ശ്രീകുമാരന്‍ തമ്പിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ നടന്‍ മധുവിന്റെ പിറന്നാള്‍ദിനത്തില്‍ പങ്കുവെച്ച കുറിപ്പ് തിരുത്തി ഗായകന്‍ ജി. വേണുഗോപാല്‍. മധുവിനെക്കുറിച്ച് വേണുഗോപാല്‍ പങ്കുവെച്ച കുറിപ്പ് പുകഴ്ത്തുകയാണെന്ന മട്ടില്‍ അങ്ങേയറ്റം ഇകഴ്ത്തുന്നതാണെന്ന് ശ്രീകുമാരന്‍ തമ്പി വിമര്‍ശിച്ചിരുന്നു. 92 വര്‍ഷം അന്തസ്സോടെ ജീവിച്ചയാളെ തരംതാഴ്ത്തിയത് കണ്ടപ്പോള്‍ ദുഃഖം തോന്നിയെന്ന് മധുവിന്റെ മകള്‍ ഉമാ നായരും ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
'അഭിവന്ദ്യനായ നടന്‍ മധുസാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്നലെ ഞാന്‍ എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുതിയ ചില പരാമര്‍ശങ്ങള്‍ തെറ്റായിരുന്നുവെന്ന് ആദരണീയനും ഗുരുസ്ഥാനീയനുമായ ശ്രീകുമാരന്‍ തമ്പി സാര്‍ ചൂണ്ടിക്കാട്ടിയതിനെ മാനിച്ചുകൊണ്ട് എന്റെ ഫേസ്ബുക് പോസ്റ്റില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. വളരെ ഉദ്ദേശശുദ്ധിയോടെ ഇട്ട പോസ്റ്റായിരുന്നു എങ്കിലും അതില്‍ മധുസാറിനോ കുടുംബത്തിനോ തമ്പിസാറിനോ മറ്റാര്‍ക്കെങ്കിലുമോ വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു', എന്ന് വേണുഗോപാല്‍ ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റിന് കമന്റില്‍ മറുപടി നല്‍കിയിട്ടുണ്ട്.
മധുവിന്റെ ജീവിതത്തെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും ഇന്നത്തെ സാമ്പത്തികസ്ഥിതിയെക്കുറിച്ചും വേണുഗോപാല്‍ എഴുതിയത് ശുദ്ധ അസംബന്ധമാണെന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം. അടുത്ത ബന്ധുക്കളും വേണ്ടപ്പട്ടവരും നടന്‍ മധുവിനെ ശ്രദ്ധിക്കുന്നില്ല എന്ന ഒരു ധ്വനി വേണുഗോപാലിന്റെ പോസ്റ്റില്‍ ഉണ്ട്. വേണുഗോപാലിനെ പോലുള്ളവര്‍ ഇങ്ങനെ നിജസ്ഥിതി അറിയാതെ അപവാദം പറഞ്ഞു പരത്തുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആലോചിക്കുന്നില്ല. വേണുഗോപാല്‍ പറഞ്ഞിരിക്കുന്ന മറ്റൊരു അസത്യം മധു ചേട്ടന്‍ സിനിമയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ എല്ലാം വിറ്റു തുലച്ചു എന്നതാണ്. എന്നാല്‍ മധുച്ചേട്ടന്‍ സിനിമയ്ക്ക് വേണ്ടി ഒരു സെന്റ് ഭൂമി പോലും നഷ്ടപ്പെടുത്തിയിട്ടില്ല. മറിച്ച് സിനിമ അദ്ദേഹത്തിന് നേട്ടങ്ങളേ നല്‍കിയിട്ടുള്ളൂവെന്നും ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ്.
വിമര്‍ശനത്തിന് പിന്നാലെ ശ്രീകുമാരന്‍ തമ്പി ചൂണ്ടിക്കാട്ടിയ ഭാഗങ്ങള്‍ വേണുഗോപാല്‍ പോസ്റ്റില്‍നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി. മധുവിന്റെ കുടുംബസ്വത്ത് സംബന്ധിച്ച പരാമര്‍ശമാണ് അതില്‍ പ്രധാനം. മധു 'ഏകനായി താമസിക്കുന്ന ചെറിയ' വീട് എന്ന പരാമര്‍ശവും ഒഴിവാക്കിയതില്‍ ഉള്‍പ്പെടുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണമായും പിന്‍വലിക്കാതെ തിരുത്തുകയാണ് ചെയ്തിരിക്കുന്നത്.
മധുവിന്റെ പിറന്നാള്‍ ദിനത്തില്‍ ചൊവ്വാഴ്ചയാണ് വേണുഗോപാല്‍ പോസ്റ്റ് പങ്കുവെച്ചത്. ബുധനാഴ്ച നാലുമണിയോടെയാണ് ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനപോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ആദ്യം വൈകീട്ട് ആറുമണിയോടെയും പിന്നീട് ഏഴരയോടെയുമാണ് ജി. വേണുഗോപാല്‍ പോസ്റ്റില്‍ രണ്ട് തിരുത്തലുകള്‍ വരുത്തിയത്.
Content Highlights: Singer G. Venugopal revises Facebook post about actor Madhu after facing criticism from Sreekumaran Thampi for misrepresenting Madhu`s financial status and living situation.
Published: 25 Sept 2025, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented