കടുത്തുരുത്തി: അങ്ങു വാന കോണില്... എന്നു തുടങ്ങുന്ന ഗാനം ക്ലാസ് റൂമിൽ ആലപിച്ച് വൈറലായ വിദ്യാർഥിനിയുടെ ആഗ്രഹം സാധിച്ചുകൊടുത്ത് അധ്യാപകർ. കടുത്തുരുത്തി സെയ്ന്റ് മൈക്കിൾസ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനി അതുല്യ പ്രശാന്തിനെ, സിനിമയിൽ ഈ ഗാനം ആലപിച്ച സാക്ഷാൽ വൈക്കം വിജയലക്ഷ്മിയുടെ അടുത്തെത്തിച്ചാണ് അധ്യാപകർ കുട്ടിക്ക് വലിയ സർപ്രൈസ് നൽകിയത്.

To advertise here,

ഏറെ ശ്രദ്ധനേടിയ ഈ ഗാനം അതുല്യ ക്ലാസുമുറിയിൽ ആലപിച്ചത് സ്കൂളിലെ സംഗീതാധ്യാപിക നിമിഷാ മുരളിയാണ് ചിത്രീകരിച്ചത്. ഇൻസ്റ്റഗ്രാമിലടക്കം ഒട്ടേറെപ്പേർ ഈ പാട്ടുകേട്ട്‌ കൊച്ചുമിടുക്കിയെ അഭിനന്ദിച്ചു. അതുല്യയുടെ പാട്ട് വിജയലക്ഷ്മിയും കേട്ടിരുന്നു.

അതുല്യ തന്റെ ഇഷ്ട ഗായികയുടെ അനുഗ്രഹം വാങ്ങി. തുടർന്ന് ഇരുവരും ചേർന്ന് പാട്ടുപാടി. പ്രഥമാധ്യാപിക സുജാ മേരി തോമസ്, അതുല്യയുടെ മാതാവ് മഞ്ജു, സഹോദരി അലേഹ്യ, കുടുംബാംഗങ്ങൾ, അധ്യാപകരായ സി.ജെ.ബിജു, ജിനോ തോമസ്, കെ.ആർ.രാഹുൽ ദാസ്, മാത്യൂസ് ജോർജ് എന്നിവരാണ് വൈക്കം വിജയലക്ഷ്മിയെ കാണാനെത്തിയത്.