
കാലം തെറ്റി ഇറങ്ങിയ സിനിമ, മലയാളത്തിലെ അണ്ടർ റേറ്റഡ് ക്ലാസിക്ക് മൂവി, പുതു തലമുറ ''ദേവദൂതൻ'' എന്ന ചിത്രത്തിന് നൽകുന്ന വിശേഷണങ്ങൾ നിരവധിയാണ്. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സിബിമലയിൽ സംവിധാനം ചെയ്ത ദേവദൂതൻ മലയാള സിനിമയിൽ അതുവരെ കണ്ടതിൽ നിന്നും വേറിട്ടൊരു അവതരണ രീതിയായിരുന്നു അവലംബിച്ചിരുന്നത്. 2000 ലാണ് ചിത്രം പുറത്തിറങ്ങിയത്.
കോക്കേഴ്സ് സിനിമയുടെ ബാനറിൽ സിയാദ് കോക്കർ നിർമിച്ച ദേവദൂതൻ, ഹോളിവുഡ് സിനിമാ ശൈലിയിലുള്ള കഥാപശ്ചാത്തലവും വിദ്യാസാഗറിന്റെ സംഗീതവും സന്തോഷ് തുണ്ടിയിലിന്റെ ഛായാഗ്രഹണവും അടക്കം പല പ്രതിഭകളുടെ കരവിരുതുകൾ ഒത്തുചേർന്നപ്പോൾ ഒരു പുതിയ അനുഭവമായി മാറി. പക്ഷേ, എന്തുകൊണ്ടോ ആ അനുഭവം അന്നത്തെ പ്രേക്ഷകർ നേരാംവണ്ണം ഉൾക്കൊണ്ടില്ല. സിനിമ അത്രക്കങ്ങ് ശ്രദ്ധിക്കപ്പെട്ടില്ല.
സിനിമ പുറത്തിറങ്ങി 20 വർഷം പിന്നിടുമ്പോൾ ഈ ലോക്ക്ഡൗൺ കാലത്ത് സാമൂഹിക മാധ്യമങ്ങളിലെ സിനിമാ ചർച്ചകളിൽ ദേവദൂതനും കടന്നുവരുന്നു. ആ കാലഘട്ടത്തിലെ സിനിമാസ്വാദനത്തെ തൃപ്തിപ്പെടുത്താൻ സാധിക്കാത്തതു കൊണ്ടായിരിക്കും ദേവദൂതൻ അന്ന് വലിയ രീതിയിൽ ആഘോഷിക്കപ്പെടാതെ പോയതെന്നും ഇന്നാണ് ചിത്രം പുറത്തിറങ്ങിയതെങ്കിൽ വാഴ്ത്തപ്പെട്ടേനേ എന്നും പ്രേക്ഷകരിൽ ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഘുനാഥ് പലേരിയോട് ഈ ചോദ്യം ചോദിച്ചപ്പോൾ അദ്ദേഹം ചിരിച്ചു. ഉത്തരം തരുമോ എന്നു നിർബന്ധിച്ചപ്പോൾ ചിരിയോടെ തന്നെ ഉത്തരവും തന്നു.
''കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ. അല്ലെങ്കിൽ കാലം തെറ്റി പിറന്ന സൃഷ്ടി. അതുമല്ലെങ്കിൽ ഭാവിയിലെപ്പഴോ എഴുതപ്പെടേണ്ടിയിരുന്ന കഥ എന്നൊക്കെ ചിലരെല്ലാം പറയുന്നതും എഴുതുന്നതുമെല്ലാം കേൾക്കുമ്പോഴും വായിക്കുമ്പോഴും എന്റെ ഉള്ളിൽ എവിടെയോ ഒരു പുഞ്ചിരി വരും. പിന്നെ ഞാനതവിടെ ഉപേക്ഷിക്കും. അതൊന്നും എന്നെ ആകർഷിക്കാറില്ല. ചിലർ അത്തരം നിഗമനങ്ങളും മറികടന്ന് അടുത്ത ഉത്തരത്തിലേക്ക് പിടിച്ചുകയറും. അത്തരം ഒരു നിഗമനമാണ് ദി മോസ്റ്റ് അണ്ടർറേറ്റഡ് ക്രിയേറ്റർ, അല്ലെങ്കിൽ റൈറ്റർ, ഫിലിംമേക്കർ എന്നതൊക്കെ. സത്യത്തിൽ ഇതൊക്കെ ഓരോരോ മനസ്സുകളുടെ അനുമാനങ്ങളാണ്.

വിജയം അല്ലെങ്കിൽ പരാജയം തീരുമാനിക്കുന്നത് ആരാണ്. അതിനുള്ള മാനദണ്ഡം എന്താണ്. എനിക്കത് ഇതുവരെ മനസ്സിലായിട്ടില്ല. ചിലരെ സംബന്ധിച്ച് വിജയം ഒരു സിനിമയുടെ ബോക്‌സ് ഓഫീസ് കണക്കുകളായിരിക്കാം, മറ്റു ചിലരെ സംബന്ധിച്ച് നിരൂപക പ്രശംസയായിരിക്കാം. നമ്മൾ ഉദ്ദേശിക്കുന്ന നിലയിൽ മറ്റൊരാൾ എത്തിയില്ല എങ്കിൽ അയാൾ പരാജിതനാണെന്ന് നമ്മൾ വിധിയെഴുതുന്നത് ഭോഷ്‌ക്കല്ലേ. സർവകലാരൂപങ്ങളും കാലത്തോട് ചേർന്നു തന്നെയാണ് ജനിക്കുന്നത്. കാണുന്നവൻ ആ കാലത്തിലാണ് ജീവിക്കുന്നതെങ്കിൽ.
എന്നാലും ആളുകൾ ഇന്നും ദേവദൂതനെക്കുറിച്ചും പിൻഗാമിയെക്കുറിച്ചും ഒന്നു മുതൽ പൂജ്യംവരെയക്കുറിച്ചും എല്ലാം സംസാരിക്കുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഇന്നും എത്രയോ നല്ല സിനിമകൾ തിയ്യറ്ററുകളിൽ അധികം കാണികളാൽ സ്വീകരിക്കപ്പെടാതെ പോകുന്നുണ്ട്. നാളെ അവയെ അന്നത്തെ പുതുതലമുറ ക്ലാസിക്കായി വിശേഷിപ്പിക്കും. ഇന്നത്തെ തലമുറക്കെന്തേ വിവരം കുറഞ്ഞുപോയി എന്ന് പരസ്പരം തിരക്കുകയും ചെയ്യും.

ദേവദൂതൻ, വർഷങ്ങൾക്കു മുമ്പ് ഒരു കുഞ്ഞു സിനിമയായി സിബിക്കുവേണ്ടി എഴുതിയൊരു തിരക്കഥയാണ്. ''കാഴ്ച്ച'' എന്നൊരു നോവലെറ്റും ആ കഥാതന്തുവിൽ നിന്നും രൂപം കൊണ്ടിട്ടുണ്ട്. തുടക്കത്തിൽ പുതുമുഖങ്ങളെ വെച്ച് ഒരുക്കാൻ ഉദ്ദേശിച്ച സിനിമ. പിന്നീട് മോഹൻലാലിന്റെ അസാധാരണ സാന്നിധ്യവുമായി വന്നു. ''ആർക്കോ എന്തോ ആരോടോ പറയാനുണ്ട്.'' അതായിരുന്നു ആ കഥയുടെ പ്രാണൻ. അത് പറയാൻ വന്ന ''ദേവദൂതനെ'' സിബി അതിമനോഹരമായ ഒരു സിനിമയാക്കി. അത് സിബിക്കും സിയാദിനുമൊപ്പം ഇരുന്ന് ആദ്യമായി കണ്ടതോടെ എന്നെ സംബന്ധിച്ചിടത്തോളം ദേവദൂതൻ വിജയിച്ചു.. ഞാൻ കണ്ടത് എന്താണോ അതെല്ലാം എത്ര മനോഹരമായാണ് സിബി ആവിഷ്‌കരിച്ചത്.
പിന്നെ ഇത്രയും നേരം സംസാരിച്ചപ്പോൾ മറ്റൊരു കാര്യംകൂടി മനസ്സിൽ തെളിയുന്നു. ദേവദൂതൻ കാലത്തിനു മുമ്പേ വന്ന സിനിമയാണെങ്കിൽ അത് പണിത ഞാനും സിബിമലയിലും എല്ലാം കാലം തെറ്റി വന്നവരല്ലേ. അപ്പോൾ സത്യത്തിൽ ഞങ്ങൾ എപ്പോഴാ വരേണ്ടത്. ഇപ്പഴോ. അപ്പോ ഞങ്ങൾക്ക് വരാൻ ടിക്കറ്റ് തന്ന ഞങ്ങളുടെ അപ്പനമ്മമാരെല്ലാം കഷ്ടപ്പെടും. വേണ്ട. അതാത് സമയത്ത് ഇറങ്ങുന്ന കലാരൂപങ്ങൾ നിങ്ങളും ഞാനും ഭംഗിയായി ആസ്വദിക്കുക. സകലതും വിജയിക്കട്ടെ. അതല്ലേ നല്ലത്.''രഘുനാഥ് പലേരി മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.
Content Highlights: Devadoothan, Mohanlal, Raghunath Paleri, Psychological thriller Movie, Horror Movie, Crime Thriller Movie, Malayalam Cinema, Sibi Malayil Director
Published: 22 Apr 2020, 03:07 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented