
സിബി മലയിൽ- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങി റിലീസ് ചെയ്ത് വർഷമിത്ര കഴിഞ്ഞിട്ടും പ്രേക്ഷകർ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ചിത്രമാണ് ദേവദൂതൻ. ഇപ്പോഴിതാ ദേവദൂതനുമായി ബന്ധപ്പെട്ട അധികം ആർക്കും അറിയാത്ത ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാവ് സിയാദ് കോക്കർ. ചിത്രത്തിൽ നായകനായി ആദ്യം നിശ്ചയിച്ചിരുന്നത് തമിഴ് നടൻ മാധവനെയായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്.
മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രഘുനാഥ് പലേരി ദേവദൂതന്റെ കഥ പറഞ്ഞപ്പോൾ മാധവനെയായിരുന്നു ആദ്യം നായകനാക്കി നിശ്ചയിച്ചിരുന്നത്. എന്നാൽ മണിരത്നം സംവിധാനം ചെയ്ത അലൈപായുതേ എന്ന സിനിമ ഹിറ്റായതോടെ മാധവന്റെ ഡേറ്റ് പ്രശ്നമായെന്നും അദ്ദേഹം പറഞ്ഞു.

ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിലും | ഫോട്ടോ: മാതൃഭൂമി ലൈബ്രറി
പാട്ടുകളൊക്കെ നേരത്തേ തന്നെ ചിട്ടപ്പെടുത്തിയിരുന്നു. ഇനി ആരെ നായകനാക്കും എന്ന ചർച്ചകൾ നടക്കുന്നതിനിടെ ഒരു ബന്ദ് ദിവസം മോഹൻലാലിന്റെ ഫോൺ വന്നു. ബന്ദ് കാരണം എറണാകുളത്തെ ഹോട്ടലിൽ കുടുങ്ങിപ്പോയെന്നും കുറച്ച് നേരം സംസാരിച്ചിരിക്കാം വരൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ ഹോട്ടലിൽ ചെന്ന അവസരത്തിൽ ഈ കഥ അദ്ദേഹത്തോട് പറഞ്ഞു. നായകനായി ആരെ വേണമെന്ന ആശയക്കുഴപ്പത്തിൽ നിൽക്കുകയാണെന്ന് പറഞ്ഞപ്പോൾ താൻ ചെയ്യാം എന്ന് ലാൽ പറയുകയായിരുന്നു. പിന്നെ ഒന്നും ചിന്തിച്ചില്ലെന്നും സിയാദ് കോക്കർ പറഞ്ഞു.
2000 ഡിസംബറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നത്. ജയപ്രദയായിരുന്നു നായിക. മുരളി, വിനീത് കുമാർ, വിജയലക്ഷ്മി, ലെന, ജഗദീഷ്, ജഗതി ശ്രീകുമാർ തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. വിദ്യാസാഗർ ഈണമിട്ട ഗാനങ്ങൾ ഇന്നും പ്രേക്ഷകർ മൂളുന്നുണ്ട്.
Content Highlights: film producer siyad kokker, devadoothan movie, madhavan, mohanlal
Published: 05 Apr 2022, 08:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented