സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ദേവദൂതൻ റീ റിലീസിന് ഒരുങ്ങുന്നു. സംവിധായകൻ സിബി മലയിൽ തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ദേവദൂതൻ റീമാസ്റ്റേർഡ് 4 K അറ്റ്മോസ് പതിപ്പ് തയ്യാറാകുന്നതിൻ്റെ പണിപ്പുരയിലാണ് താനെന്ന് സംവിധായകൻ അറിയിക്കുകയായിരുന്നു. 

To advertise here,

ചിത്രത്തിൻ്റെ റീറിലീസ് എന്നായിരിക്കുമെന്ന് സംവിധായകൻ വെളിപ്പെടുത്തിയിട്ടില്ല. സംവിധായകൻ്റെ പോസ്റ്റിന് താഴെ നിരവധിയാളുകളാണ് ആഹ്ലാദം പ്രകടിപ്പിച്ച് എത്തുന്നത്. 'സ്ഫടികം റീ റിലീസ് പോലെ ഈ സിനിമയും തിയേറ്ററുകളിൽ കാണാൻ കാത്തിരിക്കുന്നു' എന്ന് ചിലർ കുറിച്ചു. 

2000-ത്തിൽ പുറത്തിറങ്ങിയ ദേവദൂതൻ്റെ തിരക്കഥ രഘുനാഥ് പലേരിയുടെതാണ്. ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദിഷ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു. വിദ്യാസാഗർ ആയിരുന്നു സം​ഗീതം.