂമര്‍' എന്ന ഗാനത്തിന് ചുവടുകളൊരുക്കി ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ നൃത്തസംവിധായികയാണ് കൃതി മഹേഷ്. ഗുജറാത്തിലെ പ്രധാന നാടോടി നൃത്തരൂപമായ ഗര്‍ബയുടെ അതിമനോഹരമായ ചുവടുകളാണ് സഞ്ജയുടെ ഈണത്തിലൊരുങ്ങിയ ഗാനങ്ങള്‍ക്കായി കൃതി നൃത്തസംവിധാനം ചെയ്തത്.
റിയാലിറ്റി ഷോയിലൂടെയാണ് കൃതിയെന്ന നര്‍ത്തകിയെ കലാസ്വാദകര്‍ പരിചയപ്പെടുന്നത്. തമിഴ് ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച കൃതി അഞ്ച് വയസ് പ്രായമുള്ളപ്പോഴാണ് നൃത്തപഠനം ആരംഭിച്ചത്. ശാസ്ത്രീയ നൃത്തപഠനത്തിന് അവധി നല്‍കിയാണ് ഫോറന്‍സിക് സയന്‍സില്‍ മാസ്റ്റര്‍ ബിരുദപഠനത്തിനായി കൃതി ലണ്ടനിലേക്ക് പോയത്. പഠനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങിയ കൃതി കുറച്ച കാലം ബയോളജിസ്റ്റായി ജോലി നോക്കി. എന്നാല്‍ തന്റെ ജീവിതത്തോട് നൃത്തം ഏറെ ഇഴ ചേര്‍ന്നിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ കൃതി നൃത്തരംഗത്തേക്ക് തന്നെ മടങ്ങാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഡാന്‍സ് റിയാലിറ്റി ഷോയില്‍ മത്സരിക്കാനുള്ള പ്രോത്സാഹനവും പിന്തുണയും കൂടി ലഭിച്ചതോടെ കൃതി പിന്നീട് ഒട്ടും ആശങ്കപ്പെട്ടില്ല, ജോലി ഉപേക്ഷിച്ച് നൃത്തത്തോടുള്ള തന്റെ പ്രണയത്തെ മുറുകെ പിടിക്കാനൊരുങ്ങിയ കൃതിയ്ക്ക് തന്റെ തീരുമാനം തെറ്റിയിട്ടില്ല എന്ന് പിന്നീട് ഉറപ്പായി.
പ്രമുഖ കൊറിയോഗ്രാഫറും സംവിധായകനുമായ റെമോ ഡിസൂസയുടെ അസിറ്റന്റായതോടെ കൃതിയ്ക്ക് തന്റെ മികവ് തെളിയിക്കാന്‍ നിരവധി അവസരങ്ങളും പിന്നീട് ലഭിച്ചു. എബിസിഡി, യെ ജവാനി ഹെ ദീവാനി, ബാജിറാവു മസ്താനി തുടങ്ങി നിരവധി സിനിമകളില്‍ റെമോയോടൊപ്പം പ്രവര്‍ത്തിക്കാന്‍ കൃതിയ്ക്ക് സാധിച്ചു. അത് കൃതിയിലെ നര്‍ത്തകിയേയും നൃത്തസംവിധായികയേയും കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചു. 2018 ല്‍ പദ്മാവതിലൂടെയാണ് കൃതി സ്വതന്ത്രനൃത്തസംവിധായികയായത്. പദ്മാവതിലെ നൃത്തസംവിധാനത്തിന് അഭിനന്ദനവും അംഗീകാരവും നേടിയ കൃതി പിന്നീട് വിവിധ ചിത്രങ്ങള്‍ക്കായി ചുവടുകളൊരുക്കി. ഗംഗുഭായ് കാഠിയവാഡിയ്ക്ക് തൊട്ടുമുമ്പ് റിലീസായ ശ്യാം സിംഘ റോയും കൃതിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ്.
രാം ലീലയ്ക്ക് വേണ്ടി സമീപിച്ച ഭന്‍സാലിയുടെ ഓഫര്‍ നിരസിച്ച കൃതി റെമോ ഡിസൂസയോടൊപ്പം ബാജിറാവു മസ്താനിയുടെ സെറ്റിലെത്തി. ഭന്‍സാലിയുടെ ഫിലിം മെയ്ക്കിങ്ങിലെ സ്‌പെഷ്യാലിറ്റി നേരിട്ട് കണ്ട് അദ്ഭുതം കൂറിയാണ് കൃതി പദ്മാവതിലേക്കുള്ള ക്ഷണം ധൈര്യപൂര്‍വം സ്വീകരിച്ചത്. തന്റെ കഴിവില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ച സംവിധായകനെന്ന നിലയില്‍ തനിക്ക് സഞ്ജയ് ലീല ഭന്‍സാലിയോട് അതിയായ നന്ദിയുണ്ടെന്ന് കൃതി പറയുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക നൃത്തരൂപങ്ങളും നൃത്തസംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്ന കൃതി ഫാസ്റ്റ് നമ്പറുകളൊരുക്കുന്നതിലും മികവുപുലര്‍ത്തുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഏറ്റവും പ്രിയപ്പെട്ട നൃത്തമുപേക്ഷിച്ച് മറ്റൊരു കരിയര്‍ തിരഞ്ഞെടുക്കാനൊരുങ്ങിയെങ്കിലും കൃതി ഇപ്പോള്‍ ഏറെ സംതൃപ്തയും സന്തുഷ്ടയുമാണ്.
Content Highlights: Kruti Mahesh choreographer of Gangubai Kathiawadi, Padmaavat etc.
Published: 20 Mar 2022, 10:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented