ഫഹദ് ഫാസില്‍ ആദ്യമായി ഹിന്ദിയില്‍ അഭിനയിക്കുന്ന ചിത്രത്തിന് പേരിട്ടു. നെറ്റ്ഫ്‌ളിക്‌സ് ഒറിജിനലായി ഇറങ്ങുന്ന ചിത്രം ഇംതിയാസ് അലിയാണ് സംവിധാനം ചെയ്യുന്നത്. തൃപ്തി ദിമ്രി നായികയാവുന്ന ചിത്രത്തിന് 'ഇഡിയറ്റ്‌സ് ഓഫ് ഇസ്താംബുള്‍' എന്നാണ് പേരിട്ടിരിക്കുന്നത്.

To advertise here,

റൊമാന്റിക് കോമഡി ചിത്രമായാണ് ഇഡിയറ്റ്‌സ് ഓഫ് ഇസ്താംബുള്‍ എത്തുക. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിച്ചേക്കും. തുര്‍ക്കിയിലെ നഗരമായ ഇസ്താംബുളിലേക്ക് പ്രധാനകഥാപാത്രങ്ങള്‍ നടത്തുന്ന യാത്രയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഇന്ത്യയിലും യൂറോപ്പിലുമായി മൂന്നുമാസംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കും. പ്രീ- പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. സ്‌ക്രിപ്റ്റിന്റെ അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

ജബ് വി മെറ്റ്, റോക്‌സ്റ്റാര്‍, ഹൈവേ, തമാശ എന്നീ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ഇഷ്ടസംവിധായകനാണ് ഇംതിയാസ് അലി. ഭൂല്‍ ഭുലയ്യ 3-യാണ്‌ തൃപ്തിയുടെ ഏറ്റവും ഒടുവിലായി ഇറങ്ങിയ ചിത്രം. അനിമലിലടക്കം ശ്രദ്ധേയമായ വേഷമായിരുന്നു തൃപ്തിയുടേത്. പുഷ്പ, ആവേശം തുടങ്ങി ഫഹദിന്റെ ചിത്രങ്ങള്‍ വടക്കേ ഇന്ത്യയിലടക്കം വ്യാപകമായി സ്വീകരിക്കപ്പെട്ടിരുന്നു.